IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള പടയൊരുക്കം ടീമുകളെല്ലാം ആരംഭിച്ച് കഴിഞ്ഞു. ഇതിനോടകം പല ടീമുകളും വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അവസാന സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കപ്പടിച്ചത് വമ്പന്‍ ടീമുകള്‍ക്കെല്ലാം വലിയ നാണക്കേടായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, ചെന്നെ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ വമ്പന്മാരെല്ലാം അവസാന സീസണില്‍ നാണംകെട്ടു.
അതുകൊണ്ട് തന്നെ ഇത്തവണ ഗംഭീര തിരിച്ചുവരവാണ് ഈ ടീമുകളെല്ലാം പ്രതീക്ഷിക്കുന്നത്. അതിനായി ടീമില്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് ഇവരെല്ലാം. മെഗാ ലേലത്തില്‍ കോടികള്‍ വാരിയ പലരേയും ഇത്തവണത്തെ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ടീമുകള്‍ ഒഴിവാക്കുമെന്നാണ് സൂചന. ഇത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷാരൂഖ് ഖാന്‍
തമിഴ്‌നാടുകാരനായ ഷാരൂഖ് ഖാന് സൂപ്പര്‍ ഫിനിഷര്‍ പരിവേഷമാണുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ ഗംഭീര പ്രകടനത്തിന് ശേഷം മെഗാ ലേലത്തിലേക്കെത്തിയ ഷാരൂഖ് ഖാനെ 9 കോടിക്ക് പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. എന്നാല്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി. 8 മത്സരത്തില്‍ നിന്ന് 117 റണ്‍സാണ് ഷാരൂഖിന് നേടാനായത്. സ്‌ട്രൈക്കറേറ്റ് 108.33. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 6 മത്സരത്തില്‍ നിന്ന് 45 റണ്‍സ് മാത്രമാണ് താരം നേടിയത്. ശിഖര്‍ ധവാനെ നായകനാക്കി മാറ്റത്തിന് തയ്യാറെടുക്കുന്ന പഞ്ചാബ് ഷാരൂഖിനെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശര്‍ദുല്‍ ഠാക്കൂര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നതാണ്. 10.75 കോടിക്കാണ് മെഗാ ലേലത്തില്‍ ഡല്‍ഹി താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ശര്‍ദുലിന് ഇടമില്ല. ബാറ്റിങ്ങിലും വലിയ പ്രകടനമൊന്നും സമീപകാലത്തൊന്നും കാഴ്ചവെക്കാന്‍ ശര്‍ദുലിന് സാധിക്കാത്ത സാഹചര്യത്തില്‍ താരത്തെ ഡല്‍ഹി കൈവിടുമെന്ന കാര്യം ഉറപ്പാണ്. അവസാന സീസണിലും കപ്പിലേക്കെത്താനാവാത്ത ഡല്‍ഹി ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

നിക്കോളാസ് പൂരന്‍
വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരനെ മെഗാ ലേലത്തില്‍ 10.75 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 14 മത്സരത്തില്‍ നിന്ന് 306 റണ്‍സ് നേടിയ താരത്തിന് 144.34 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫ്‌ളോപ്പായ പൂരന് ടി20 ലോകകപ്പില്‍ വിന്‍ഡീസിന് സൂപ്പര്‍ 12ല്‍ ഇടം നേടിക്കൊടുക്കാന്‍ പോലുമായില്ല. വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന് പൂരനെ വിശേഷിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹൈദരാബാദ് പൂരനെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍.

മായങ്ക് അഗര്‍വാള്‍
പഞ്ചാബ് കിങ്‌സ് അവസാന മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ ഏക താരം മായങ്ക് അഗര്‍വാളാണ്. 12 കോടി പ്രതിഫലമാണ് അദ്ദേഹത്തിന് നല്‍കിയത്. എന്നാല്‍ 13 മത്സരത്തില്‍ നിന്ന് 196 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 122.50. മായങ്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ശിഖര്‍ ധവാനെ പുതിയ നായകനായി പഞ്ചാബ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഓപ്പണറെന്ന നിലയില്‍ മികവ് കാട്ടാന്‍ സമീപകാലത്തൊന്നും മായങ്കിന് ഇടമില്ല. ഇന്ത്യന്‍ ടീമിലും മായങ്കിന് ഇടമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ പഞ്ചാബ് ഒഴിവാക്കുമെന്നാണ് സൂചന.

ഇഷാന്‍ കിഷന്‍
മുംബൈ ഇന്ത്യന്‍സ് വലിയ പ്രതീക്ഷയോടെ മെഗാ ലേലത്തില്‍ ടീമിലെത്തിച്ച താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഓപ്പണറുമായ ഇഷാനെ 15.25 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്. എന്നാല്‍ അവസാന സീസണില്‍ ഇഷാന്‍ നിരാശപ്പെടുത്തി. 14 മത്സരത്തില്‍ നിന്ന് 418 റണ്‍സ് നേടിയെങ്കിലും സ്‌ട്രൈക്കറേറ്റ് 120.11 മാത്രം. പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ ഇഷാന് സാധിച്ചില്ല. ഇഷാനെ ഒഴിവാക്കി പൃഥ്വി ഷായെ ടീമിലെത്തിക്കാന്‍ മുംബൈ നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. ഇഷാന് നിലവില്‍ ഇന്ത്യയുടെ ടി20 ടീമിലും ഇടമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications