T20 World Cup 2022: സ്റ്റോക്‌സ് ഹീറോ, 92 ആവര്‍ത്തിച്ചില്ല, കണക്കുതീര്‍ത്ത് ഇംഗ്ലണ്ട്!
മെല്‍ബണ്‍: ഏകദിനത്തിനു പിറകെ ടി20യിലും തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച് കൊണ്ട് ടി20 ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരായിക്കുകയാണ് ഇംഗ്ലണ്ട്. 1992ല്‍ മെല്‍ബണില്‍ തന്നെ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ആദ്യ കിരീടത്തില്‍ മുത്തമിട്ട പാക് പടയ്ക്കു ഇത്തവണ ഇതാവര്‍ത്തിക്കാനായില്ല. ഇംഗ്ലണ്ടാവട്ടെ അന്നത്തെ പരാജയത്തിനു അതേ മൈതാനത്തു കണക്കുതീര്‍ക്കുകയും ചെയ്തു. ഇതോടെ ഒരേ സമയം ഏകദിന, ടി20 ലോകകപ്പ് നിലനിര്‍ത്തിയ ടീമായി അവര്‍ മാറി.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ (52*) മാച്ച് വിന്നിങ് ഇ്ന്നിങ്‌സും ബൗളര്‍മാരുടെ പ്രകടനവുമാണ് ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയത്. ടോസ് നിര്‍ണായകമായി മാറിയപ്പോള്‍ ബാറ്റിങിന് അയക്കപ്പെട്ട പാകിസ്താനെ ഇംഗ്ലണ്ട് വരിഞ്ഞുകെട്ടുകയായിരുന്നു. പാക് ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയപ്രതീക്ഷയിലായിരുന്നു. ഇതു രണ്ടാം തവണയാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പില്‍ ജേതാക്കളായത്. ഇതോടെ രണ്ടു ലോകകപ്പുകളെന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ഇംഗ്ലണ്ട് എത്തുകയും ചെയ്തു.

138 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പാകിസ്താന്‍ 138 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നില്‍ വച്ചത്. ഒരു ഘട്ടത്തില്‍ 150-160 റണ്‍സെങ്കിലും പാക് ടീം കുറിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതിനായില്ല.
റണ്‍ചേസില്‍ അലെക്‌സ് ഹേല്‍സിനെ (1) ആദ്യ ഓവറില്‍ നഷ്ടമായെങ്കിലും ഇംഗ്ലണ്ട് പതറിയില്ല. 49 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്താവാതെ 52 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിലേറി ഇംഗ്ലണ്ട് വിജയതീരത്ത് എത്തി. ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയറണ്‍സ് കുറിച്ചത്. വലിയ മാച്ചുകളില്‍ താന്‍ ഇംഗ്ലണ്ടിനു എത്ര മാത്രം പ്രധാനപ്പെട്ട താരമാണെന്നു സ്‌റ്റോക്‌സ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു. 2019ലെ കഴിഞ്ഞ ലോകകപ്പ് വിജയത്തിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
നായകന്‍ ജോസ് ബട്‌ലര്‍ (26), ഫിലിപ്പ് സാള്‍ട്ട് (10), ഹാരി ബ്രൂക്ക് (20), മോയിന്‍ അലി (19) എന്നിവരെയാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. സ്റ്റോക്‌സും ലിയാം ലിവിങ്‌സ്റ്റണും (1*) ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് രണ്ടു വിക്കറ്റുകളെടുത്തു.

നിരാശപ്പെടുത്തി പാക് ബാറ്റിങ്
സെമി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബൗളിങിനെ പിച്ചിച്ചീന്തി റണ്‍സ് വാരിക്കൂട്ടിയ പാകിസ്താന് ഫൈനലില്‍ ഈ മികവ് ആവര്‍ത്തിക്കാനായില്ല. തുടക്കം മുതല്‍ അവസാന ഓവര്‍ വരെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പാക് ബാറ്റര്‍മാരെ വരച്ച വരയില്‍ നിര്‍ത്തി.
പവര്‍പ്ലേയില്‍ 39 റണ്‍സ് മാത്രമേ പാകിസ്താന് നേടാനായുള്ളൂ. ഇതിനിടെ മുഹമ്മദ് റിസ്വാനെ (15) നഷ്ടമാവുകയും ചെയ്തു. പവര്‍പ്ലേയ്ക്കു ശേഷവും പാക് താരങ്ങള്‍ സ്‌കോറിങിനു വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇതു വിജയിച്ചില്ല. 10 ഓവറില്‍ രണ്ടു വിക്കറ്റിന് 68 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്താന്.

ആര്‍ക്കും 40 പ്ലസ് ഇല്ല
പാകിസ്താന്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കാനായില്ല. നാലാം നമ്പറില്‍ ഷാന്‍ മസൂദാണ് (38) ടോപ്‌സ്‌കോറര്‍. 28 ബോളുകള്‍ നേരിട്ട താരം രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. നായകന്‍ ബാബര്‍ ആസം (32), ഷദാബ് ഖാന്‍ (20) എന്നിവരാണ് റിസ്വാനെക്കൂടാതെ പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.
അവസാന 10 ഓവറില്‍ എട്ടു വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും പാകിസ്താന് മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. വെറും 69 റണ്‍സാണ് അവസാന 10 ഓവറില്‍ പാകിസ്താന് ലഭിച്ചത്. ആറു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. അവസാന അഞ്ചോവറില്‍ 31 റണ്‍സ് മാത്രമ അവര്‍ക്കു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാനായുള്ളൂ. പക്ഷെ ഇതിനിടെ നാലു വിക്കറ്റുകള്‍ കൈവിട്ടു.
Also Read: ഒറ്റ രാത്രികൊണ്ട് ഒന്നാം സ്ഥാനക്കാരയവരല്ല ഇന്ത്യ, ഒരു തോല്‍വികൊണ്ട് അളക്കരുത്-സച്ചിന്‍

മിന്നിച്ച് കറെനും റഷീദും
ഇംഗ്ലീഷ് ബൗളര്‍മാരില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത് പേസര്‍ സാം കറെനും സ്പിന്നര്‍ ആദില്‍ റഷീദുമായിരുന്നു. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് കറെന്‍ പിഴുതത്. റഷീദാവട്ടെ നാലോവറില്‍ ഒരു മെയ്ഡനടക്കം 22 റണ്‍സിനു രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. കറെന്റെയും റഷീദിന്റെയും മാജിക്കല്‍ സ്‌പെല്ലുകളാണ് പാകിസ്താനു മേല്‍ ഇംഗ്ലണ്ടിനു മേധാവിത്വം നേടിക്കൊടുത്തത്. ക്രിസ് ജോര്‍ഡന്‍ നാലോവറില്‍ 27 റണ്‍സിന് രണ്ടു പേരെയും പുറത്താക്കി. ബെന്‍ സ്‌റ്റോക്‌സിനു ഒരു വിക്കറ്റ് ലഭിച്ചു.

പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലെക്‌സ് ഹേല്‍സ്, ഫിലിപ്പ് സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്.
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications