IPL: സിഎസ്‌കെയ്ക്കായി കൂടുതല്‍ മല്‍സരം കളിച്ചതാര്? ധോണിയല്ല!! മിസ്സായത് ഒരേയൊരു മല്‍സരം
ചെന്നൈ: ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീം ഏതെന്നു ചോദിച്ചാല്‍ ഉത്തരം ചെന്നൈ സൂപ്പര്‍ കിങ്‌സെന്നായിരിക്കും. ഇതിഹാസ താരം എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീം കൂടിയാണ്. കിരീടനേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു താഴെ രണ്ടാമതാണെങ്കിലും മറ്റു കണക്കുകളില്‍ സിഎസ്‌കെയെ വെല്ലാന്‍ മറ്റൊരു ഫ്രാഞ്ചൈസി ഇല്ല. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തുകയും ഏറ്റവുമധികം തവണ ഫൈനലിലെത്തിയ ടീമും സിഎസ്‌കെയാണ്.
സിഎസ്‌കെയുടെ പേര് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ധോണിയുടെ മുഖം തന്നെയായിരിക്കും. എന്നാല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായം ഏറ്റവുമധികം തവണ ധരിക്കാന്‍ ഭാഗ്യമുണ്ടായ താരം ആരെന്നറിയാമോ? അത് ധോണിയല്ല. ക്യാപ്റ്റനും മുകളില്‍ മറ്റൊരു താരമുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ധോണിയെപ്പോലെ തന്നെ പ്രഥമ സീസണ്‍ മുതല്‍ ഒപ്പമുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് ഏറ്റവുമധികം മല്‍സരങ്ങള്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ചത്. കഴിഞ്ഞ 12 സീസണുകില്‍ 10 തവണയും സിഎസ്‌കെ ഐപിഎല്ലിലുണ്ടായിരുന്നു. രണ്ടു വര്‍ഷം അവര്‍ക്കു സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു.
ഈ 10 സീസണിലും സിഎസ്‌കെയോടൊപ്പം റെയ്‌നയുണ്ടായിരുന്നു. വിലക്കിനു ശേഷം 2018ല്‍ സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയപ്പോള്‍ ധോണി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം സിഎസ്‌കെ നിലനിര്‍ത്തിയ താരങ്ങൡലൊരാള്‍ കൂടിയായിരുന്നു റെയ്‌ന.
സിഎസ്‌കെയുടെ ഇതുവരെ നടന്ന 165 മല്‍സരങ്ങളില്‍ 164ലും താരം കളിച്ചിട്ടുണ്ട്. 2018ലാണ് റെയ്‌നയ്ക്കു ഒരേയൊരു തവണ പുറത്തിരിക്കേണ്ടി വന്നത്. കാല്‍പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു ഇത്.

സിഎസ്‌കെയുടെ കുപ്പായത്തില്‍ മാത്രം ഒതുങ്ങുന്നില്ല റെയ്‌നയുടെ നേട്ടം. ഐപിഎല്ലില്‍ തന്നെ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡും റെയ്‌നയ്ക്കു സ്വന്തമാണ്. 193 മല്‍സരങ്ങളാണ് ഐപിഎല്ലില്‍ താരം ആകെ കളിച്ചത്. 190 മല്‍സരങ്ങളില്‍ ഇറങ്ങിയ ധോണിയാണ് ഈ ലിസ്റ്റില്‍ റെയ്‌നയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത്.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (188 മല്‍സരങ്ങള്‍), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തിക് (182), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി (177) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഐപിഎല്ലില്‍ ഇതുവരെ സിഎസ്‌കെയോടൊപ്പം മൂന്നു മല്‍സരങ്ങളാണ് ധോണിക്കു നഷ്ടമായിട്ടുള്ളത്. 2010ലായിരുന്നു അദ്ദേഹത്തിന് ആദ്യമായി പുറത്തിരിക്കേണ്ടി വന്നത്. 2011 മുതല്‍ 18 വരെ ഒരു മല്‍സരം പോലും ഐപിഎല്ലില്‍ ധോണിക്കു നഷ്ടമായിട്ടില്ല.
എന്നാല്‍ കഴിഞ്ഞ സീസണില്‍ ധോണിക്കു രണ്ടു കളികള്‍ നഷ്ടമായി. പുറംവേദനയെ തുടര്‍ന്നായിരുന്നു ഇത്. ധോണിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്‌നയായിരുന്നു സിഎസ്‌കെയെ നയിച്ചത്. പിന്നീട് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ധോണി വീണ്ടും നായകസ്ഥാനത്തേക്കു വരികയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications