T20 World Cup 2022: മോശം ഫോം, ഇവര്‍ പ്ലേയിങ് 11 നിന്ന് പുറത്തായേക്കും!, അഞ്ച് സൂപ്പര്‍ താരങ്ങള്‍

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം റൗണ്ടിലേക്ക് പോരാട്ടങ്ങള്‍ കടന്നിരിക്കുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു ടീമിന്റെയും സെമി സാധ്യത കൃത്യമായി പറയാനാവാത്ത അവസ്ഥയാണ്. മഴ മൂലം പ്രധാനപ്പെട്ട ചില മത്സരങ്ങള്‍ മുടങ്ങുകയും ചെയ്തതോടെ പല വമ്പന്മാരുടെ സെമി സാധ്യതകള്‍ പോലും ഇപ്പോള്‍ പരുങ്ങലിലായിരിക്കുകയാണ്.
ആദ്യ ആഴ്ചയില്‍ വലിയ പ്രതീക്ഷയോടെ കണ്ട പല ബാറ്റ്‌സ്മാന്‍മാരും ഫ്‌ളോപ്പായി എന്നതാണ് വസ്തുത. വലിയ പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ് ഇവരില്‍ പലരുമെങ്കിലും ആര്‍ക്കും തന്നെ ഫോം കണ്ടെത്താനായിട്ടില്ലെന്നതാണ് വസ്തുത. ആദ്യ ആഴ്ചയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് രണ്ടാം ആഴ്ചയില്‍ പ്ലേയിങ് 11 നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

അസ്‌റത്തുല്ല ഒമര്‍സായ്
അഫ്ഗാനിസ്ഥാന്‍ ഇത്തവണ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവുമെന്ന് കരുതിയിരുന്നവര്‍ ഏറെയാണ്. എന്നാല്‍ കാര്യമായൊരു പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്കായിട്ടില്ല. അതുകൊണ്ട് തന്നെ പ്ലേയിങ് 11 മാറ്റങ്ങള്‍ വരുത്താന്‍ അഫ്ഗാന്‍ നിര്‍ബന്ധിതരാവും. അഫ്ഗാന്‍ പേസ് നിരയില്‍ ഇടം പിടിച്ച താരമാണ് അസ്മത്തുല്ല ഒമര്‍സായ്. 15 മത്സരത്തില്‍ നിന്ന് 6 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 8.67. ഓള്‍റൗണ്ടറെന്ന വിശേഷണമുണ്ടെങ്കിലും അതിനോട് നീതി കാട്ടാന്‍ ഒമര്‍സായ്ക്ക് സാധിക്കുന്നില്ല. ടി20 ലോകകപ്പിലും മോശം ഫോമില്‍ തുടരുന്ന ഒമര്‍സായിയെ അഫ്ഗാന്‍ പ്ലേയിങ് 11 പുറത്താക്കിയേക്കും.
Also Read : T20 World Cup 2022: മണ്ടന്‍ ക്യാപ്റ്റന്‍!, ബാബറിനെ പുറത്താക്കൂ, പാക് ആരാധകര്‍ കലിപ്പില്‍

ഹൈദര്‍ അലി
ഇത്തവണത്തെ ഫേവറേറ്റുകളിലൊന്നായ ടീമാണ് പാകിസ്താന്‍. ബാബര്‍ അസം നയിക്കുന്ന പാക് നിരക്ക് പക്ഷെ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ആദ്യത്തെ രണ്ട് മത്സരത്തിലും പാകിസ്താന്‍ തോറ്റതോടെ ടീമിന്റെ സെമി സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ഇന്ത്യയോട് നാല് വിക്കറ്റിന് തോറ്റ പാകിസ്താന്‍ സിംബാബ് വെയോട് 1 റണ്‍സിനുമാണ് തലകുനിച്ചത്. ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ മോശം ഫോമിലുള്ള താരത്തെ പുറത്തിരുത്താന്‍ പാകിസ്താന്‍ നിര്‍ബന്ധിതരാവും. ഹൈദര്‍ അലിയുടെ സീറ്റ് നഷ്ടപ്പെടാനാണ് സാധ്യത. രണ്ട് മത്സരത്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് ഹൈദര്‍ അലിയുടെ പേരിലുള്ളത്. 22കാരനായ താരത്തെ പാകിസ്താന്‍ തഴയുമെന്നുറപ്പ്.

ക്രിസ് വോക്‌സ്
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസ് ഓള്‍റൗണ്ടറാണ് ക്രിസ് വോക്‌സ്. 22 ടി20കളില്‍ നിന്ന് 7.79 ഇക്കോണമിയില്‍ 23 വിക്കറ്റുള്ള താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുള്ളവനാണ്. എന്നാല്‍ സീനിയര്‍ താരത്തിന് മികവിനൊത്ത് ടി20 ലോകകപ്പില്‍ ഉയരാനായിട്ടില്ല. പ്രതീക്ഷിച്ച ഇംപാക്ട് പന്തുകൊണ്ട് സൃഷ്ടിക്കാന്‍ വോക്‌സിന് സാധിക്കുന്നില്ല. ഓസീസിനെതിരായ മത്സരം മഴ കൊണ്ടുപോയതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകളും മങ്ങിയിരിക്കുകയാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ വോക്‌സിന് പ്ലേയിങ് 11 സ്ഥാനം നഷ്ടമായേക്കും.

ടെംബ ബാവുമ
ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ടീമിന് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് പറയാം. 32കാരനായ താരം സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പാണ്. ടി20 ലോകകപ്പില്‍ ക്യാപ്റ്റന്‍സിയില്‍ ബാവുമ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ബാറ്റിങ്ങില്‍ വലിയ പരാജയമാവുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഞായറാഴ്ച ഇന്ത്യക്കെതിരായ മത്സരം വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ മോശം ഫോമിലുള്ള ബാവുമയെ പുറത്താക്കി ദക്ഷിണാഫ്രിക്ക ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പാറ്റ് കമ്മിന്‍സ്
ആതിഥേയരായ ഓസ്‌ട്രേലിയയുടെ സെമി സാധ്യതകളും കൈയാലപ്പുറത്താണ്. ന്യൂസീലന്‍ഡിനോട് തോറ്റതാണ് കംഗാരുക്കള്‍ക്ക് തിരിച്ചടിയായത്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങള്‍ ഓസീസിന് നിര്‍ണ്ണായകമാണ്. ഓസീസ് ബൗളിങ് നിരയില്‍ അഴിച്ചുപണി അത്യാവശ്യമായിരിക്കുകയാണ്. പാറ്റ് കമ്മിന്‍സ് തല്ലുകൊള്ളി ബൗളറായി മാറുന്നു. ന്യൂസീലന്‍ഡിനെതിരേ നാല് ഓവറില്‍ 46 റണ്‍സാണ് കമ്മിന്‍സ് വഴങ്ങിയത്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടാത്ത കമ്മിന്‍സിനെ പ്ലേയിങ് 11 പുറത്തിരുത്തി കെയ്ന്‍ റിച്ചാര്‍ഡ്‌സനെ ഓസീസ് പ്ലേയിങ് 11 എത്തിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications