പരമാവധി 2023ലെ ലോകകപ്പ് വരെ! അതിന് ശേഷം ഇവര്‍ക്ക് സീറ്റില്ല! ഇന്ത്യയുടെ അഞ്ച് പേര്‍

മുംബൈ: കരുത്തരുടെ നിരയാണ് എല്ലാ കാലത്തും ഇന്ത്യ. ഓരോ കാലഘട്ടത്തിലും ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ടായിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് വന്നാലും സൂപ്പര്‍ താരങ്ങളുടെ വലിയ നിര കാണാനാവും.
രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ ഇങ്ങനെ ഈ പട്ടിക നീളും. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളൊന്നും പ്രതീക്ഷക്കൊത്ത് ഉയരുന്നതല്ല. 2022ലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പും ഇന്ത്യ കൈവിട്ടു.
2023ല്‍ വലിയ പൊളിച്ചെഴുത്താണ് ഇന്ത്യ പദ്ധതിയിടുന്നത്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് എന്ത് വിലകൊടുത്തും ഇന്ത്യക്ക് നേടേണ്ടതായുണ്ട്.
2023ലെ ഏകദിന ലോകകപ്പോടെ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളുടെയും ചീട്ടുകീറിയേക്കും. വരുന്ന ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍ വിശേഷണമുള്ള താരമാണ് ശിഖര്‍ ധവാന്‍. ഓപ്പണറെന്ന നിലയില്‍ ഗംഭീര റെക്കോഡ് ധവാന് അവകാശപ്പെടാം. നിലവില്‍ ഇന്ത്യ ഏകദിനത്തിലേക്ക് മാത്രമാണ് ധവാനെ പരിഗണിക്കുന്നത്.
എന്നാല്‍ സമീപകാലത്തെ മോശം പ്രകടനത്തോടെ ധവാന്റെ ഏകദിനത്തിലെ സ്ഥാനവും നഷ്ടമായിരിക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പില്‍ ധവാന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് പറയാം.
എന്തായാലും 2023ലെ ഏകദിന ലോകകപ്പിന് ശേഷം ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാന്‍ സാധ്യത കുറവാണ്. ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം.
Also Read: ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

ദിനേഷ് കാര്‍ത്തിക്
കരിയര്‍ അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഫിനിഷര്‍ റോളില്‍ ഇന്ത്യക്കായി 2022ലെ ടി20 ലോകകപ്പ് കളിച്ച താരമാണ് കാര്‍ത്തിക്. എന്നാല്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല.
നിലവില്‍ ഇന്ത്യന്‍ ടീം ഒരു ഫോര്‍മാറ്റിലേക്കും കാര്‍ത്തികിനെ പരിഗണിക്കുന്നില്ല. ഇനി കാര്‍ത്തികിന് തിരിച്ചുവരവ് നടത്തുകയും പ്രയാസം. ഐപിഎല്ലില്‍ ആര്‍സിബിക്കായി ഇത്തവണയും കാര്‍ത്തിക് കളിക്കുന്നുണ്ട്. എന്നാല്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കില്ല.
2023ലെ ഏകദിന ലോകകപ്പിലും കാര്‍ത്തികിന് അവസരമുണ്ടാവില്ല. അതുകൊണ്ട് തന്നെ ലോകകപ്പിന് മുമ്പ് തന്നെ കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതകളേറെയാണ്.

ആര്‍ അശ്വിന്‍
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലാണ് അശ്വിന് നിര്‍ണ്ണായക സ്ഥാനം. പരിമിത ഓവറിലേക്കും പരിഗണിക്കപ്പെടുന്ന അശ്വിന്‍ 2023ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതോടെ അദ്ദേഹം പരിമിത ഓവറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
അശ്വിന്‍ ടെസ്റ്റില്‍ ഇനിയും തുടരാന്‍ സാധ്യതകളേറെയാണെങ്കിലും പരിമിത ഓവറില്‍ നിന്ന് വൈകാതെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അശ്വിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. സ്വരം നന്നായിരിക്കുമ്പോള്‍ത്തന്നെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

ഉമേഷ് യാദവ്
ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഉമേഷ് യാദവ്. മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടുന്ന താരമാണെങ്കിലും ടെസ്റ്റിലാണ് ഉമേഷിന് കൂടുതല്‍ സാധ്യത. എന്നാല്‍ പ്രായം തളര്‍ത്തുന്ന ഉമേഷിന് അധികം വൈകാതെ വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഉമേഷ് കളിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ ഏകദിന ലോകകപ്പ് ടീമില്‍ ഉമേഷ് ഇടം പ്രതീക്ഷിക്കേണ്ട. അതുകൊണ്ട് തന്നെ 2023ലെ ഏകദിന ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉമേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
Also Read: 2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസറായ ഇഷാന്ത് ശര്‍മ നിലവില്‍ ഒരു ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടുന്നില്ല. പരിമിത ഓവറില്‍ നിന്ന് ഇന്ത്യ ഇഷാന്തിനെ തഴഞ്ഞിട്ട് നാളുകളേറെയായി. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന താരത്തിന് ഇപ്പോള്‍ ടെസ്റ്റ് ടീമിലും ഇടമില്ല.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് ഇഷാന്ത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് കടുപ്പം. അതുകൊണ്ട് തന്നെ 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇഷാന്ത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications