T20 World Cup 2022: ധോണി നല്‍കിയ ആ ഉപദേശം കരിയര്‍ മാറ്റി!, തന്ത്രം വെളിപ്പെടുത്തി ഹര്‍ദിക്

ബ്രിസ്ബണ്‍: എംഎസ് ധോണിയെന്ന താരം ഇതിഹാസങ്ങളോടൊപ്പം പേര് ചേര്‍ത്ത പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ലോക ക്രിക്കറ്റില്‍ നിറഞ്ഞ് നിന്ന ധോണ് നടന്നുകയറിയ വഴികളും നേടിയെടുത്ത റെക്കോഡുകളും അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറികടക്കാനാവാത്തതാണ്. 2020ല്‍ വിരമിച്ചിട്ടും ഇപ്പോഴും ആരാധക മനസില്‍ ഇതിഹാസമായി ധോണി നിറഞ്ഞ് നില്‍ക്കുന്നു.
ഇന്ത്യന്‍ ടീമിലെ ഇന്നത്തെ പല സൂപ്പര്‍ താരങ്ങളുടെയും വളര്‍ച്ചക്ക് പിന്നില്‍ ധോണിയുടെ ഉപദേശങ്ങളും പിന്തുണയുമുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോക ക്രിക്കറ്റില്‍ ഏറ്റവും സ്വാധീനം സൃഷ്ടിച്ച താരമാണ് ധോണി. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി ഒപ്പമുണ്ടായിരുന്നു. ഇത്തവണ അദ്ദേഹം ഇന്ത്യക്കൊപ്പമില്ല. ഇപ്പോഴിതാ തന്റെ കരിയര്‍ മാറ്റാനായി ധോണി നല്‍കിയ നിര്‍ണ്ണായക ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ.

നിര്‍ണ്ണായക ഉപദേശം ഇങ്ങനെ
വെടിക്കെട്ട് ഓള്‍റൗണ്ടറെന്ന പേരോടെയാണ് ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. നന്നായി പേസെറിയുകയും അടിച്ചുതകര്‍ത്തു കളിക്കുകയും ചെയ്യുന്ന ഹര്‍ദിക്കിനെ മധ്യനിരയില്‍ ഫിനിഷര്‍ റോളിലാണ് ഇന്ത്യ ഉപയോഗിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തായി പക്വതയോടെ കളിക്കുന്ന വിശ്വസ്തനായ താരമെന്ന നിലയിലേക്ക് ഹര്‍ദിക് വളര്‍ന്നിരിക്കുന്നു. ഇത്തരത്തിലുള്ള മാറ്റത്തിന് സഹായകമായ ധോണിയുടെ ഉപദേശമാണ് ഹര്‍ദിക് വെളിപ്പെടുത്തിയത്.
'എംഎസ് ധോണി ഒരിക്കല്‍ എന്നോട് പറഞ്ഞത് നിനക്കുവേണ്ടിയല്ല ടീമിനുവേണ്ടി കളിക്കണമെന്നതാണ്. സ്‌കോര്‍ബോര്‍ഡ് നോക്കി കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. അത് ഞാന്‍ പിന്തുടര്‍ന്നത് കരിയറില്‍ വളരെയധികം സഹായിച്ചു'- ഹര്‍ദിക് പറഞ്ഞു.

ക്രിക്കറ്റല്ലാതെ മറ്റൊരു ലക്ഷ്യമില്ല
ജീവിതത്തില്‍ എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി ക്രിക്കറ്റ് തിരഞ്ഞെടുക്കുകയെന്നതായിരുന്നു. എന്റെ ജീവിതത്തിലെ ഏക ലക്ഷ്യം ഇതായിരുന്നു. ഇപ്പോഴും അത് തന്നെ. ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ക്രിക്കറ്റ് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന വഴി'-ഹര്‍ദിക് പറഞ്ഞു. ഹര്‍ദിക് വളരെ പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്ന് വളര്‍ന്നുവന്ന താരമാണ്. എന്നാല്‍ ഇന്ന് അത്യാഡംഭര ജീവിതമാണ് താരം നയിക്കുന്നു. ഹര്‍ദിക്കിന്റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയും ക്രിക്കറ്റില്‍ സജീവമായിട്ടുള്ളയാളാണ്.

ഇന്ത്യയുടെ ഭാവി നായകന്‍
ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ ഇതിനോടകം പേരെടുത്ത താരമാണ് ഹര്‍ദിക് പാണ്ഡ്യ. അവസാന ഐപിഎല്ലില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി എത്തിയ ഹര്‍ദിക് ടീമിനെ കിരീടത്തിലേക്കെത്തിച്ചു. ഫൈനലിലടക്കം ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ഹര്‍ദിക്കിനായി. ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ നായകസ്ഥാനം ഒഴിയാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ ഭാവി നായകനായി എത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതിലൊരാള്‍ ഹര്‍ദിക്കാണ്. കെ എല്‍ രാഹുലാണ് നിലവിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.

ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷ
ടി20 ലോകകപ്പില്‍ ഇത്തവണ അഭിമാന പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ഫിനിഷറെന്ന നിലയില്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്കിനായിരുന്നു. അവസാന ലോകകപ്പില്‍ പരിക്കിന്റെ വെല്ലുവിളി നേരിട്ട് മോശം പ്രകടനം കാഴ്ചവെച്ച ഹര്‍ദിക് ഇത്തവണ മികച്ച ഫോമിലാണ്. ഇന്ത്യയുടെ ലോകകപ്പിലെ മികച്ച നേട്ടത്തിന് ഹര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications