IPL 2023: സഞ്ജു രാജസ്ഥാന്‍ നായകനാവേണ്ട! കളിക്കാരനായി തുടരുന്നത് ബെസ്റ്റ്- കാരണമിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കുകയാണ്. ഇതിനോടകം ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അവസാന സീസണില്‍ റണ്ണേഴ്‌സപ്പായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്.
അവസാന സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഇത്തവണ തിരിച്ചുപിടിക്കാനുള്ള പദ്ധതികളുമായാവും രാജസ്ഥാന്‍ ഇറങ്ങുകയെന്നുറപ്പ്. അവസാന സീസണിനെക്കാള്‍ ബാറ്റിങ് കരുത്തും ഓള്‍റൗണ്ടര്‍മാരുടെ കരുത്തും ഉയര്‍ത്താന്‍ രാജസ്ഥാനായിട്ടുണ്ട്.
ഇത്തവണയും സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജുവിനെക്കാള്‍ അനുഭവസമ്പന്നരായവരും ഇതിനോടകം നായക മികവ് തെളിയിച്ച താരങ്ങളും രാജസ്ഥാനൊപ്പമുണ്ടെങ്കിലും ഇപ്പോഴും സഞ്ജുവിന്റെ മികവിലാണ് ടീം വിശ്വസിക്കുന്നത്.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ പോലും ഇടമില്ലാത്ത സഞ്ജുവിനെക്കാള്‍ മികച്ചവര്‍ ഉള്ളപ്പോള്‍ ഇനിയും സഞ്ജുവിനെ നായകനാക്കി മുന്നോട്ട് പോകുന്നത് രാജസ്ഥാന് വലിയ ഗുണം ചെയ്‌തേക്കില്ല. സഞ്ജുവിന്റെ കരിയറിലും നായകസ്ഥാനം ബാധ്യതയാണെന്ന് പറയാം.
രാജസ്ഥാന്റെ നായകസ്ഥാനം സഞ്ജു ഒഴിയുന്നതാണ് നല്ലതെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നായകസ്ഥാനം ബാറ്റിങ് സ്വാതന്ത്ര്യം കുറക്കും
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന താരമാണ് സഞ്ജു സാംസണ്‍. അതിവേഗ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സഞ്ജു സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ മിടുക്കുള്ള താരമാണ്.
നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ഐപിഎല്ലില്‍ അതിഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. ഏകദിന ലോകകപ്പില്‍ ഇടം ഉണ്ടാകില്ലെന്നുറപ്പായ സഞ്ജു ലക്ഷ്യമിടുന്നത് 2024ലെ ടി20 ലോകകപ്പില്‍ ഇടമാണ്.
അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ ഭയമില്ലാതെ അടിച്ചുതകര്‍ത്തു കളിക്കേണ്ടതായുണ്ട്. എന്നാല്‍ നായകനാവുമ്പോള്‍ ഇത്തരത്തില്‍ കടന്നാക്രമിക്കാന്‍ സഞ്ജുവിന് പ്രയാസമുണ്ടാവും. ടീമിന്റെ ഉത്തരവാദിത്തം ചുമലിലേല്‍ക്കേണ്ടി വരുന്നതോടെ കടന്നാക്രമിച്ച് കളിക്കാന്‍ സാധിക്കില്ല.
ഇത് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് പ്രയാസമാവും. എന്നാല്‍ സഞ്ജുവിനെ നായകനെന്ന നിലയിലെ സമ്മര്‍ദ്ദത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വെടിക്കെട്ട് നടത്താന്‍ സഞ്ജുവിനായേക്കും.
Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

ലോകകപ്പ് നേടിക്കൊടുത്ത നായകനുണ്ട്
രാജസ്ഥാന്‍ ടീം സഞ്ജുവിനെ നായകനാക്കിയത് ആരാധകരുടെ പിന്തുണ കണ്ടിട്ടാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു കേരളത്തിന്റെ ക്യാപ്റ്റനായത് തന്നെ ചുരുക്കം മത്സരങ്ങളിലാണ്. ഈ ലഭിച്ച അവസരങ്ങളിലും പ്രകടനംകൊണ്ട് ശ്രദ്ധ നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.
കേരളത്തിനെ മികച്ച നേട്ടങ്ങളിലേക്കെത്തിക്കുന്നതില്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു പരാജയമായിരുന്നു. നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തും സഞ്ജുവിന് അവകാശപ്പെടാനില്ല. ഈ സാഹചര്യത്തില്‍ സഞ്ജു ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കുമെന്ന് കരുതുക പ്രയാസം.
എന്നാല്‍ നായക മികവ് തെളിയിച്ച താരങ്ങള്‍ നിലവില്‍ രാജസ്ഥാനൊപ്പമുണ്ട്. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ച ജോസ് ബട്‌ലറെപ്പോലൊരാള്‍ ഉള്ളപ്പോള്‍ സഞ്ജുവിനെ നായകനാക്കുന്നത് മണ്ടത്തരമാണ്.
ബട്‌ലര്‍ക്ക് പരിചയസമ്പത്തേറെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ താരം സമ്മര്‍ദ്ദങ്ങളില്‍ തളരാത്ത താരവും പ്രധാന മത്സരങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുന്നവനുമാണ്. അതുകൊണ്ട് തന്നെ രാജസ്ഥാന് കപ്പടിക്കാന്‍ ബട്‌ലറെ നായകസ്ഥാനത്തേക്കെത്തിക്കുന്നതാവും കൂടുതല്‍ നന്നാവുക.

മാച്ച് വിന്നറായ താരമല്ല
സഞ്ജു സാംസണെ മാച്ച് വിന്നറായ താരമെന്ന് വിശേഷിപ്പിക്കാനാവില്ല. സഞ്ജു മുന്നില്‍ നിന്ന് നയിച്ച് ടീമിനെ വിജയത്തിലേക്കെത്തിച്ച മത്സരങ്ങള്‍ കുറവാണെന്ന് തന്നെ പറയാം. ഐപിഎല്ലില്‍ മൂന്ന് തവണ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കൂടാതെ 17 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. എന്നാല്‍ ക്രീസില്‍ പിടിച്ചുനിന്ന് വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്ന് പറയാം. നായകനെന്ന നിലയില്‍ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതാണ്. സ്ഥിരതയോടെ കളിക്കാനും സാധിക്കണം.
എന്നാല്‍ സഞ്ജുവിന്റെ സ്ഥിരതയും പ്രശ്‌നമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിനെ പരിഗണിച്ചാല്‍ അദ്ദേഹത്തിന്റെ ആക്രമണ ബാറ്റിങ് ടീമിന് കരുത്താവും. നായകസ്ഥാനത്തേക്കെത്തുമ്പോള്‍ പക്വതയോടെ സഞ്ജു കളിക്കേണ്ടി വരുന്നത് ടീമിനെയും ബാധിക്കും. അതിനാല്‍ നായകസ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റുന്നതാണ് നല്ലത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications