T20 World Cup 2021: 'വാര്‍ണര്‍ ടൂര്‍ണമെന്റിലെ താരം', ഇത് ഞാന്‍ നേരത്തെ പ്രവചിച്ചിരുന്നു- ആരോണ്‍ ഫിഞ്ച്
ദുബായ്: ദുബായിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പുതിയ ടി20 ചാമ്പ്യന്മാര്‍. എട്ട് വിക്കറ്റിനാണ് കംഗാരുക്കള്‍ തങ്ങളുടെ കന്നി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് പന്തും എട്ട് വിക്കറ്റും ബാക്കിനിര്‍ത്തി വിജയം നേടുകയായിരുന്നു. മിച്ചല്‍ മാര്‍ഷ് (77*),ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലായിരുന്നു കംഗാരുക്കള്‍ വിജയം നേടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും (28*) പുറത്താവാതെ നിന്നു.

ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ മോശം ഫോമിലായിരുന്ന ഡേവിഡ് വാര്‍ണര്‍ ഗംഭീര തിരിച്ചുവരവാണ് ഓസീസ് ജഴ്‌സിയില്‍ നടത്തിയത്. ആറ് മത്സരത്തില്‍ നിന്ന് 236 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിയ വാര്‍ണറുടെ പ്രകടനം ഓസീസിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായെന്ന് പറയാം. ഇപ്പോഴിതാ ഡേവിഡ് വാര്‍ണര്‍ ടൂര്‍ണമെന്റിലെ താരമാകുമെന്ന് താന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്.
Also Read: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദാദ-ദ്രാവിഡ്-ലക്ഷ്മണ്‍ 'ഭരണം', ദ്രാവിഡിന്റെ കസേര ലക്ഷ്മണിന് തന്നെ

'നിങ്ങള്‍ ഇത് പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ വാര്‍ണറുടെ ഈ പ്രകടനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇത് കള്ളം പറയുന്നതല്ല. സത്യസന്ധമായി പറയുന്നതാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ജസ്റ്റിന്‍ ലാംഗറെ വിളിച്ചിരുന്നു. ഡേവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞു.അവന്‍ ടൂര്‍ണമെന്റിലെ താരമാകുമെന്നും പറഞ്ഞു. ആദം സാംബ ടൂര്‍ണമെന്റിലെ താരമാകുമെന്നാണ് കരുതിയത്. വാര്‍ണര്‍ പ്രതിഭാശാലിയായ താരമാണ്. പോരാടുന്നവനാണ് വാര്‍ണര്‍. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി വാര്‍ണറുമുണ്ടാവും. അവസാന മത്സരങ്ങളിലെല്ലാം സവിശേഷമായ പ്രകടനമാണ് അവന്‍ നടത്തിയത്'-ആരോണ്‍ ഫിഞ്ച് പറഞ്ഞു.

നിര്‍ണ്ണായകമായ സെമി ഫൈനലിലും വാര്‍ണറിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. 49 റണ്‍സാണ് വാര്‍ണര്‍ മികച്ച ബൗളിങ് കരുത്തുള്ള പാകിസ്താനെതിരേ നേടിയത്.ന്യൂസീലന്‍ഡിനെതിരായ കലാശപ്പോരാട്ടത്തിലും വാര്‍ണറുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. 38 പന്തുകള്‍ നേരിട്ട് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് അദ്ദേഹം നേടിയത്. ഓപ്പണിങ്ങില്‍ ആരോണ്‍ ഫിഞ്ച് മോശം ഫോമില്‍ തുടര്‍ന്നപ്പോഴും ടീമിനെ ഇത് ബാധിക്കാതിരുന്നത് വാര്‍ണറുടെ മിന്നും ബാറ്റിങ് പ്രകടനത്തിലൂടെയാണെന്ന് പറയാം.

സ്പിന്നില്‍ ടീമിന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞാണ് കളിച്ചതെന്ന് ഫിഞ്ച് പറഞ്ഞു. സ്പിന്‍ ബൗളര്‍മാര്‍ എത്തുന്ന മധ്യ ഓവറുകളില്‍ ആക്രമിച്ച് കളിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 'മധ്യ ഓവറുകളില്‍ സ്പിന്നിനെതിരേ ഞങ്ങള്‍ അല്‍പ്പം പ്രയാസപ്പെടുന്നുണ്ടെന്ന് അറിയാമായിരുന്നു. പ്രധാനമായും ലെഗ് സ്പിന്‍. ഇത് ഞങ്ങളുടെ കരുത്തല്ലെന്ന് മനസിലാക്കി. അതിനാല്‍ പോസിറ്റീവായി സ്പിന്നിനെ ആക്രമിച്ച് കളിക്കാനാണ് തീരുമാനിച്ചത്. അതാണ് വാര്‍ണര്‍ മിച്ചലും ന്യൂസീലന്‍ഡിനെതിരേ നടത്തിയതും. സെമിയില്‍ ഷദാബ് നാല് വിക്കറ്റുകള്‍ നേടി. എന്നാല്‍ അവനെ ആക്രമിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിരുന്നത്. ആക്രമിച്ച് കളിക്കുമ്പോള്‍ ഏറ്റവും മികച്ചത് കാഴ്ചവെക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും'-ഫിഞ്ച് പറഞ്ഞു.
Also Read: T20 World Cup 2021: ഇത്തവണ ഇന്ത്യന്‍ ടീമില്‍ ഇടമില്ല, അടുത്ത തവണ തിരിച്ചെത്തിയേക്കും, അഞ്ച് പേരിതാ

ഫൈനലില്‍ ടോസ് ഓസ്‌ട്രേലിയക്ക് അനുകൂലമായതാണ് നിര്‍ണ്ണായകമായത്.ന്യൂസീലന്‍ഡിനെ ആദ്യം ബാറ്റിങ്ങിനയച്ച ഫിഞ്ചിന് തെറ്റിയില്ല. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (85) ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. മാര്‍ട്ടിന്‍ ഗുപ്റ്റിലും (28) ഭേദപ്പെട്ട പ്രകടനം നടത്തി. ഓസ്‌ട്രേലിയക്കുവേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റും ആദം സാംബ ഒരു വിക്കറ്റും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications