നിര്‍ണായക താരം, തീര്‍ച്ചയായും ടീമില്‍ വേണം- കോലി തഴഞ്ഞ അശ്വിനെ പിന്തുണച്ച് രോഹിത്!
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു പിന്തുണയുമായി പുതിയ ഏകദിന, ടി20 നായകന്‍ രോഹിത് ശര്‍മ. കഴിഞ്ഞ മാസം യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലൂടെയായിരുന്നു അശ്വിന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. 2017നു ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ ടി20 മല്‍സരം കൂടിയായിരുന്നു ഇത്.
ലോകകപ്പില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ തഴയപ്പെട്ടെങ്കിലും പിന്നീടുള്ള കളികളില്‍ അവസരം ലഭിച്ചപ്പോള്‍ മിന്നുന്ന പ്രകടനത്തിലൂടെ അശ്വിന്‍ തന്നെ സംശയിച്ചവര്‍ക്കു മറുപടി നല്‍കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണറി റേറ്റില്‍ പന്തെറിഞ്ഞതും അദ്ദേഹമായിരുന്നു.
ലോകകപ്പിലെ പ്രകടനം ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പരയിലും അശ്വിനു ഇടംനേടിക്കൊടുത്തു. ഈ പരമ്പരയിലും ഉജ്ജ്വല പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലേക്കും ഇതോടെ അശ്വിനെ തിരിച്ചുവിളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

കോലിക്കു കീഴില്‍ തഴയപ്പെട്ടു
വിരാട് കോലിക്കു കീഴില്‍ പലപ്പോഴും തഴയപ്പെട്ട താരമാണ് അശ്വിന്‍. എംഎസ് ധോണി നായകനായിരിക്കെ ടീമിലെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. എന്നാല്‍ 2017ല്‍ കോലി മൂന്നു ഫോര്‍മാറ്റുകളിലൂടെയും സ്ഥിരം സാന്നിധ്യമായ ശേഷം അശ്വിനു അവസരങ്ങള്‍ കുറയുകയായിരുന്നു. യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമായിരുന്നു കോലിയുടെ പ്രധാന താരങ്ങള്‍. ഇതോടെ അശ്വിന്റെ വഴിയടയുകയും ചെയ്തു. എങ്കിലു ടെസ്റ്റില്‍ മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം സ്ഥാനം നിലനിര്‍ത്തി.
ഏറ്റവും അവസാനമായി കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ ഒരു ടെസ്റ്റില്‍പ്പോലും കോലി കളിപ്പിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. കോലിയുടെയും ടീം മാനേജ്‌മെന്റിന്റെയും തീരുമാനത്തില്‍ അശ്വിനും അസംതൃപ്തനായിരുന്നു. പിന്നീട് ടി20 ലോകകപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലും അശ്വിനില്‍ കോലിക്കും കോച്ച് രവി ശാസ്ത്രിക്കും വിശ്വാസമില്ലായിരുന്നു. പകരം മല്‍സരപരിചയം കുറഞ്ഞ വരുണ്‍ ചക്രവര്‍ത്തിയെയാണ് ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇറക്കിയത്. ഈ നീക്കം ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. ഇതോടെയാണ് മൂന്നമത്തെ മല്‍സരത്തില്‍ വരുണിനെ പുറത്തിരുത്തി അശ്വിനെ തിരിച്ചുവിളിക്കാന്‍ കോലി നിര്‍ബന്ധിതനായത്.

അശ്വിന്റെ സമയം തെളിഞ്ഞു
കോലിക്കു പകരം രോഹിത് ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമുകളുടെ സ്ഥിരം ക്യാപ്റ്റനായി മാറിയതോടെ അശ്വിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്. ടെസ്റ്റില്‍ മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടീമിലെ പ്രധാനപ്പെട്ട താരമായിരിക്കും അശ്വിനെന്നു ഹിറ്റ്മാന്‍ വ്യക്തമാക്കി.
അശ്വിന്‍ നിങ്ങള്‍ക്കു വൈവിധ്യം നല്‍കും. നിങ്ങള്‍ക്കു അദ്ദേഹത്തെ പവര്‍പ്ലേയിലും മധ്യ ഓവറുകളിലുമെല്ലാം ഉപയോഗിക്കാന്‍ സാധിക്കും. അശ്വിനെ ബൗളറെന്നല്ല, ഓള്‍റൗണ്ടറെന്നു വിളിക്കാനാണ് എനിക്ക ഇഷ്ടം. ഏതു സമയത്തും, എവിടെയും, ഏതു സാഹചര്യത്തിലും ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. ഇതു വളരെ പ്രധാനമാണെന്നും ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന ഷോയില്‍ ബോറിയ മജുംദാറുമായി സംസാരിക്കവെ രോഹിത് വിശദമാക്കി.

തീര്‍ച്ചയായും ടീമിലുണ്ടാവും
ഒരു കഴിവ് മാത്രമുള്ള ബൗളര്‍മാരെയല്ല നിങ്ങള്‍ക്കു വേണ്ടത്. പവര്‍പ്ലേ ഓവറുകള്‍ക്കു പുറത്തു മാത്രം ബൗള്‍ ചെയ്യാന്‍ കഴിയുന്ന എന്നാല്‍ ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യാത്തവരെ ടീമിനു വേണ്ട. മാത്രമല്ല ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ മാത്രം പന്തെറിയാന്‍ കഴിവുള്ളവരെയും ടീമിനു വേണ്ട. ഒരുപാട് ഓപ്ഷനുകളുള്ള ബൗളറെ ലഭിച്ചാല്‍ അതാണ് നല്ലതെന്നും രോഹിത് ചൂണ്ടിക്കാട്ടി.
അശ്വിന്‍ തീര്‍ച്ചയായും ടീമിന് ഏതു ഫോര്‍മാറ്റിലും ടീമിനു മുതല്‍ക്കൂട്ടാണ്. അദ്ദേഹം ടീമില്‍ ഇനിയുണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. തീര്‍ച്ചയായും ടീമില്‍ തുടരാന്‍ പോവുന്നയാളാണ് അശ്വിനെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരേ തിളങ്ങി
ന്യൂസിലാന്‍ഡിനെതിരേ അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും തകര്‍പ്പന്‍ പ്രകടനമാണ് തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന്‍ നടത്തിയത്. ഇന്ത്യ 1-0നു പരമ്പര സ്വന്തമാക്കിയപ്പോള്‍ 14 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടു നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെയായിരുന്നു ഇത്. കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിങിലും അശ്വിന്‍ തിളങ്ങിയിരുന്നു. 38, 32 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 162 മല്‍സരങ്ങളില്‍ നിന്നും 211 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2017 ജൂണിലായിരുന്നു അശ്വിന്‍ അവസാനമായി ഏകദിനത്തില്‍ കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications