ടി20യില്‍ ഇനി ഷമി വേണ്ട! ബുംറയ്ക്കു പുതിയ പങ്കാളിയെ നിര്‍ദേശിച്ച് മഞ്ജരേക്കര്‍
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലേക്കു മൂന്നു വിക്കറ്റോടെ വരവറിയിച്ച തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനെ പ്രശംസിച്ച് പ്രശസ്ത കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍. ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച നടന്ന ആദ്യ ടി20യില്‍ ഇന്ത്യ 11 റണ്‍സിന്റെ വിജയം കൊയ്തപ്പോള്‍ നടരാജന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിശ്രമം അനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരമാണ് നടരാജന്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയത്.

ടി20 ഫോര്‍മാറ്റില്‍ മുഹമ്മദ് ഷമിക്കു പകരം ബുംറയുടെ പേസ് ബൗളിങ് പാര്‍ട്ണറായി നടരാജനെ കളിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മഞ്ജരേക്കര്‍. നടരാജന്റെ വരവോടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഷമിയുടെ സ്ഥാനത്തിന് ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടി20യില്‍ ഷമിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ നടരാജന്‍ കാഴ്ചവച്ചത്. ഇനി ടി20യില്‍ ബുംറയ്‌ക്കൊപ്പം നടരാജനെ പേസ് ബൗളിങ് പങ്കാളിയായി കളിപ്പിക്കാന്‍ ഇന്ത്യക്കു പ്രലോഭനമുണ്ടാവും. ഡെത്ത് ഓവറുകളില്‍ വളരെ നന്നായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള താരമാണ് നടരാജന്‍. ബുംറയും നടരാജനും ടീമിലുണ്ടെങ്കില്‍ അതു ഷമിയെ സമ്മര്‍ദ്ദത്തിലാക്കും. കാരണം ദീപക് ചഹര്‍ വളരെ വ്യത്യസ്തനായ സ്വിങ് ബൗളറുമാണെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.

ഇതു വിസ്മയിപ്പിക്കുന്ന കഥ തന്നെയാണ്. കാരണം വളരെ പെട്ടെന്നാണ് നടരാജന്‍ ഇത്ര വലിയ സെന്‍സേഷനായി മാറിയത്. ഇപ്പോള്‍ ആദ്യ ടി20 മല്‍സരത്തില്‍ കളിക്കുകയും വളരെ മികച്ച ബൗളിങ് കാഴ്ചവയ്ക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം. യോര്‍ക്കറുകളിലൂടെ മാത്രം വിക്കറ്റെടുക്കുന്ന ബൗളറല്ല നടരാജനെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. നടരാജന്‍ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ഇത്രയും പ്രശസ്തിയിലെത്തുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. തന്നേക്കാള്‍ സീനിയറായ ബൗളര്‍മാരെ വെല്ലുവിളിച്ച് ഇന്ത്യന്‍ ടീമിലെത്താനാവുമെന്ന് നടരാജന്‍ പോലും കരുതിക്കാണില്ലെന്നു മഞ്ജരേക്കര്‍ വിശദമാക്കി.
യുഎഇ വേദിയായ ഇത്തവണത്തെ ഐപിഎല്ലിലൂടെയാണ് നടരാജന്‍ താരപദവിയിലേക്കുയര്‍ന്നത്. ഡേവിഡ് വാര്‍ണര്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പുതിയ പേസ് കുന്തമുനയായി അദ്ദേഹം മാറി. തുടര്‍ച്ചയായി യോര്‍ക്കറുകളെറിഞ്ഞ് നടരാജന്‍ ഏവരെയും വിസ്മയിപ്പിച്ചിരുന്നു. കപില്‍ ദേവുള്‍പ്പെടെ പല മുന്‍ ഇതിഹാസ താരങ്ങളും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലൂടെയായിരുന്നു നടരാജന്റെ അന്താരാഷ്ട്ര അരങ്ങറ്റം. ഈ മല്‍സരത്തില്‍ അദ്ദേഹം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications