'ക്യാപ്റ്റന്‍ മുതല്‍ കോച്ച് വരെ', 2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ വരുത്തിയ അഞ്ച് മാറ്റങ്ങള്‍

പെര്‍ത്ത്: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ആദ്യ രണ്ട് സന്നാഹ മത്സരം ഇതിനോടകം ഇന്ത്യ കളിച്ച് കഴിഞ്ഞു. ആദ്യ സന്നാഹത്തില്‍ ജയിച്ചെങ്കിലും രണ്ടാം സന്നാഹം ഇന്ത്യ തോറ്റു. ഇനി ഓസ്‌ട്രേലിയയോടും ന്യൂസീലന്‍ഡിനോടും ഇന്ത്യ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഇത്തവണ കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പമുണ്ട്. രോഹിത് ശര്‍മയെന്ന നായകനൊപ്പം ബാറ്റിങ് നിരയില്‍ വമ്പന്മാരേറെ.
എന്നാല്‍ ബൗളിങ് നിരയിലാണ് ഇത്തവണ ഇന്ത്യക്ക് കൂടുതല്‍ ദൗര്‍ബല്യമുള്ളത്. പലരും പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ കരുത്ത് അല്‍പ്പം ദുര്‍ബലമാണെന്ന് തന്നെ പറയേണ്ടി വരും. അവസാന ടി20 ലോകകപ്പിലെ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഗംഭീര തിരിച്ചുവരവിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അവസാന ടി20 ലോകകപ്പില്‍ നിന്ന് ഇത്തവണത്തെ ലോകകപ്പിലേക്കെത്തുമ്പോള്‍ ഇന്ത്യ വരുത്തിയ പ്രധാന അഞ്ച് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പുതിയ നായകന്‍
ഇന്ത്യയുടെ നായകന്‍ മാറിയിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. അവസാന ടി20 ലോകകപ്പില്‍ വിരാട് കോലിക്ക് കീഴിലിറങ്ങിയാണ് ഇന്ത്യ തലകുനിച്ചത്. സെമി പോലും കാണാന്‍ ഇന്ത്യക്കായിരുന്നില്ല. ഇത്തവണത്തെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്തവണ രോഹിത്തിന് കീഴില്‍ ഏഷ്യാ കപ്പില്‍ ഇറങ്ങിയ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ കപ്പ് നേടേണ്ടത് രോഹിത്തിന് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മുംബൈ ഇന്ത്യന്‍സിന് അഞ്ച് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത രോഹിത്തിന് ഇന്ത്യയെ ലോക കിരീടം ചൂടിപ്പിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം.

പുതിയ പരിശീലകന്‍
അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ രവി ശാസ്ത്രിയെന്ന പരിശീലകന് കീഴിലാണ് കളത്തിലിറങ്ങിയത്. ഇന്ത്യക്ക് സെമി പോലും കാണാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ രവി ശാസ്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഈ സ്ഥാനത്തേക്കെത്തിയത് രാഹുല്‍ ദ്രാവിഡാണ്. ഇത്തവണ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ഏഷ്യാ കപ്പില്‍ ദ്രാവിഡായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. എന്നാല്‍ അദ്ദേഹത്തിന് ടീമിനെ കപ്പിലേക്കെത്തിക്കാനായില്ല. ദ്രാവിഡിന്റെ പല പരീക്ഷണങ്ങളും വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ലോകകപ്പ് അദ്ദേഹത്തിനും അഭിമാന പ്രശ്‌നമാണ്.

പുതിയ ഫിനിഷര്‍
2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായും ഫിനിഷറായും ഉണ്ടായിരുന്നത് റിഷഭ് പന്തായിരുന്നു. എന്നാല്‍ മോശം ഫോമിലായ താരം നിലവില്‍ പ്ലേയിങ് 11 പുറത്താണ്. ഇത്തവണ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റും ഫിനിഷറും ദിനേഷ് കാര്‍ത്തികാണ്. അവസാന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി കാര്‍ത്തിക് ഇന്ത്യയുടെ പ്ലേയിങ് 11ലെ നിര്‍ണ്ണായക താരമായി വളരുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാണ് കാര്‍ത്തിക്.

സ്പിന്‍ നിരയില്‍ മാറ്റം
ഇന്ത്യയുടെ അവസാന ടി20 ലോകകപ്പിലെ സ്പിന്നര്‍മാര്‍ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാമായിരുന്നു. ഇതില്‍ രാഹുലിന്റെയും വരുണിന്റെയും സ്ഥാനം തെറിച്ചു. ഇത്തവണ ഇന്ത്യയുടെ സ്പിന്‍ നിരയിലേക്കെത്തുന്നത് യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരാണ്. ബാക്കപ്പായി രവി ബിഷ്‌നോയിയുമുണ്ട്. അവസാന ടി20 ലോകകപ്പിലെ സ്പിന്‍ നിരയില്‍ വലിയ പൊളിച്ചെഴുത്താണ് ഇത്തവണ ഇന്ത്യ വരുത്തിയിരിക്കുന്നത്.

പുതിയ തന്ത്രങ്ങള്‍
ഇന്ത്യയുടെ ടീം തന്ത്രം ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ആക്രമണത്തിലൂന്നിയ ശൈലിയാണ് ഇന്ത്യ പിന്തുടരാന്‍ പോവുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യന്‍ ടീമിലെ വമ്പനടിക്കാരായ താരങ്ങള്‍ക്കെല്ലാം ആക്രമണത്തിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഈ തന്ത്രം ഇത്തവണ എത്രത്തോളം ക്ലിക്കാവുമെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications