ഇന്ത്യ vs വിന്‍ഡീസ്: തോല്‍വിക്കു ഒന്നല്ല, കാരണങ്ങള്‍ രണ്ട്... ചൂണ്ടിക്കാട്ടി കോലി, ടീമിന് വിമര്‍ശനം
തിരുവനന്തപുരം: കാര്യവട്ടത്തു നടന്ന രണ്ടാം ടി0യില്‍ ആര്‍പ്പുവിളിച്ച ആരാധകരെ നിരാശരാക്കി ഇന്ത്യ തോല്‍വിയിലേക്കു വീണിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ എട്ടു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യയേറ്റു വാങ്ങിയത്. ഈ ജയത്തോടെ വിന്‍ഡീസ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തിരുന്നു.
ആദ്യം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിന് 170 റണ്‍സാണ് നേടിയത്. മറുപടിയില്‍ 18.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തുകയായിരുന്നു. ഈ കളിയിലെ തോല്‍വിക്കു കാരണങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

ഫിനിഷിങ് മോശം
ടി20യില്‍ ആദ്യം ബാറ്റ് ചെയ്യുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴും പ്രശ്‌നം തന്നെയാണെന്നു കോലി സമ്മതിക്കുന്നു. എന്നാല്‍ കാര്യവട്ടം ടി20യില്‍ ടീമിന്റെ ഫിനിഷിങില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. അവസാനത്തെ നാലോവറില്‍ 40-45 റണ്‍സാണ് ടീം പ്രതീക്ഷിക്കുന്നത്, 30 റണ്‍സല്ല. ശിവത്തിന്റെ ഇന്നിങ്‌സ് ടീമിനു കരുത്തു പകര്‍ന്നിരുന്നു. എന്നാല്‍ ഫിനിഷിങില്‍ കുറച്ചു കൂടി മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ചൊരു വിജയലക്ഷ്യം വിന്‍ഡീസിനു മുന്നില്‍ വയ്ക്കാമായിരുന്നുവെന്നും കോലി വിശദമാക്കി.

ഫീല്‍ഡിങ് പിഴവുകള്‍
മോശം ഫിനിഷിങ് മാത്രമല്ല ഫീല്‍ഡിങിലെ പിഴവുകളും ഇന്ത്യയുടെ തോല്‍വിക്കു മറ്റൊരു കാരണമായെന്നു കോലി അഭിപ്രായപ്പെട്ടു. ഇത്രയും മോശം ഫീല്‍ഡിങ് നടത്തിയാല്‍ എത്ര വലിയ ടോട്ടല്‍ നേടിയാലും പ്രതിരോധിച്ചു ജയിക്കാന്‍ സാധിക്കില്ല. ഫീല്‍ഡിങില്‍ ടീം കുറേക്കൂടി ധൈര്യം കാണിക്കേണ്ടതുണ്ട്. ബൗളിങില്‍ ആദ്യത്തെ നാലോവറില്‍ ടീം മികച്ച പ്രകടനം നടത്തി. എന്നാല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുകയാണെങ്കില്‍ അതിനു വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി. ഭുവനേശ്വര്‍ കുമാറിന്റെ ഒരോവറില്‍ രണ്ടു ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു. വാഷിങ്ടണ്‍ സുന്ദറും റിഷഭ് പന്തുമായിരുന്നു ക്യാച്ചുകള്‍ നഷ്ടമാക്കിയത്.

ശിവത്തിനെ ഇറക്കാന്‍ കാരണം
മൂന്നാം നമ്പറില്‍ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ പരീക്ഷിക്കാനുള്ള ഇന്ത്യയുടെ തന്ത്രം ക്ലിക്കായിരുന്നു. താരത്തിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 170ലെത്തിച്ചത്. ദുബെ 30 പന്തില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം 54 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതായിരിക്കുമെന്ന് മനസ്സിലായതോടെയാണ് ശിവത്തെ മൂന്നാമതായി ഇറക്കിയത്. സ്പിന്നര്‍മാര്‍ക്കെതിരേ ആക്രമിച്ചു കളിക്കാന്‍ എന്തു കൊണ്ടു ശിവത്തെ ഇറക്കിക്കൂടെന്ന് തോന്നി. ഈ പ്ലാന്‍ വിജയിക്കുകയും ചെയ്തതായി കോലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications