
ചെറുപ്രായത്തില്‍ ക്യാപ്റ്റന്‍
വളരെ ചെറിയ പ്രായത്തില്‍ തന്നെ ക്യാപ്റ്റന്‍സി റോള്‍ ഏറ്റെടുക്കേണ്ടി വരികയും ഇതു വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്ത താരമാണ് ശ്രേയസ് അയ്യര്‍. ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ 23ാം വയസ്സില്‍ നായകനായ താരമാണ് അദ്ദേഹം. 2018ലെ സീസണിന്റെ പകുതിയില്‍ വച്ചായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) നായകസ്ഥാനം തികച്ചും അപ്രതീക്ഷിതമായി ശ്രേയസിനു ഏറ്റെടുക്കേണ്ടി വന്നത്.
ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്നു സീസണിന്റെ പകുതിയില്‍ വച്ച് ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. തുടര്‍ന്നു ശ്രേയസിനെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന പ്രകനമായിരുന്നു ശ്രേയസിന്റേത്. സീസണില്‍ പ്ലേഓഫിലെത്തിയില്ലെങ്കിലും ഡിസിയുടെ പ്രകടനത്തില്‍ വലിയ പുരോഗതിയാണ് കണ്ടത്.
Also Read: IPL 2023: വിലക്കിയിട്ടും പാക് 'നുഴഞ്ഞുകയറ്റം'! മൂന്ന് പാക് താരങ്ങളെ അറിയാം
തൊട്ടുത്ത സീസണില്‍ ഡല്‍ഹിയെ പ്ലേഓഫിലെത്തിച്ച് ശ്രേയസ് തന്റെ ക്യാപ്റ്റന്‍സി മികവ് ലോകത്തിനു കാണിച്ചുകൊടുത്തു. തൊട്ടടുത്ത സീസണില്‍ ഡിസിയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ചതും അദ്ദേഹമായിരുന്നു.
ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു തോറ്റെങ്കിലും ശ്രേയസിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടു. ഡല്‍ഹി വിട്ട അദ്ദേഹം കഴിഞ്ഞ സീസണ്‍ മുതല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകനാണ്.

സമ്മര്‍ദ്ദങ്ങളില്‍ പതറില്ല
ഏതു സമ്മര്‍ദ്ദഘട്ടത്തിലും പതറാതെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവ് ശ്രേയസ് അയ്യര്‍ക്കുണ്ട്. ബംഗ്ലാദേശിനെതിരേ അടുത്തിടെ നടന്ന രണ്ടാം ടെസ്റ്റ് ഇതിനു മികച്ചൊരു ഉദാഹരണമായിരുന്നു. 145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുരവെ ഇന്ത്. ഏഴിന് 74 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ വൈകി ക്രീസിലെത്തിയ ശ്രേയസ് വെറ്ററന്‍ താരം ആര്‍ അശ്വിനെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
ബംഗ്ലാദേശ് സ്പിന്നര്‍മാരായ മെഹ്ദി ഹസന്‍, ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ട ശ്രേയസ് അവരെ പ്രതിരോധത്തിലാക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്‌സുകളിലൊന്നാണിത്.
Also Read: ഇന്ത്യന്‍ കോച്ചായി ദ്രാവിഡ് വേണ്ട! മാറ്റിയേ തീരൂ, കാരണങ്ങളറിയാം
2019ലെ ഏകദിന ലോകകപ്പ് മുതല്‍ ഇന്ത്യയുടെ പ്രധാന തലവേദനായിരുന്ന നാലാംനമ്പറിലെ വീക്ക്‌നെസ് പരിഹരിക്കാന്‍ തനിക്കു സാധിക്കുമെന്നു ശ്രേയസ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഈ വര്‍ഷത്തെ മികച്ച ബാറ്റര്‍
സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ബാറ്ററും അദ്ദേഹമാണ്.
ഏകദിനത്തില്‍ 17 മല്‍സരങ്ങളില്‍ നിന്നും 55.69 ശരാശരിയില്‍ ആറു ഫിഫ്റ്റികളടക്കം ശ്രേയസ് 724 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 113 റണ്‍സാണ്. ടെസ്റ്റില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 60.2 ശരാശരിയില്‍ 422ഉം ടി20യില്‍ 17 മല്‍സരങ്ങളില്‍ നിന്നും 35.61 ശരാശരിയില്‍ 463ഉം റണ്‍സാണ് ഈ വര്‍ഷം ശ്രേയസിന്റെ സമ്പാദ്യം.
ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന അദ്ദേഹം വൈകാതെ തന്നെ എല്ലാ ഫോര്‍മാറ്റുകളിലെയും അവിഭാജ്യ ഘടകമായി മാറും. അപ്പോള്‍ പിന്നെ മൂന്നു ഫോര്‍മാറ്റുകളിലും നായകനായി ശ്രേയസിനേക്കാള്‍ നല്ലൊരു ഓപ്ഷന്‍ ഇന്ത്യക്കു ലഭിക്കാനില്ല.


Click it and Unblock the Notifications












