രഹാനെയ്ക്കും മായങ്കിനും ടെസ്റ്റിലേക്കു വിളിയെത്തുമോ? രഞ്ജിയില്‍ മിന്നിച്ച് ഇവര്‍ റെഡി

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ തകര്‍പ്പന്‍ ജയങ്ങളുമായി മുന്നേറുകയാണെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനം അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തിയാല്‍ ടോപ്പ് ഫൈവലില്‍ ഇന്ത്യക്കു വിശ്വസിക്കാവുന്ന ഒരാള്‍ പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. പക്ഷെ ടീമില്‍ വലിയൊരു അഴിച്ചുപണിക്കൊന്നും ഇന്ത്യ മുതിരില്ലെന്നുറപ്പാണ്. എന്നാല്‍ ബാറ്റിങ് ദുരന്തം കെഎല്‍ രാഹുലിനെപ്പോലെ ചിലരെയെങ്കിലും മാറ്റാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.
ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനില്‍ മാനദണ്ഡമാവാറുള്ളത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയാണെന്നതില്‍ സംശയമില്ല. അടുത്തിടെ സമാപിച്ച രഞ്ജിയില്‍ മിന്നുന്ന പ്രകടനം നടത്തിയ ചില കളിക്കാര്‍ ടെസ്റ്റ് ടീമിലേക്കു വിളി പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. നേരത്തേ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന ചിലരും ഇക്കൂട്ടത്തിലുണ്ട്. രഞ്ജിയിലെ പ്രകടനത്തോടെ ടെസ്റ്റ് ടീമില്‍ അവസരം കാത്തിരിക്കുന്ന അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മായങ്ക് അഗര്‍വാള്‍
ടെസ്റ്റില്‍ ഒരു സമയത്ത് രോഹിത് ശര്‍മയുടെ സ്ഥിരം ഓപ്പണിങ് പങ്കാളിയായിരുന്നു മായങ്ക് അഗര്‍വാള്‍. ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ഫോമൗട്ടായതോടെ മായങ്കിനു ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഇപ്പോഴിതാ കര്‍ണാടകയ്ക്കായി രഞ്ജി ട്രോഫിയില്‍ റണ്‍സ് വാരിക്കൂട്ടി താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
കഴിഞ്ഞ രഞ്ജിയില്‍ ഏറ്റവുമധികം റണ്ണെടുത്തത് മായങ്കയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 82.5 ശരാശരിയില്‍ 990 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. നാട്ടുകാരന്‍ കൂടിയായ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പുറത്താവലിന്റെ വക്കില്‍ നില്‍ക്കെ ഈ സ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മായങ്ക്.

അജിങ്ക്യ രഹാനെ
ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റനും വിശ്വസ്തനായ മധ്യനിര ബാറ്ററുമായ അജിങ്ക്യ രഹാനെയാണ് രഞ്ജി ട്രോഫിയിലൂടെ കരിയര്‍ തിരിച്ചുപിടിച്ച മറ്റൊരു പ്രധാന താരം. രഞ്ജിയില്‍ മുംബൈ ടീമിനെ നയിച്ചത് രഹാനെയായിരുന്നു.
ഏഴു മല്‍സരങ്ങളില്‍ നിന്നും 634 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കെഎല്‍ രാഹുലിനെ പുറത്താക്കിയ ഒഴിവിലേക്കു ടെസ്റ്റില്‍ ഇന്ത്യക്കു പുതിയൊരു വൈസ് ക്യാപ്റ്റനെ ആവശ്യമായിരിക്കുകയാണ്. ഈ റോള്‍ തിരിച്ചുപിടിക്കാമെന്ന് സ്വപ്‌നം കാണുകയാണ് രഹാനെ.
Also Read: WTC: ലോക ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു വഴി തെളിഞ്ഞു! സംഭവിക്കേണ്ടത് 2 കാര്യം, നോക്കാം

പ്രിയങ്ക് പാഞ്ചാല്‍
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നേരത്തേ ബാക്കപ്പ് ഓപ്പണറായി ഉള്‍പ്പെട്ടിട്ടുള്ള താരമാണ് പ്രിയങ്ക് പാഞ്ചാല്‍. പക്ഷെ ഒരിക്കലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനു വേണ്ടി മികച്ച പ്രകടനമാണ് പാഞ്ചാല്‍ കാഴ്ചവച്ചത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 97.17 ശരാശരിയില്‍ 583 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.

ഷഹബാസ് നദീം
ഇടംകൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീമാണ് രഞ്ജി ട്രോഫിയില്‍ മിന്നിച്ച മറ്റൊരു താരം. ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്നു നദീം കൊയ്തത് 42 വിക്കറ്റുകളായിരുന്നു. നാലു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും.
Also Read: IND vs AUS: രോഹിത്തില്ല, സൂര്യ പുറത്തിരിക്കും! ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

പൃഥ്വി ഷാ
വെടിക്കെട്ട് താരം പൃഥ്വി ഷായാണ് രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മറ്റൊരു താരം. മുംബൈക്കു വേണ്ടിയായിരുന്നു അദ്ദേഹം കളിക്കാനിറങ്ങിയത്. ആസാമിനെതിരായ മല്‍സരത്തില്‍ പൃഥ്വ കരിയറിലെ കന്നി ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചിരുന്നു.
379 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 4 ഫോറുകളും നാലു സിക്‌സറുകളുമടക്കമായിരുന്നു ഇത്. നേരത്തേ ഇന്ത്യക്കു വേണ്ടി ടെസ്റ്റിലൂടെ അരങ്ങേറിയ താരമാണ് പൃഥ്വി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അദ്ദേഹം സെഞ്ച്വറിയോടെ വരവറിയിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications