T20 World Cup 2022: 8 വര്‍ഷം, ഏഴ് നോക്കൗട്ട് തോല്‍വി! ഇന്ത്യക്ക് മാറ്റം വേണം, കപില്‍ പറയുന്നു

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി ആരാധകരെയും ടീമിനെയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ്. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായെത്തിയ ഇന്ത്യയെ സെമിയില്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. മികച്ചൊരു പോരാട്ടം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇംഗ്ലണ്ടിന്റെ ഏകാധിപത്യ ജയമാണ് അഡ്‌ലെയ്ഡില്‍ കണ്ടത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തി.
2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി കപ്പടിച്ചത്. അതിന് ശേഷം ഇതുവരെ ഇന്ത്യക്കൊരു ഐസിസി കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഇത്തവണ ശക്തമായ ടീമുള്ളതിനാല്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും ഇന്ത്യക്ക് കിരീടം നേടാനായില്ല. ഇപ്പോഴിതാ നോക്കൗട്ട് മത്സരങ്ങളിലെ ഇന്ത്യയുടെ തോല്‍വിയിലും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

കപില്‍ ദേവ് പറയുന്നതിങ്ങനെ
ഇന്ത്യയെ വേണമെങ്കില്‍ ചോക്കേഴ്‌സെന്ന് വിളിക്കാം. അതില്‍ കുഴപ്പമില്ല. എന്നാല്‍ അധികം ക്രൂരമായിപ്പോകരുത്. ഇന്ത്യ കളിച്ചത് മോശം ക്രിക്കറ്റാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഒറ്റ മത്സരംകൊണ്ട് ഇന്ത്യയെ കഠിനമായി വിമര്‍ശിക്കുന്നത് ശരിയല്ല- കപില്‍ ദേവ് പറഞ്ഞു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. പാകിസ്താനോട് അവസാന പന്തില്‍ ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റപ്പോള്‍ ബംഗ്ലാദേശിനോട് മഴയുടെ ഭാഗ്യത്തിലാണ് വിജയിച്ചത്.

ഇന്ത്യയുടെ നോക്കൗട്ട് തോല്‍വികള്‍ ഇങ്ങനെ
ഇന്ത്യയുടെ അവസാന ഐസിസി കിരീടം 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് ഇന്ത്യ ജയിച്ചത്. അതിന് ശേഷം ധോണിയും വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം നയിച്ചിട്ടും ഇന്ത്യക്ക് കപ്പില്ല. 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യ 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ പരാജയപ്പെട്ടു. 2016ലെ ടി20 ലോകകപ്പിലും സെമിയിലാണ് ഇന്ത്യ വീണത്. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് തോറ്റു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റു. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാന്‍ ഇന്ത്യക്കായില്ല. ഇത്തവണ വീണ്ടും സെമിയില്‍ തോറ്റിരിക്കുകയാണ്.

രോഹിത് പഴിച്ചത് ബൗളര്‍മാരെ
ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ രോഹിത് ശര്‍മ വിമര്‍ശിച്ചത് ബൗളര്‍മാരുടെ പ്രകടനത്തെയാണ്. ഇംഗ്ലണ്ട് 10 വിക്കറ്റിനാണ് ജയിച്ചത്. ഒരു വിക്കറ്റ് പോലും നേടാന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ബൗളര്‍മാര്‍ സെമിയില്‍ തീര്‍ത്തും നിറം മങ്ങി. ഇന്ത്യയുടെ നാണംകെട്ട തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് ബൗളര്‍മാരുടെ ഈ പ്രകടനം തന്നെയാണ്. ബാറ്റിങ് നിരയുടെ മെല്ലപ്പോക്ക് ശൈലിയും ഇത്തവണ ഇന്ത്യക്ക് തിരിച്ചടിയായി.

കപ്പടിക്കാന്‍ ഈ കളി പോരാ
ടി20 ലോകകപ്പില്‍ കപ്പടിക്കാന്‍ ഇന്ത്യക്ക് ഈ കളി പോരെന്ന് തന്നെ പറയാം. നോക്കൗട്ട് മത്സരങ്ങളിലെ സമ്മര്‍ദ്ദം ഇന്ത്യയെ വേട്ടയാടുന്നുണ്ട്. ഇതിന് പരിഹാരം കാണുകയാണ് വേണ്ടത്. ഇത് എളുപ്പമല്ലെന്ന് തന്നെ പറയാം. ഐപിഎല്ലില്‍ അഞ്ച് കിരീടം മുംബൈ ഇന്ത്യന്‍സിന് നേടിക്കൊടുത്ത രോഹിത് ശര്‍മയടക്കം നtuക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുന്നതാണ് കണ്ടത്. ഇന്ത്യക്ക് ഭയമില്ലാതെ കളിക്കുന്ന ടീമിനെയാണ് വേണ്ടത്.
Also Read : IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

ഹര്‍ദിക് നായകനായേക്കും
ഹര്‍ദിക് പാണ്ഡ്യയെ ടി20 നായകനാക്കി ഇന്ത്യ മുന്നോട്ട് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ടി20 ടീമില്‍ യുവാക്കള്‍ വേണമെന്നും നിലവിലെ സീനിയേഴ്‌സിനെ ഒഴിവാക്കണമെന്ന ആവിശ്യവും ശക്തമാണ്. അതുകൊണ്ട് തന്നെ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കി ഇന്ത്യ അടുത്ത ടി20 ലോകകപ്പിനൊരുങ്ങിയേക്കും. വിരാട് കോലിയോടും രോഹിത് ശര്‍മയോടും ടി20യില്‍ തുടരുന്ന കാര്യം സ്വയം തീരുമാനിക്കാമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരിക്കുന്നത്. എന്തായാലും വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications