
ഷാഹിദ് അഫ്രീഡി
പാകിസ്താന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ നിരയിലാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ സ്ഥാനം. മിന്നല്‍ ബാറ്റിങ് പ്രകടനങ്ങളിലൂടെ മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള ബാറ്ററായിരുന്നു അദ്ദേഹം. പക്ഷെ അഫ്രീഡി ഒരിക്കലും ഒരു മികച്ച ക്യാപ്റ്റനായിരുന്നില്ല. അദ്ദേഹം നായകനായിരിക്കെ ഒരുപാട് വിവാദങ്ങളും സംഭവിച്ചിരുന്നു.
ഹിന്ദുവായതു കൊണ്ട് അഫ്രീഡി ക്യാപ്റ്റനായിരിക്കെ തന്നെ പാക് ടീമിലേക്കു പരിഗണിച്ചിരുന്നില്ലെന്നു സ്പിന്നര്‍ ഡാനിഷ് കനേരിയ വെളിപ്പെടുത്തിയിരുന്നു. 2011ലെ ലോകകപ്പിനു ശേഷം മുന്‍ പാക് കോച്ച് വഖാര്‍ യൂനുസുമായി അന്നത്തെ ക്യാപ്റ്റന്‍ അഫ്രീഡി കൊമ്പുകോര്‍ത്തിരുന്നു. അഫ്രീഡിക്കു പക്വതയും അച്ചടക്കവുമില്ലെന്നും മറ്റുള്ളവരുടെ ഉപദേശമോ, അഭിപ്രായമോ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും യൂനിസ് തുറന്നടിച്ചിരുന്നു.
പലപ്പോഴും അഫ്രീഡി തനിക്ക് പ്രിയപ്പെട്ടവരെയാണ് ടീമിലെടുത്തിരുന്നത്. ടീമിന്റെ ആവശ്യങ്ങളോ, സാഹചര്യങ്ങളോ ഒന്നും തന്നെ അദ്ദേഹം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇതേക്കുറിച്ച് മുന്‍ ഇതിഹാസ പാക് പേസര്‍ ഷുഐബ് അക്തര്‍ ഒരിക്കല്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.

സ്റ്റീവ് വോ
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോയെയും ഈ ഗണത്തില്‍പ്പെടുത്താം. 1999ല്‍ ഓസീസിനെ ലോക ചാംപ്യന്‍മാരാക്കിയ അദ്ദേഹം അവരുടെ ഏറ്റവും മികച്ച നായകരില്‍ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. പക്ഷെ വളരെയധിതം ഈഗോ കാത്തുസൂക്ഷിക്കുന്നയാളായിരുന്നു വോയെന്നു ചില ടീമംങ്ങള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
താന്‍ കൂടെ കളിച്ചവരില്‍ വച്ച് ഏറ്റവും സ്വാര്‍ഥനായ താരം വോയാണെന്നായിരുന്നു അന്തരിച്ച ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ആത്മകഥയില്‍ കുറിച്ചത്. തനിക്കു മതിയായ പിന്തുണ വോയില്‍ നിന്നും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വോണ്‍ മാത്രമല്ല മുന്‍ ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പലും ഒരിക്കല്‍ വോയെ വിമര്‍ശിച്ചിരുന്നു. വളരെ സ്വാര്‍ഥനായ ക്രിക്കറ്ററായിരുന്നു വോയെന്നും തന്റെ പിന്‍ഗാമികളേക്കാള്‍ മോശം ക്യാപ്റ്റനാണെന്നുമായിരുന്നു ചാപ്പലിന്റെ വിമര്‍ശനം. ടീമിനു വേണ്ടിയല്ല, വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടി കളിച്ച ബാറ്ററായിരുന്നു വോയെന്നും പലരും ചൂണ്ടിക്കായിരുന്നു.
Also Read: IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയക്കു വേണ്ടി ഇപ്പോഴും കളിക്കുന്ന ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളുമായ സ്റ്റീവ് സ്മിത്താണ് ലിസ്റ്റിലെ മൂന്നാമന്‍. വളരെ മികച്ച ബാറ്ററായ അദ്ദേഹത്തിനു നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുമുണ്ടായിരുന്നു.
പക്ഷെ 2018ല്‍ സൗത്താഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ സാന്‍ഡ്‌പേപ്പര്‍- ഗേറ്റ് വിവാദം സ്മിത്തിന്റെ ക്യാപ്റ്റന്‍സി തെറിപ്പിച്ചു. മാത്രമല്ല അദ്ദേഹം എത്ര മാത്രം സ്വാര്‍ഥനാണെന്നും ഈ സംഭവം കാണിച്ചുതന്നു.ബോളിനു കൂടുതല്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുന്നതിനായി അന്നു സ്മിത്ത് ടീമംഗമായിരുന്ന കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് ഉരക്കടലാസ് നല്‍കുകയായിരുന്നു.
സംഭവത്തില്‍ ബാന്‍ക്രോറ്റ് പിടിക്കപ്പെടുകയും മുഖ്യ പ്രതിയാവുകയും ചെയ്തു. ടീമിന്റെ നായകനായ സ്മിത്ത് സ്വയം പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കാതെ ബാന്‍ക്രോഫ്റ്റിനെ തന്റെ ഇരയാക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ കരിയറും അവസാനിക്കുകയായിരുന്നു. വിലക്ക് മാറി തിരിച്ചുവന്ന സ്മിത്ത് വീണ്ടും ഓസീസ് ടീമില്‍ തിരിച്ചെത്തി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ബ്രയാന്‍ ലാറ
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയെയും സ്വാര്‍ഥരായ നായകരുടെ ഗണത്തില്‍ നമുക്ക് പെടുത്താം. ടെസ്റ്റില്‍ ലോക റെക്കോര്‍ഡ് തിരിച്ചുപിടിക്കാന്‍ അദ്ദേഹം കളിച്ച ഇന്നിങ്‌സാണ് ഇതിനു വഴിയൊരുക്കിയത്. 2004ല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ 400 റണ്‍സെടുത്തായിരുന്നു ലാറ വീണ്ടും റെക്കോര്‍ഡിന് അവകാശിയായത്.
ടെസ്റ്റിന്റെ രണ്ടാം ദിനം വിന്‍ഡീസ് നായകന്‍ കൂടിയായിരുന്ന ലാറ 404 ബോളില്‍ നിന്നും ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. മഴ രസംകെടുത്തിയ ടെസ്റ്റില്‍ വിന്‍ഡീസിന് അപ്പോള്‍ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വിന്‍ഡീസ് ഉടന്‍ ഡിക്ലയര്‍ ചെയ്യുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
പക്ഷെ തന്റെ പഴയ ലോക റെക്കോര്‍ഡായ 375 റണ്‍സെന്നത് മാത്യു ഹെയ്ഡന്‍ 380 റണ്‍സെടുത്ത് തകര്‍ത്തതായിരുന്നു ലാറയുടെ മനസ്സില്‍. അതിനാല്‍ ഡിക്ലയര്‍ ചെയ്യാതെ അദ്ദേഹം ഹെയ്ഡന്റെ റെക്കോര്‍ഡ് തകര്‍ക്കാനുറച്ച് ബാറ്റിങ് തുടരുകയായിരുന്നു. 582 ബോളില്‍ 400 റണ്‍സുമായി ലാറ അതു സാധിച്ചെടുക്കുകയും ചെയ്തു.
വിന്‍ഡീസ് അഞ്ചു വിക്കറ്റിന് 715 റണ്‍സിലാണ് ഡിക്ലയര്‍ ചെയ്തത്. പക്ഷെ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ടാക്കാനാവാതെ വിന്‍ഡീസിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ലാറ നേരത്തേ ഡിക്ലയര്‍ ചെയ്തിരുന്നെങ്കില്‍ ടെസ്റ്റില്‍ വിന്‍ഡീസിനു വിജയസാധ്യതയുണ്ടായിരുന്നു. മല്‍സരശേഷം ലാറയുടെ ഇന്നിങ്‌സിനെതിരേ വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു.


Click it and Unblock the Notifications












