
ദുബായ്: ഐപിഎല്‍ മാതൃകയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണ് താരം പിന്‍മാറുന്നതായി അറിയിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പിന്‍മാറ്റത്തെക്കുറിച്ച് അഫ്രീഡി അറിയിച്ചത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസിന്റെ താരമായിരുന്നു അദ്ദേഹം.
കാല്‍മുട്ടിലെ പരിക്കില്‍ നിന്നും ഇനിയും പൂര്‍ണമായും മോചിതനായിട്ടില്ല. അതുകൊണ്ടാണ് സിപിഎല്ലില്‍ നിന്നും പിന്‍മാറുന്നതെ് അഫ്രീഡി ട്വിറ്ററില്‍ കുറിച്ചു. കളിക്കുന്നില്ലെങ്കിലും ടീമിന് പൂര്‍ണ പിന്തുണയും ഉണ്ടാവും. തന്റെ അഭാവം നികത്താന്‍ നാട്ടുകാരന്‍ കൂടിയായ ഇമാദ് വസീമിനു കഴിയുമെന്നും അഫ്രീഡി പ്രത്യാശ പ്രകടിപ്പിച്ചു. എത്രയും വേഗം പരിക്കില്‍ നിന്നും മോചിതനായി തിരിച്ചുവരട്ടെയെന്നെന്ന് അഫ്രീഡിക്ക് ജമൈക്ക തല്ലാവാസ് ആശംസകള്‍ നേര്‍ന്നു.
മാര്‍ച്ചില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിനു വേണ്ടി കളിക്കുന്നതിനിടെയാണ് അഫ്രീഡിയുടെ കാല്‍മുട്ടിനു പരിക്കേല്‍ക്കുന്നത്. പരിക്ക് മാറി തിരിച്ചുവന്ന അദ്ദേഹം ജൂലൈയില്‍ പ്രഥമ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിച്ചിരുന്നു. കൂടാതെ മേയ് മാസം വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രദര്‍ശന സന്നാഹ മല്‍സരത്തില്‍ ഐസിസി ലോക ഇലവനു വേണ്ടിയും അഫ്രീഡി കളിച്ചു.