2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

ഇന്ത്യയുടെ യുവ സൂപ്പര്‍ താരമാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന വിശേഷണം ഇതിനോടകം നേടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. 23 വയസിനുള്ളില്‍ മൂന്ന് ഫോര്‍മാറ്റില്‍ ഗില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാനും ഇതിനോടകം ശുബ്മാന്‍ ഗില്ലിന് സാധിച്ചു.
വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിക്കുന്നവനായി ഗില്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശുബ്മാന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും സെഞ്ച്വറി നേടി ഗില്‍ കൈയടി നേടി.
2023ല്‍ ഇനിയും പല വമ്പന്‍ നേട്ടങ്ങളും ഗില്ലിനെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട മൂന്ന് നേട്ടങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

WTC ഫൈനലില്‍ സെഞ്ച്വറി
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ച് കഴിഞ്ഞു. ജൂണ്‍ 7ന് ഓവലിലാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികളില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കെത്താന്‍ ഗില്ലിന് മുന്നില്‍ അവസരമുണ്ട്.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് ഏറ്റുമുട്ടിയത്. ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് കിരീടവും നേടി. അന്ന് ഫൈനലില്‍ ആര്‍ക്കും സെഞ്ച്വറി നേടാനായിരുന്നില്ല. ഇത്തവണ രണ്ടാം ഫൈനലെത്തുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് സുവര്‍ണ്ണാവസരമാണ്.
ഓപ്പണറായ ഗില്ലിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. കൂടാതെ വിദേശ പിച്ചുകളില്‍ കളിച്ചുള്ള അനുഭവസമ്പത്തും ഗില്ലിനുണ്ട്. അതുകൊണ്ട് തന്നെ ഈ നേട്ടത്തിലെത്താന്‍ ഗില്ലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഓവലിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍
ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഈ പിച്ചിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരവും ഗില്ലിന് മുന്നിലുണ്ട്. എന്നാല്‍ അതൊട്ടും എളുപ്പമായിരിക്കില്ലെന്നുറപ്പ്.
1979ല്‍ ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ നേടിയ 221 റണ്‍സാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഇന്ത്യയുടെ മറ്റ് സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇതുവരെ ഈ റെക്കോഡ് തകര്‍ക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ താരങ്ങളില്‍ ഈ റെക്കോഡ് തകര്‍ക്കുമെന്ന് പ്രതീക്ഷ നല്‍കുന്നത് ശുബ്മാന്‍ ഗില്‍ മാത്രമാണ്.
ഇതുവരെ ഇരട്ട സെഞ്ച്വറി പ്രകടനം ടെസ്റ്റില്‍ നടത്താന്‍ ഗില്ലിനായിട്ടില്ല. ഇത്തവണ ഓവലില്‍ ചരിത്രമെഴുതി മടങ്ങാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുമോയെന്ന് കണ്ടറിയാം.
Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

ദക്ഷിണാഫ്രിക്കയിലും റെക്കോഡിടാം
ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. താരതമ്യേനെ കടുപ്പമേറിയ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇതുവരെ രണ്ട് ഇന്ത്യന്‍ ഓപ്പണര്‍മാരാണ് സെഞ്ച്വറി നേടിയത്. വസിം ജാഫറും കെ എല്‍ രാഹുലുമാണത്. അതിന് ശേഷം മറ്റൊരു ഇന്ത്യന്‍ ഓപ്പണര്‍ക്കും ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല.
കെ എല്‍ രാഹുലാണ് നിലവില്‍ ഈ റെക്കോഡിനുടമ. 2021ല്‍ 123 റണ്‍സാണ് ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വൂറിയനില്‍ രാഹുല്‍ നേടിയത്. ബൗണ്‍സും പേസും നിറഞ്ഞ പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. ഈ സാഹചര്യത്തില്‍ കളിക്കാന്‍ മിടുക്കനായ താരമാണ് ഗില്‍.
നന്നായി പുള്‍ഷോട്ട് കളിക്കുകയും പേസിനെതിരേ ടൈമിങ്ങില്‍ കളിക്കുകയും ചെയ്യാന്‍ ഗില്ലിന് മികവുണ്ട്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ ഗില്ലിന് സാധിച്ചേക്കും. ഫൈനലില്‍ ഇന്ത്യക്ക് കിരീടത്തിലേക്കെത്താന്‍ ഗില്ലിന്റെ പ്രകടനം നിര്‍ണ്ണായകമാവുമെന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications