ഓള്‍ടൈം ബെസ്റ്റ് ഐപിഎല്‍ 11മായി ലെജന്‍ഡ്‌സ്, എബിഡിയെ തഴഞ്ഞ് കുംബ്ലെ-അറിയാം

മുംബൈ: ഐപിഎല്‍ 16ാം സീസണിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകള്‍. മിനി താരലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കത്തിലാണ്. 15ാം സീസണ്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ വമ്പന്മാരെല്ലാം മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്.
അതുകൊണ്ട് തന്നെ ഇത്തവണ ഇവര്‍ക്കെല്ലാം ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ എന്ന നിലയിലും ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യമേറെ. രോഹിത് ശര്‍മക്കും ഇത്തവണത്തെ സീസണ്‍ അഭിമാന പോരാട്ടമാണ്.
ഇപ്പോഴിതാ ജിയോ സിനിമയുടെ ക്രിക്കറ്റ് ചര്‍ച്ചയില്‍ മുന്‍ സൂപ്പര്‍ താരങ്ങളെല്ലാം ചേര്‍ന്ന് ബെസ്റ്റ് ഐപിഎല്‍ 11 തിരഞ്ഞെടുത്തിരിക്കുകയാണ്. ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്‌ന, സ്‌കോട്ട് സ്‌റ്റൈറിസ്, പാര്‍ഥിവ് പട്ടേല്‍, റോബിന്‍ ഉത്തപ്പ, അനില്‍ കുംബ്ലെ എന്നിവര്‍ ചേര്‍ന്നാണ് ബെസ്റ്റ് 11 തിരഞ്ഞെടുത്തത്. ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് നോക്കാം.

ഗെയ്ല്‍-കോലി ഓപ്പണിങ്
ലെജന്റ്‌സ് തിരഞ്ഞെടുത്ത ഐപിഎല്‍ 11 ഓപ്പണര്‍മാരായി ക്രിസ് ഗെയ്‌ലും വിരാട് കോലിയുമാണുള്ളത്. രണ്ട് പേരും മികച്ച റെക്കോഡുള്ളവരാണ്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഇപ്പോഴും ഗെയ്‌ലിന്റെ പേരിലാണ്. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണ് ഗെയ്ല്‍.
കോലി ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ്. മുന്‍ ആര്‍സിബി നായകനായ വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞെങ്കിലും ഇപ്പോഴും ടീമിന്റെ മുഖ്യ താരമായി തുടരുന്നു. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലി സമീപകാലത്തായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.
Also Read: IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, എബി ഡിവില്ലിയേഴ്‌സ്
മൂന്നാം നമ്പറില്‍ മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌നക്കാണ് അവസരം. മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്നു ഇടം കൈയനായ റെയ്‌ന. ഏറെക്കാലം സിഎസ്‌കെയ്‌ക്കൊപ്പം തുടരാന്‍ റെയ്‌നക്കായി. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന റെയ്‌ന പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്.
നാലാം നമ്പറിലാണ് രോഹിത് ശര്‍മയെ പരിഗണിച്ചത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഏറെക്കാലമായി ടീമിന്റെ ഓപ്പണര്‍ റോളിലാണ് രോഹിത് തിളങ്ങുന്നത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ നാലാം നമ്പറില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അഞ്ചാം നമ്പറില്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന താരം ഒട്ടുമിക്ക ബൗളര്‍മാരുടെയും ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാനാണ്. ആര്‍സിബിക്കൊപ്പം തല്ലിത്തകര്‍ത്ത എബിഡി നിലവില്‍ വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു.
ലെജന്റ്‌സില്‍ അനില്‍ കുംബ്ലെ മാത്രം ഡിവില്ലിയേഴ്‌സിനെ ടീമിലേക്ക് പരിഗണിക്കുന്നതിനോട് യോജിച്ചില്ല. കറെന്‍ പൊള്ളാര്‍ഡിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാനായാണ് കുംബ്ലെ എബിഡിയെ തഴഞ്ഞത്. എന്നാല്‍ മറ്റുള്ളവര്‍ ഇതിനോട് വിയോജിച്ചു.

എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, സുനില്‍ നരെയ്ന്‍
ആറാം നമ്പറില്‍ നായകനായും ഫിനിഷറായും എംഎസ് ധോണിയാണുള്ളത്. വിക്കറ്റ് കീപ്പറും ധോണി തന്നെ. രോഹിത് ശര്‍മയെ മറികടന്നാണ് സിഎസ്‌കെയുടെ നായകനായ ധോണിയെ ബെസ്റ്റ് 11ന്റെ ക്യാപ്റ്റനാക്കിയത്. നാല് കിരീടമാണ് ധോണിക്ക് കീഴില്‍ സിഎസ്‌കെ നേടിയത്.
ഏഴ് നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. കറെന്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രേ റസല്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ തഴഞ്ഞാണ് ഹര്‍ദിക്കെത്തിയത്. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ഹര്‍ദിക് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ്.
എട്ടാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് അവസരം. കെകെആര്‍ താരം മികച്ച ഇക്കോണമിയില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ നിര്‍ണ്ണായക റണ്‍സ് സംഭാവന ചെയ്യാനും നരെയ്‌ന് കഴിവുണ്ട്.

യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ
ഒമ്പതാമനായി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണുള്ളത്. മുന്‍ ആര്‍സിബി സ്പിന്നര്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. ടി20യില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ ലെഗ് സ്പിന്നറായ ചഹാലിന് സാധിക്കും. എന്നാല്‍ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.
10ാമനായി പേസര്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. തുടര്‍ച്ചയായി യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും ഡെത്ത് ഓവറുകളില്‍ വിജയം എറിഞ്ഞ് പിടിക്കാനും ബുംറക്ക് കഴിവുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഇപ്പോഴും കരുത്തോടെ ബുംറയുണ്ട്.
11ാമനായി ലസിത് മലിംഗക്കാണ് അവസരം. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മലിംഗയും യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടാന്‍ മിടുക്കന്‍. മുംബൈയുടെ കിരീട നേട്ടങ്ങളില്‍ മലിംഗയുടെ ബൗളിങ് മികവിന്റെ പങ്ക് വളരെ വലുതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications