ഏകദിനത്തില്‍ ബെസ്റ്റ് സ്‌ട്രൈക്കറേറ്റ്, ഇന്ത്യക്കാരില്‍ തലപ്പത്ത് വീരുവല്ല! ടോപ് ഫൈവ് ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ലോക ക്രിക്കറ്റിലേക്ക് മികച്ച പല താരങ്ങളെയും സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരെല്ലാം തന്നെ മികച്ച റെക്കോഡുള്ളവരാണെന്ന് പറയാം.
ഇന്ത്യന്‍ ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെന്ന വിശേഷണം നേടിയെടുത്ത ചില താരങ്ങളെ കാണാനാവും. ഇതില്‍ പ്രധാനപ്പെട്ടയൊരാള്‍ വീരേന്ദര്‍ സെവാഗാണ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷണം നേടിയെടുത്ത ബാറ്റ്‌സ്മാനാണ് സെവാഗ്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡോടെയാണ് സെവാഗ് വിരമിച്ചത്.
ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ യൂസുഫ് പഠാന്‍, യുവരാജ് സിങ്, രോഹിത് ശര്‍മ എന്നിവരെയെല്ലാം ഉള്‍പ്പെടുത്താം. ഇവരെല്ലാം തന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവരാണ്.
എന്നാല്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക അല്‍പ്പം പ്രയാസമാവും. എന്നാല്‍ സ്‌ട്രൈക്കറേറ്റ് പരിഗണിച്ച് പരിശോധിച്ചാല്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരാണ്? ടോപ് ഫൈവ് ഇതാ

യൂസുഫ് പഠാന്‍
ഏകദിന സ്‌ട്രൈക്കറേറ്റ് പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസുഫ് പഠാനാണ്. ഭയമില്ലാതെ കത്തിക്കയറുന്ന യൂസുഫിന് വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും കളിച്ച മത്സരങ്ങളിലൂടെത്തന്നെ ആരാധക മനസില്‍ ഇടം നേടി.
57 ഏകദിനത്തില്‍ നിന്ന് 27 ശരാശരിയില്‍ 810 റണ്‍സാണ് യൂസുഫിന്റെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് 113.60. രണ്ട് സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യക്കായി ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം കളിച്ചിട്ടുള്ള യൂസുഫ് ഐപിഎല്ലിലും തന്റെ ബാറ്റിങ് മികവ് കാട്ടിയിട്ടുണ്ട്.
Also Read:സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ നിലവിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. അല്‍പ്പം കൗതുകം തോന്നുമെങ്കിലും സ്‌ട്രൈക്കറേറ്റ് പരിശോധിക്കുമ്പോള്‍ ഇതാണ് വസ്തുത. 113.28 ആണ് ഹര്‍ദിക്കിന്റെ ഏകദിനത്തിലെ സ്‌ട്രൈക്കറേറ്റ്. 2016ല്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്കെത്തിയ ഹര്‍ദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന്റെ ശക്തിയായി മാറി.
71 ഏകദിനത്തില്‍ നിന്ന് 33.73 ശരാശരിയില്‍ 1518 റണ്‍സാണ് ഹര്‍ദിക് നേടിയത്. 68 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. മധ്യനിരയില്‍ ഫിനിഷര്‍ റോളിലാണ് ഹര്‍ദിക് തിളങ്ങുന്നത്. ഇന്ത്യയുടെ അടുത്ത പരിമിത ഓവര്‍ നായകനാണ് ഹര്‍ദിക്.

ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ യുവ സൂപ്പര്‍ താരം ശുബ്മാന്‍ ഗില്ലാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. സമീപകാലത്തായി ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. 21 മത്സരത്തില്‍ നിന്ന് 73.77 ശരാശരിയില്‍ 1254 റണ്‍സാണ് ഗില്‍ നേടിയിട്ടുള്ളത്.
നാല് സെഞ്ച്വറിയും 5 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 109.80 സ്‌ട്രൈക്കറേറ്റിലാണ് ഇപ്പോള്‍ ഗില്‍ കസറുന്നത്. ഇതിനോടകം വിരാട് കോലിയുടെ പിന്‍ഗാമിയെന്ന പേരെടുക്കാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കരിയര്‍ മുന്നോട്ട് പോകവെ താരത്തിന്റെ അവസ്ഥ കണ്ട് തന്നെ അറിയണം.

റിഷഭ് പന്ത്
പരിമിത ഓവറില്‍ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കുമ്പോഴും മികച്ച സ്‌ട്രൈക്കറേറ്റുള്ള ഇന്ത്യക്കാരില്‍ റിഷഭ് പന്ത് നാലാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ നിലവിലെ സ്‌ട്രൈക്കറേറ്റ് 106.65 ആണ്. 30 മത്സരത്തില്‍ നിന്ന് 34.60 ശരാശരിയില്‍ 865 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ താരം നേടിയിട്ടുള്ളത്.
നിലവില്‍ പരിക്കേറ്റ് റിഷഭ് ടീമിന് പുറത്താണുള്ളത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് അഞ്ചാം സ്ഥാനമാണ്. ഓപ്പണറായി ഇറങ്ങി കസറിയ സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സ് നേടിയ സെവാഗിന്റെ സ്‌ട്രൈക്കറേറ്റ് 104.34 ആണ്. 15 സെഞ്ച്വറിയും 38 ഫിഫ്റ്റിയും സെവാഗിന്റെ പേരിലുണ്ട്.
ഭയമില്ലാത്ത ബാറ്റിങ് ശൈലിയായതിനാല്‍ത്തന്നെ സെവാഗിനെ ഒട്ടുമിക്ക ബൗളര്‍മാര്‍ക്കും ഭയമായിരുന്നു. 2011ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മത്സരങ്ങളിലെല്ലാം നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിക്കാന്‍ സെവാഗിന് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications