IND vs AUS: ജഡേജ മാത്രമല്ല, പന്ത് ചുരണ്ടല്‍ ആരോപണം നേരിട്ടത് മൂന്ന് ഇന്ത്യക്കാര്‍- അറിയാം

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തകര്‍ത്തടുക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം.
രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും സ്പിന്നുകൊണ്ട് വീണ്ടും അത്ഭുതം തീര്‍ത്തപ്പോള്‍ ഓസ്ട്രേലിയക്ക് പിടിച്ച് നില്‍ക്കാനായില്ല. ആദ്യ ഇന്നിങ്സില്‍ ജഡേജ അഞ്ച് വിക്കറ്റ് പ്രകടനവും രണ്ടാം ഇന്നിങ്സില്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് കാഴ്ചവെച്ചത്.
രോഹിത് ശര്‍മ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജഡേജയും അക്ഷറും അര്‍ധ സെഞ്ച്വറികളോടെ മികച്ച പിന്തുണയുമേകി. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നിനെ നേരിടാന്‍ മികച്ച മുന്നൊരുക്കം നടത്തിയാണ് ഓസീസ് എത്തിയതെങ്കിലും കളത്തിലേക്കിറങ്ങിയപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.
എന്നാല്‍ മത്സരത്തിന്റെ ആദ്യ ദിനം രവീന്ദ്ര ജഡേജ പന്തില്‍ കൃത്രിമം കാട്ടിയെന്ന തരത്തില്‍ വ്യാപക പ്രചരണം ഉണ്ടായിരുന്നു. പക്ഷെ അന്വേഷണത്തില്‍ അദ്ദേഹം പന്തില്‍ കൃത്രിമം കാട്ടിയില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ജഡേജക്ക് മുമ്പും ചില ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ പന്ത് ചുരണ്ടല്‍ ആരോപണം ഉയര്‍ന്നിരുന്നു. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജഡേജക്ക് നേരെ ആരോപണം
ഏക പക്ഷീയ ജയമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയെടുത്തതെന്ന് പറയാം. എന്നാല്‍ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം തന്നെ വിവാദപരമായ ഒരു സംഭവം നടന്നിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് സ്പിന്നര്‍ രവീന്ദ്ര ജഡേജക്ക് എന്തോ കൈമാറുന്നതും ജഡേജ അത് കൈവിരലിനിടയില്‍ തേക്കുന്നതുമായുള്ള വീഡിയോയാണ് പ്രചരിച്ചത്.
ഇത് ജഡേജ പന്തില്‍ കൃത്രിമം നടത്തിയെന്ന തരത്തിലാണ് വ്യാപകമായി പ്രചരിച്ചത്. ഓസീസ് മാധ്യമങ്ങളാണ് ഇത് വ്യാപകമായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ജഡേജ വേദനക്കുള്ള ബാമാണ് വിരലില്‍ തേച്ചതെന്ന് പിന്നീട് വ്യക്തമായി.
എന്നാല്‍ അനുവാദമില്ലാതെ മത്സരത്തിനിടെ സംശയാസ്പദമായ ബാം ഉപയോഗിച്ചതിന് ജഡേജക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയും വിധിച്ചു. എന്നാല്‍ പന്ത് ചുരണ്ടലോ മറ്റ് കൃത്രിമമോ ജഡേജ നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി.
Also Read: സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു സമയത്ത് ബാറ്റിങ് കൂടാതെ പന്തുകൊണ്ടും ഇന്ത്യക്ക് നേട്ടമുണ്ടാക്കിക്കൊടുത്തിരുന്നു. കരിയറില്‍ ഒരു തവണ സച്ചിനെതിരേയും പന്ത് ചുരണ്ടല്‍ വിവാദം ഉയര്‍ന്നു. 2001ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലാണ് സച്ചിനെതിരേ ഇത്തരമൊരു ആരോപണം ഉയര്‍ന്നത്.
പോര്‍ട്ട് എലിസബത്ത് വേദിയായ മത്സരത്തില്‍ സച്ചിന്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് മാച്ച് റഫറി ഡെന്നിസ് അദ്ദേഹത്തെ ഒരു ടെസ്റ്റില്‍ നിന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ പന്തില്‍ പറ്റിപ്പിടിച്ച പുല്ല് നീക്കം ചെയ്യുകയായിരുന്നു സച്ചിന്‍ ചെയ്തതെന്ന് പിന്നീട് തെളിഞ്ഞു.

രാഹുല്‍ ദ്രാവിഡ്
ഇന്ത്യയുടെ ബാറ്റിങ് വന്മതിലെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ദ്രാവിഡ് ക്രിക്കറ്റിലെ ഏറ്റവും മാന്യനായ താരങ്ങളിലൊരാള്‍ക്കൂടിയാണ്. എന്നാല്‍ ദ്രാവിഡും ഒരു തവണ പന്ത് ചുരണ്ടല്‍ ആരോപണം നേരിട്ടു. 2004 ജനുവരിയിലെ സിംബാബ് വെക്കെതിരായ ഏകദിന മത്സരത്തിനിടെയാണ് സംഭവം.
ബ്രിസ്ബണില്‍ നടന്ന മത്സരത്തില്‍ വായില്‍ നിന്ന് മധുരരസം ഉപയോഗിച്ച് പന്തില്‍ തേച്ചു. പരിശീലകന്‍ ജോണ്‍ റൈറ്റും നായകന്‍ സൗരവ് ഗാംഗുലിയും ദ്രാവിഡിനെ ന്യായീകരിച്ചെങ്കിലും മാച്ച് റഫറി ക്ലൈവ് ലോയ്ഡ് മാച്ച് ഫീയുടെ 50 ശതമാനം പിഴ ശിക്ഷയായി വിധിച്ചു.

വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയും പന്ത് ചുരണ്ടല്‍ ആരോപണം നേരിട്ടു. 2016ല്‍ രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലാണ് സംഭവം. വായിലെ ചൂയിങ്കത്തിന്റെ മധുരം ഉപയോഗിച്ച് പന്തില്‍ തേച്ച് മിനുക്കാന്‍ ശ്രമിച്ചതാണ് വിവാദമായത്.
കോലിയുടെ പ്രവര്‍ത്തി ടെലിവിഷന്‍ ക്യാമറയില്‍ കൃത്യമായി കുടുങ്ങുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ട് ടീം ഇതിനെ വലിയ വിവാദമാക്കിയില്ല. മാധ്യമങ്ങള്‍ ആരോപണം ഉയര്‍ത്തിയെങ്കിലും ഇംഗ്ലണ്ട് പരാതി നല്‍കാതെ ഇരുന്നതോടെ കോലിക്കെതിരേ നടപടിയുണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications