
അബുദാബി: നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ വീണ്ടും ടി20 ടീമിന്റെ ഭാഗമായിരിക്കുകയാണ്. ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ ജീവന്‍മരണ പോരാട്ടത്തിലാണ് അശ്വിന്റെ തിരിച്ചുവരവ്. വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ ടീം മാനേജ്‌മെന്റ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പുറത്തിരുത്തിയാണ് അശ്വിന്റെ അനുഭവസമ്പത്തിന് മുന്‍തൂക്കം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതുകൊണ്ടു മാച്ച് വിന്നിങ് പ്രകടനം തന്നെ അദ്ദേഹത്തിനു പുറത്തെടുക്കേണ്ടതുണ്ട്.
2017 ജൂലൈ ഒമ്പതിന് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അശ്വിന്‍ അവസാനമായി ടി20 കളിച്ചത്. സബീന പാര്‍ക്കിലായിരുന്നു മല്‍സരം. ഈ കളിയില്‍ നാലോവറില്‍ 39 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ബാറ്റിങിലും അശ്വിനു കാര്യമായ സംഭാവന ചെയ്യാനായില്ല. ഏഴു ബോളില്‍ ഒരു ബൗണ്ടറിയോടെ 11 റണ്‍സാണ് താരം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും കളിയില്‍ പരാജയപ്പെട്ടു. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോടേറ്റ വന്‍ തോല്‍വിക്കു ശേഷം ഇന്ത്യ കളിച്ച ടി20 കൂടിയായിരുന്നു വിന്‍ഡീസിനെതിരേയുള്ളത്. ചാംപ്യന്‍സ് ട്രോഫിയില്‍ അശ്വിനും രവീന്ദ്ര ജഡേജയുമായിരുന്നു ഇന്ത്യയുടെ സ്പിന്‍ ജോടികള്‍. പക്ഷെ ടൂര്‍ണമെന്റില്‍ രണ്ടു പേരുടെയും സമീപനത്തിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബൗളിങില്‍ ഡിഫന്‍സീവ് ശൈലിയാണ് ഇരുവരും സ്വീകരിച്ചതെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.

വിന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ ഒരു ടി20 മാത്രമായിരുന്നു ഇന്ത്യക്കു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഈ കളിയില്‍ അശ്വിനെ നിലനിര്‍ത്തിയപ്പോള്‍ ജഡേജ പുറത്തായി. പകരം കുല്‍ദീപ് യാദവ് ടീമിലെത്തുകയായിരുന്നു. ഇന്ത്യ ഒമ്പതു വിക്കറ്റിനു തോറ്റ ഈ കളിയില്‍ ഏക വിക്കറ്റ് ലഭിച്ചത് കുല്‍ദീപിനായിരുന്നു. ഈ മല്‍സരത്തിനു ശേഷം അശ്വിന്‍ ടി20 ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. പകരം യുസ്വേന്ദ്ര ചാഹല്‍ ടീമിലേക്കു പകരം വൈകാതെ കുല്‍ദീപ്- ചാഹല്‍ ജോടി ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ അമരക്കാരുമായി മാറി. മൂന്നു വര്‍ഷത്തോളം ഈ ജോടിയായിരുന്നു ടീമിന്റെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. ഇതോടെ അശ്വിനു ടീമിലേക്കുള്ള വഴിയടഞ്ഞു. ബാറ്റിങ് മെച്ചപ്പെടുത്തിയ ജഡേജ ഓള്‍റൗണ്ടറായി ടീമില്‍ തിരിച്ചെത്തിയെങ്കിലും അശ്വിന്‍ പുറത്തു തന്നെയിരുന്നു. എങ്കിലും ടെസ്റ്റില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം തുടര്‍ന്നു.
ഇത്തവണ ലോകകപ്പില്‍ കുല്‍ദീപും ചാഹലുമൊന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാതിരുന്നപ്പോള്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് കൈവിട്ട സ്ഥാനം അശ്വിനെ വീണ്ടും തേടിയെത്തുകയായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനവും അദ്ദേഹത്തിന്റെ മടങ്ങിവരവിനു വഴിയൊരുക്കി. ഇന്ത്യക്കു വേണ്ടി 46 ടി20കളില്‍ നിന്നും 52 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. രണ്ടു തവണ നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. എംഎസ് ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോഴായിരുന്നു അശ്വിന്റെ സുവര്‍ണ കാലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അദ്ദേഹത്തെക്കൊണ്ട് ടി20യില്‍ ഓപ്പണിങ് ഓവര്‍ പോലും ധോണി പല തവണ ബൗള്‍ ചെയ്യിച്ചിട്ടുണ്ട്.