നാലാം നമ്പറില്‍ കളിക്കാം! സച്ചിന്റെ തീരുമാനം സെവാഗിന്റെ കരിയര്‍ മാറ്റി- സംഭവമിതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. സച്ചിന്റെ കടുത്ത ആരാധകനായി ഇന്ത്യന്‍ ടീമിലേക്കെത്തിയ സെവാഗ് പിന്നീട് സച്ചിന്റെ ഓപ്പണിങ്ങിലെ വിശ്വസ്തനായ പങ്കാളിയായി മാറി.
സച്ചിനും സെവാഗും തമ്മില്‍ ഇന്ത്യക്കായി ഓപ്പണിങ്ങിലിറങ്ങി നേടിയെടുത്ത റെക്കോഡുകളെല്ലാം വളരെ മികച്ചതായിരുന്നുവെന്ന് പറയാം. ഒരുകാലത്ത് എതിരാളികള്‍ ഏറ്റവും ഭയപ്പെട്ട കൂട്ടുകെട്ടായിരുന്നു ഇത്. സച്ചിന്‍ തന്റെ ക്ലാസിക് ശൈലിയില്‍ മുന്നോട്ട് പോകുമ്പോള്‍ സെവാഗ് മറുവശത്ത് തല്ലിത്തകര്‍ക്കുകയായിരുന്നു.
സെവാഗ് ഇന്ത്യന്‍ ടീമിലേക്കെത്തിയത് മധ്യനിര ബാറ്റ്‌സ്മാനായാണ്. പിന്നീടാണ് ഓപ്പണിങ്ങിലേക്കെത്തുന്നതും ഇന്ത്യയുടെ നട്ടെല്ലായി മാറുന്നതും. സച്ചിന്‍-സെവാഗ് സൗഹൃദം എല്ലാവര്‍ക്കും അറിയാമെങ്കിലും സെവാഗിനായി ഓപ്പണിങ്ങില്‍ നിന്ന് മാറാന്‍ സച്ചിന്‍ തയ്യാറായ സംഭവം അധികമാര്‍ക്കും അറിയില്ല.
സച്ചിനെ നാലാം നമ്പറിലേക്കിറക്കി സെവാഗിനെയും സൗരവ് ഗാംഗുലിയേയും ഓപ്പണിങ്ങിലിറക്കാനാണ് ഇന്ത്യ പദ്ധതിയിട്ടത്. നാലാം നമ്പറില്‍ കളിക്കില്ലെന്ന നിലപാടിലേക്ക് സച്ചിനെത്തിയാല്‍ എതിരുപറയുക പ്രയാസമാണ്. എന്നാല്‍ സെവാഗിനായി സച്ചിന്‍ അന്ന് ത്യാഗം ചെയ്തു. ഈ സംഭവത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ കീപ്പര്‍ അജയ് രാത്ര വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.

സച്ചിന്‍ ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്തു
2001ല്‍ സച്ചിന്‍ ഓപ്പണറെന്ന നിലയില്‍ മികച്ച നിലയിലാണ് കളിച്ചിരുന്നത്. എന്നാല്‍ സെവാഗിനെ ഇന്ത്യക്ക് ഓപ്പണറാക്കണമായിരുന്നു. സൗരവ് ഗാംഗുലിക്കൊപ്പം വീരേന്ദര്‍ സെവാഗിനെ ഓപ്പണറാക്കാനായിരുന്നു പദ്ധതി. ഇടത്-വലത് കൂട്ടുകെട്ടിനായാണ് ഇത്തരമൊരു നീക്കം.
സച്ചിന്‍ അന്ന് വിസമ്മതിച്ചിരുന്നെങ്കില്‍ സെവാഗ് മധ്യനിരയില്‍ത്തന്നെ തുടരേണ്ടി വരുമായിരുന്നു. അന്ന് ഓപ്പണറാവാന്‍ അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ സെവാഗിന്റെ കഥ മറ്റൊരു തരത്തിലാവുമായിരുന്നു-അജയ് പറഞ്ഞു.
എന്നാല്‍ സെവാഗിന്റെ പ്രതിഭയില്‍ വിശ്വാസമുള്ള സച്ചിന്‍ ടീമിന്റെ തീരുമാനത്തിനൊപ്പമാണ് നിന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സെവാഗിനെപ്പോലൊരു വെടിക്കെട്ട് ഓപ്പണറെ ലഭിച്ചു. അന്ന് സച്ചിന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ സെവാഗിന് ഇത്തരമൊരു കരിയര്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം.
Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

മാസ്റ്റര്‍പ്ലാന്‍ ഗാംഗുലിയുടേത്
2001ല്‍ സെവാഗിനെ ഓപ്പണിങ്ങിലേക്കെത്തിക്കാമെന്നത് സൗരവ് ഗാംഗുലിയുടെ പദ്ധതിയായിരുന്നു. ശ്രീലങ്കയോടും ന്യൂസീലന്‍ഡിനോടും പരമ്പര തോറ്റതിന് പിന്നാലെ സച്ചിന് പരിക്കേറ്റ് പുറത്തു പോവേണ്ടി വന്നു. 2001 ജൂലൈ 26ന് നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെവാഗിനെ ഓപ്പണിങ്ങിലിറക്കി.
ഈ മത്സരത്തില്‍ സെവാഗ് ഫ്‌ളോപ്പായി. ഇന്ത്യ തോല്‍ക്കുകയും ചെയ്തു. പിന്നീടുള്ള രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. എന്നാല്‍ നാലാം മത്സരത്തില്‍ 70 പന്തില്‍ സെഞ്ച്വറിയുമായി സെവാഗ് കരുത്തുകാട്ടി. ഇത് സെവാഗിന്റെ കരിയറില്‍ വഴിത്തിരിവായി. ഓപ്പണറായി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

സച്ചിന്‍ മടങ്ങി വന്നപ്പോള്‍ എന്ത് ചെയ്തു?
പരിക്കേറ്റ് പുറത്തായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പ്രതിസന്ധിയായി. ആരൊക്കെ ഓപ്പണിങ്ങിലിറങ്ങുമെന്നത് വീണ്ടും ചോദ്യമായി. സച്ചിനും സെവാഗും ഓപ്പണിങ്ങിലിറങ്ങിയപ്പോള്‍ ഗാംഗുലി മൂന്നാം നമ്പറിലേക്ക് മാറി. ഏറെ നാള്‍ ഈ കൂട്ടുകെട്ടാണ് തുടര്‍ന്നത്.
പിന്നീട് സെവാഗ് - സച്ചിന്‍ കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലായി മാറി. നാലാം നമ്പറില്‍ മുഹമ്മദ് കൈഫ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരെല്ലാം മാറി മാറി വന്നു. പിന്നീട് ഗൗതം ഗംഭീര്‍ എത്തിയപ്പോഴാണ് ഇന്ത്യ ഇടക്കെങ്കിലും സച്ചിന്‍-സെവാഗ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്.
സച്ചിന് ശേഷം സെവാഗിനൊപ്പം ഏറെ നാള്‍ ഓപ്പണറായി തുടരാന്‍ ഗൗതം ഗംഭീറിനായി. 2011ലെ ഏകദിന ലോകകപ്പിലും സച്ചിനും സെവാഗുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് അര്‍ഹിച്ച യാത്രയയപ്പ് നേടാന്‍ സെവാഗിന് ഭാഗ്യമുണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications