T20 World Cup 2022: ഇന്ത്യ കപ്പടിക്കുമോ?, ഇപ്പോഴും രണ്ട് ദൗര്‍ബല്യം വേട്ടയാടുന്നു!, അറിയാം

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ കിരീട പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീമിന്റെ കുതിപ്പ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമിക്ക് തൊട്ടരികിലാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ നാല് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെ ഇന്ത്യ 56 റണ്‍സിനാണ് കീഴടക്കിയത്. ഇന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്കെത്താനുള്ള അവസരം ഇന്ത്യക്ക് മുന്നിലുണ്ട്. കരുത്തുറ്റ താരനിരയുള്ള ഇന്ത്യ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ബാറ്റിങ് നിരയില്‍ വിരാട് കോലിയുടെ ഗംഭീര ഫോമാണ് കരുത്ത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് കരുത്തായിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ട് പ്രകടനം നടത്തുമ്പോള്‍ ദിനേഷ് കാര്‍ത്തിക് ഫിനിഷറെന്ന നിലയിലും ഇന്ത്യക്ക് കരുത്ത് പകരുന്നു. ആര്‍ അശ്വിന്റെയും അക്ഷര്‍ പട്ടേലിന്റെയും ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്തേകുന്നു. ഇന്ത്യ കപ്പിലേക്കെത്തുമെന്ന പ്രതീക്ഷ സജീവമാണെങ്കിലും ഇപ്പോഴും രണ്ട് ദൗര്‍ബല്യം ഇന്ത്യയെ വേട്ടയാടുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഓപ്പണര്‍മാരുടെ കൂട്ടുകെട്ട്
ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഇതിനോടകം വലിയ തലവേദനയായിട്ടുണ്ട്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ചേര്‍ന്നാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. രണ്ട് പേരും മികച്ച റെക്കോഡുള്ളവരാണെങ്കിലും നിലവിലെ ഇരുവരുടെയും കൂട്ടുകെട്ട് പ്രതീക്ഷക്കൊത്ത് ഉയരുന്നതല്ല. രോഹിത് നെതര്‍ലന്‍ഡ്‌സിനെതിരേ ഫിഫ്റ്റി നേടിയെങ്കിലും ഇതിനെ മികച്ച പ്രകടനമെന്ന് വിശേഷിപ്പിക്കാനാവില്ല. കെ എല്‍ രാഹുല്‍ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രാഹുലിനെ ഫോമിലേക്കെത്തേണ്ടതായുണ്ട്. രാഹുലിന്റെ പ്രതിഭയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനോട് രാഹുല്‍ നീതി പുലര്‍ത്തേണ്ടതായുണ്ട്. പവര്‍പ്ലേയില്‍ ഇരു താരങ്ങള്‍ക്കും അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. വെടിക്കെട്ട് തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായി മാറിയിരിക്കുന്നു.

ഡെത്ത് ഓവര്‍ ബൗളിങ്
പാകിസ്താനെതിരേയും നെതര്‍ലന്‍ഡ്‌സിനെതിരേയും ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം ഗംഭീരമായിരുന്നു. പാകിസ്താനെതിരേ ന്യൂബോളില്‍ മികവ് കാട്ടാന്‍ ഇന്ത്യക്കായെങ്കിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും തല്ലുവാങ്ങി. നെതര്‍ലന്‍ഡ്‌സ് വലിയ ബാറ്റിങ് കരുത്തുള്ള ടീമല്ല. അതുകൊണ്ട് തന്നെ വലിയ തല്ലുവാങ്ങാതെ ഇന്ത്യക്ക് വിജയത്തിലേക്ക് എത്താനായി. എന്നാല്‍ കരുത്തുറ്റ ബാറ്റിങ് നിരക്കെതിരേ റണ്‍സ് പ്രതിരോധിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം എങ്ങനെയാവും?. ഇത് ആശങ്കയായി തുടരുന്നു.
അര്‍ഷദീപ് സിങ് ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് തടയാന്‍ മിടുക്കനാണ്. എന്നാല്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ഡെത്ത് ഓവറുകളില്‍ എത്രത്തോളം മിടുക്കുകാട്ടുമെന്നത് സംശയമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇന്ത്യയുടെ ഡെത്ത് ഓവറിലെ കരുത്ത് പരിശോധിക്കപ്പെടുന്ന മത്സരമായി അത് മാറും.

പവര്‍പ്ലേയില്‍ റണ്‍സ് വരണം
ഇന്ത്യക്ക് ആദ്യത്തെ 6 ഓവറില്‍ 50ലധികം റണ്‍സ് നേടേണ്ടതായുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിന്നാലെയെത്തുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കത് മുതലാക്കാന്‍ സാധിക്കും. എന്നാല്‍ പവര്‍പ്ലേയിലെ മെല്ലെപ്പോക്ക് ബാറ്റിങ് ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തുന്നു. പവര്‍പ്ലേയില്‍ റണ്‍സ് നേടാന്‍ ഇന്ത്യക്ക് സാധിക്കാത്ത പക്ഷം മുന്നോട്ടുള്ള മത്സരങ്ങള്‍ ജയിക്കാന്‍ ഇന്ത്യ പാടുപെടും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ പവര്‍പ്ലേയിലെ പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ടെന്ന് തന്നെ വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications