T20 World Cup 2022: ഹര്‍ഷല്‍ തലവേദന മാറി, പകരം അക്ഷര്‍! ഡച്ചിനെതിരേ ആരെ കളിപ്പിക്കും?
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തിനു മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന ടീം സെലക്ഷനായിരുന്നു. ബാറ്റിങ് ലൈനപ്പിന്റെ കാര്യത്തില്‍ സംശയമില്ലായിരുന്നുവെങ്കിലും ബൗളിങിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. മോശം ഫോമിലുള്ള ഹര്‍ഷല്‍ പട്ടേലായിരുന്നു ബൗളിങിലെ ഏറ്റവും ദുര്‍ബല കണ്ണി. ഹര്‍ഷലിനെ മാറ്റി പകരം മുഹമ്മദ് ഷമിയെ കൊണ്ടുവന്ന് ഇന്ത്യ ഇതു പരിഹരിച്ചു.
എന്നാല്‍ ഇപ്പോഴിതാ പുതിയൊരു തലവേദനയാണ് ടീം സെലക്ഷനില്‍ ഇന്ത്യക്ക് ഉണ്ടായിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ ടീമിലേക്കു കൊണ്ടുവന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ പാകിസ്താനെതിരേ ദയനീയ പരാജയമായിരുന്നു. ഇതാണ് ടീം സെലക്ഷനില്‍ ഇന്ത്യക്കു അടുത്ത പ്രശ്‌നമായിരിക്കുന്നത്.

പാകിസ്താനെതിരേ നിരാശപ്പെടുത്തി
ചിരവൈരികളായ പാകിസ്താനെതിരേയുള്ള ത്രില്ലറില്‍ അക്ഷര്‍ പട്ടേല്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ബൗളിങിലോ, ബാറ്റിങിലോ യാതൊരുഇംപാക്ടും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. ബൗളിങില്‍ ഒരോവര്‍ മാത്രമേ അക്ഷറിനു രോഹിത് ശര്‍മ നല്‍കിയുള്ളൂ.
പാക് ബാറ്റര്‍മാര്‍ അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. മൂന്നു സിക്‌സറുകളടക്കം 21 റണ്‍സ് അക്ഷര്‍ വിട്ടുകൊടുത്തു. കളിയില്‍ പിന്നീട് താരത്തെക്കൊണ്ട് ബൗള്‍ ചെയ്യിച്ചതുമില്ല. ബാറ്റിങില്‍ ഇടംകൈയന്‍മാര്‍ ഇന്ത്യന്‍ നിരയില്‍ വേറെയില്ലാത്തതിനാല്‍ അക്ഷറിനെ അഞ്ചാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തിരുന്നു. പക്ഷെ രണ്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം റണ്ണൗട്ടായി.

അക്ഷറിനെ പുറത്തിരുത്തണോ?
നെതര്‍ലാന്‍ഡ്‌സുമായിട്ടാണ് ഇന്ത്യയുടെ മല്‍സരം. വ്യാഴാഴ്ച സിഡ്‌നിയില്‍ വച്ചാണ് യോഗ്യതാ മല്‍സരം കളിച്ചെത്തിയ ഡച്ച് ടീമുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ കളിയില്‍ അക്ഷര്‍ പട്ടേലിനെ പുറത്തിരുത്തണമോയെന്നതാണ് രോഹിത് ശര്‍മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും മുന്നിലുളള പ്രധാന ചോദ്യം.
പരിക്കേറ്റ് പിന്‍മാറിയ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ പകരക്കാരനായിട്ടാണ് അക്ഷറിനു ലോകകപ്പ് ടീമിലേക്കു നറുക്കുവീണത്. ജഡ്ഡുവിനെപ്പോലെ ഇടംകൈയന്‍ സ്പിന്നറും ബാറ്ററുമായതിനാല്‍ അഭാവം നികത്താന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ഇന്ത്യ കണക്കുകൂട്ടി. ലോകകപ്പില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു പാകിസ്താനെതിരേയുള്ളത്.
Also Read: T20 World Cup 2022: സെമി കാണാന്‍ ഇന്ത്യ എത്ര കളി ജയിക്കണം? എല്ലാമറിയാം

പകരം ആരെ കളിപ്പിക്കണം
നെതര്‍ലാന്‍ഡ്‌സുമായുള്ള അടുത്ത മാച്ചില്‍ അക്ഷര്‍ പട്ടേലിനെ പുറത്തിരുത്തിയാല്‍ പകരം ആരെയാണ് ഇന്ത്യ കളിപ്പിക്കുക? യുസ്വേന്ദ്ര ചഹലാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാനപ്പെട്ട ഓപ്ഷന്‍. പക്ഷെ പ്രശ്‌നങ്ങളുണ്ട്. ചഹലിന്റെ ബൗളിങിനു ഇപ്പോള്‍ പഴയ മൂര്‍ച്ചയില്ല. റണ്ണൊഴുക്ക് തടയാനും താരം പാടുപെടുകയാണ്. ബാറ്റിങില്‍ അക്ഷറിനെപ്പോലെ സംഭാവന നല്‍കാനും ചഹലിനു കഴിയില്ല. അതുകൊണ്ടു തന്നെ അക്ഷറിനു ഏറ്റവും അനുയോജ്യനായ പകരക്കാരനെന്നു ചഹലിനെക്കുറിച്ച് പറയാന്‍ സാധിക്കില്ല.
Also Read: T20 World Cup 2022: ഈ ടീമുകളെ സെമിയില്‍ പ്രതീക്ഷിക്കേണ്ട! ഏഷ്യയില്‍ നിന്ന് 3 പേര്‍

ഇരുവരുടെയും പ്രകടനം
യുസ്വേന്ദ്ര ചഹലും അക്ഷര്‍ പട്ടേലും ഈ വര്‍ഷം ഇന്ത്യക്കായി കളിച്ച മല്‍സരങ്ങളിലെ പ്രകടനമെടുത്താല്‍ ഇരുവരും തമ്മില്‍ വലിയ അന്തരമൊന്നും ഇല്ലെന്നു കാണാം. 18 മല്‍സരങ്ങള്‍ കളിച്ച അക്ഷര്‍ 48.5 ഓവറാണ് ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 8.31 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തി. 15 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.
ചഹലാവട്ടെ 19 ടി20കളിലാണ് ഈ വര്‍ഷം ഇറങ്ങിയത്. 62.3 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 7.6 ഇക്കോണമി റേറ്റില്‍ നേടിയത് 21 വിക്കറ്റുകളാണ്. അക്ഷറിനേക്കാള്‍ വളരെയധികം ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഇത്ര വിക്കറ്റുകള്‍ മാത്രമേ ചഹലിനുള്ളൂവെന്നത് എടുത്തു പറയണം. 20 റണ്‍സിനു മൂന്നു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications