For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ബുംറയേക്കാള്‍ മിടുക്കനോ സ്റ്റാര്‍ക്ക്? ഇനി തര്‍ക്കം വേണ്ട, കണക്കുകള്‍ നോക്കൂ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരായി ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും. ഏതു പിച്ചിലും പന്ത് കൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളവരാണ് രണ്ടു പേരും. ന്യൂബോളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ അപകടകാരികളാണ് ബുംറയും സ്റ്റാര്‍ക്കും.

ടി20 ഫോര്‍മാറ്റില്‍ ഈ രണ്ടു പേരില്‍ ആരാണ് ഏറ്റവും കേമന്‍? ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ശരിക്കും കുഴപ്പിക്കുന്ന ചോദ്യം തന്നെയാണിത്. കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവരില്‍ ആരാണ് ഏറ്റവും കേമനെന്നു നമുക്കു പരിശോധിക്കാം.

JASPRIT BUMRAH

അന്താരാഷ്ട്ര ടി20യിലെ പ്രകടനം

അന്താരാഷ്ട്ര ടി20യിലെ പ്രകടനങ്ങള്‍ താരതമ്യം ചെയ്താല്‍ ബുംറയും സ്റ്റാര്‍ക്കും തമ്മില്‍ വലിയ രീതിയിലുള്ള അന്തരം നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എങ്കിലും നേരിയ മുന്‍തൂക്കം ബുംറയ്ക്കു തന്നെയാണെന്നു നിസംശയം പറയാം. 70 ടി20കളിലാണ് ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 17.74 ശരാശരിയില്‍ 16.90 ബൗളിങ് സ്‌ട്രൈക്ക് റേറ്റില്‍ 6.27 എന്ന മികച്ച ഇക്കോണമി റേറ്റോടെ 89 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം.

പ്രകടനത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല സ്റ്റാര്‍ക്ക്. 65 ടി20കളിലാണ് അദ്ദേഹം ഓസ്‌ട്രേലിയയുടെ കുപ്പായമണിഞ്ഞത്. ഇവയില്‍ നിന്നും 23.81 ശരാശരയില്‍, 18.40 സ്‌ട്രൈക്ക് റേറ്റോടെ 79 വിക്കറ്റുകളാണ് സ്റ്റാര്‍ക്കിന്റെ സമ്പാദ്യം. 7.74 ആണ് ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്.

പവര്‍പ്ലേയിലെ കേമനാര്?

ടി20യില്‍ പവര്‍പ്ലേയിലെ പ്രകടനം താരതമ്യം ചെയ്താല്‍ അവിടെ വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തില്‍ അല്‍പ്പം മുന്‍തൂക്കം സ്റ്റാര്‍ക്കിനാണെന്നു കാണാം. പക്ഷെ ഇക്കോണമി റേറ്റില്‍ ബുംറയാണ് ബെസ്റ്റ്. പവര്‍പ്ലേയില്‍ 66 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതിനകം ബൗള്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ നിന്നും 30 വിക്കറ്റുകളും നേടി. 23.20 ശരാശരിയും 23.20 ബൗളിങ് സ്‌ട്രൈക്ക് റേറ്റുമാണ് ബുംറയുടേത്. വെറും ആറ് മാത്രമാണ് പവര്‍പ്ലേയില്‍ അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്.

സ്റ്റാര്‍ക്കാവട്ടെ ബുംറയേക്കാള്‍ ഒരു ഇന്നിങ്‌സ് കുറച്ചു മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയില്‍ ബുംറയേക്കാള്‍ രണ്ടു വിക്കറ്റുകള്‍ (32 വിക്കറ്റ്) അധികം നേടുകയും ചെയ്തു. 25.20 ശരാശരിയും 22.90 സ്‌ട്രൈക്ക് റേറ്റുമാണ് ഓസീസ് പേസറുടേത്. ഇക്കോണമി റേറ്റ് നോക്കിയാല്‍ 6.61 എന്നതാണ് സ്റ്റാര്‍ക്കിനുള്ളത്.

MITCHELL STARC

മധ്യ ഓവറുകളിലെ പ്രകടനം

മധ്യ ഓവറുകളിലെ പ്രകടനം നോക്കുകയാണെങ്കില്‍ അവിടെ വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തില്‍ ബുംറയും സ്റ്റാര്‍ക്കും ഒപ്പത്തിനൊപ്പമാണ്. പക്ഷെ ഇക്കോണമി റേറ്റില്‍ ഇന്ത്യന്‍ താരം വേറെ ലെവലാണെന്നു കാണാം. മധ്യ ഓവറുകളില്‍ ബുംറ 41 ഇന്നിങ്‌സുകളും സ്റ്റാര്‍ക്ക് 46 ഇന്നിങ്‌സുകളിലുമാണ് പന്തെറിഞ്ഞിട്ടുള്ളത്. ഇവയില്‍ നിന്നും 18 വീതം വിക്കറ്റുകള്‍ രണ്ടു പേരും വീഴ്ത്തുകയും ചെയ്തു.

പക്ഷെ 6.04 എന്ന കിടിലന്‍ ഇക്കോണമി റേറ്റ് ബുംറയ്ക്കുണ്ട്. സ്റ്റാര്‍ക്കിനാവട്ടെ 8.17 എന്ന മോശം ഇക്കോണമി റേറ്റാണുള്ളത്. ബുംറയുടെ ബൗളിങ് ശരാശരി 17.80ഉം ബൗളിങ് സ്‌ട്രൈക്ക് റേറ്റ് 17.70ഉം ആണ്. എന്നാല്‍ സ്റ്റാര്‍ക്കിന്റെ ശരാശരി 26.10ഉം സ്‌ട്രൈക്ക് റേറ്റ് 19.20ഉം ആണെന്നു കാണാം.

ഡെത്ത് ഓവറില്‍ ആരെ പേടിക്കണം?

ഡെത്ത് ഓവറെടുത്താല്‍ അവിടെയാണ് ബുംറ ശരിക്കും കിങാവുന്നത്. എല്ലാ തരത്തിലും സ്റ്റാര്‍ക്കിനേക്കാള്‍ ബഹുദൂരം മുന്നിലാണ് അദ്ദേഹം. 58 ഇന്നിങ്‌സുകളിലായി 6.82 ഇക്കോണമി റേറ്റില്‍ 41 വിക്കറ്റുകളാണ് ബുംറ നേടിയിരിക്കുന്നത്. സ്റ്റാര്‍ക്കാവട്ടെ 47 ഇന്നിങ്‌സുകളില്‍ നിന്നും 9.51 എന്ന മോശം ഇക്കോണമി റേറ്റില്‍ വെറും 29 വിക്കറ്റുകള്‍ മാത്രമേ വീഴ്ത്തിയിട്ടുള്ളൂ.

ഈ കണക്കുകളെല്ലാം വിലയിരുത്തുമ്പോള്‍ ബുംറയെ ഒരു കംപ്ലീറ്റ് ബൗളറെന്നു നമുക്കു വിശേഷിപ്പിക്കാം. സ്റ്റാര്‍ക്കിനേക്കാള്‍ ഈ ഫോര്‍മാറ്റില്‍ ഇംപാക്ടുണ്ടാക്കുന്ന ബൗളറും അദ്ദേഹം തന്നെയാണെന്നു നിസംശയം പറയാം.

Story first published: Sunday, August 25, 2024, 18:15 [IST]
Other articles published on Aug 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+