
കെവിന്‍ പീറ്റേഴ്‌സണ്‍
ഇംഗ്ലണ്ടിന്റെ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിട്ടുള്ള പീറ്റേഴ്‌സണിന് മികച്ച റെക്കോഡുകളും സ്വന്തമാക്കാനായി. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും പീറ്റേഴ്‌സണെ പുറത്താക്കിയിട്ടുണ്ട്. സച്ചിന്‍ ടെസ്റ്റിലും കോലി ടി20യിലുമാണ് പീറ്റേഴ്‌സണെ പുറത്താക്കിയത്.
2007 ഓഗസ്റ്റില്‍ ഓവലില്‍ നടന്ന ടെസ്റ്റിലാണ് കെവിന്‍ പീറ്റേഴ്‌സണെ സച്ചിന്‍ പുറത്താക്കിയത്. സച്ചിന്റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡിന് ക്യാച്ച് നല്‍കിയാണ് പീറ്റേഴ്‌സണ്‍ പുറത്തായത്. 41 റണ്‍സില്‍ നില്‍ക്കവെയാണ് സച്ചിന്‍ പീറ്റേഴ്‌സണ് മടക്ക ടിക്കറ്റ് നല്‍കിയത്. ഈ മത്സരത്തില്‍ 26 ഓവര്‍ സച്ചിന്‍ പന്തെറിഞ്ഞെങ്കിലും പീറ്റേഴ്‌സണെ മാത്രമാണ് പുറത്താക്കാനായത്.
2011 ഓഗസ്റ്റില്‍ മാഞ്ചസ്റ്ററില്‍ നടന്ന ടി20യിലാണ് പീറ്റേഴ്‌സണെ കോലി പുറത്താക്കിയത്. മൂന്നാം നമ്പറിലിറങ്ങി 33 റണ്‍സെടുത്ത പീറ്റേഴ്‌സണെ കോലിയുടെ വൈഡ് പന്തില്‍ എംഎസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ടി20 ക്രിക്കറ്റിലെ ആദ്യ പന്തില്‍ത്തന്നെയാണ് കോലിയുടെ ഈ വിക്കറ്റ് നേട്ടം.
സച്ചിനും കോലിയും ഒരു തവണ മാത്രമാണ് പീറ്റേഴ്‌സണെ പുറത്താക്കിയത്. സൂപ്പര്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റ് നേട്ടം ഇരുവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

മുഹമ്മദ് ഹഫീസ്
മുന്‍ പാകിസ്താന്‍ ഓപ്പണറും നായകനുമായിരുന്ന താരമാണ് മുഹമ്മദ് ഹഫീസ്. മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം മികച്ച കരിയറോടെയാണ് പടിയിറങ്ങിയത്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഹഫീസ് പന്തുകൊണ്ടും മികവ് കാട്ടുന്ന താരമാണ്.
എന്നാല്‍ സച്ചിനും കോലിയും പുറത്താക്കിയിട്ടുള്ള താരമാണ് ഹഫീസ്. സച്ചിന്‍ ഏകദിനത്തിലും കോലി ടി20യിലുമാണ് ഹഫീസിനെ പുറത്താക്കിയത്. 2005ല്‍ കൊച്ചിയില്‍ നടന്ന ഏകദിനത്തിലാണ് സച്ചിന്‍ ഹഫീസിന്റെ വിക്കറ്റ് നേടിയത്. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ഹഫീസ് 42 റണ്‍സില്‍ നില്‍ക്കവെ സച്ചിന്റെ പന്തില്‍ ആശിഷ് നെഹ്‌റക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. സച്ചിന്റെ അഞ്ചാമത്തെ വിക്കറ്റായിരുന്നു ഇത്.
സച്ചിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ 87 റണ്‍സിന് ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുകയും ചെയ്തു. കേരളത്തില്‍ നടന്ന മത്സരത്തിലെ സച്ചിന്റെ അഞ്ച് വിക്കറ്റ് പ്രകടനം എന്നെന്നും ഓര്‍മിക്കപ്പെടുന്നതാണ്. ഒരു തവണയാണ് സച്ചിന്‍ ഹഫീസിനെ പുറത്താക്കിയത്.
2012ലെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് കോലി ഹഫീസിന്റെ വിക്കറ്റ് നേടിയത്. പാക് ഓപ്പണറായ ഹഫീസ് 15 റണ്‍സ് നേടി നില്‍ക്കവെ കോലി ബൗള്‍ഡാക്കുകയായിരുന്നു. ഈ മത്സരത്തില്‍ മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് കോലി നേടിയത്.
Also Read: വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

ബ്രണ്ടന്‍ മക്കല്ലം
മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ഓപ്പണറുമായ ബ്രണ്ടന്‍ മക്കല്ലമാണ് ഈ പട്ടികയിലെ മൂന്നാമന്‍. 2009ല്‍ വെല്ലിങ്ടണില്‍ നടന്ന ടെസ്റ്റിലാണ് സച്ചിന്‍ മക്കല്ലത്തെ പുറത്താക്കിയത്. സ്ലിപ്പില്‍ ദ്രാവിഡിന് മക്കല്ലം ക്യാച്ച് നല്‍കുകയായിരുന്നു.
2014ല്‍ വെല്ലിങ്ടണില്‍ നടന്ന ഏകദിനത്തിലാണ് മക്കല്ലത്തെ കോലി പുറത്താക്കിയത്. കവറില്‍ രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് മക്കല്ലം മടങ്ങിയത്. സച്ചിനും കോലിയും ഒരു തവണ മാത്രമാണ് മക്കല്ലത്തെ പുറത്താക്കിയത്.


Click it and Unblock the Notifications












