Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഖത്തടിയേറ്റതു പോലെ തോന്നി... സിഎസ്‌കെയില്‍ നിന്നും പ്രതീക്ഷിച്ചില്ല, ആഞ്ഞടിച്ച് അശ്വിന്‍

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുന്നതിനിടെ തനിക്കു നേരിട്ട ഏറ്റവും മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് അശ്വിന്‍ ആഞ്ഞടിച്ചത്. പ്രമുഖ കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറുമായുള്ള വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2010ലെ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം തന്റെ മുഖത്ത് അടിയേറ്റത് പോലെ ആയിരുന്നുവെന്ന് അശ്വിന്‍ വെളിപ്പെടുത്തി. ടൂര്‍ണമെന്റിലെ രണ്ടു മല്‍സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ ഒഴിവാക്കിയതാണ് ഏറെ വേദനിപ്പിച്ചതെന്നു അദ്ദേഹം പറയുന്നു. അന്നു കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് തന്നോടു ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും വേണ്ടത്ര പിന്തുണയും ലഭിച്ചില്ലെന്നും അശ്വിന്‍ തുറന്നടിച്ചു.

ashwin

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നടന്ന മല്‍സരത്തില്‍ അശ്വിന്‍ നന്നായി തല്ലു വാങ്ങിയിരുന്നു. റോബിന്‍ ഉത്തപ്പയും മാര്‍ക്ക് ബൗച്ചറും സ്പിന്നറെ കണക്കറ്റ് ശിക്ഷിച്ചു. അന്നു 14, 16, 18, 20 ഓവറുകളായിരുന്നു താന്‍ ബൗള്‍ ചെയ്തത്. ഉത്തപ്പയും ബൗച്ചറും ചേര്‍ന്ന് തന്നെ നല്ലൊരു പാഠം പഠിപ്പിച്ചു. അതൊരു വെല്ലുവിളിയായിരുന്നുവെന്ന് അന്ന് യുവതാരമായിരുന്ന തനിക്കു മനസ്സിലായില്ല. വിക്കറ്റെടുക്കാനുള്ള ഒരു അവസരമായി മാത്രമേ അതിനെ കണ്ടിരുന്നുള്ളൂ. കളിയില്‍ വിക്കറ്റൊന്നും തനിക്കു ലഭിച്ചില്ല. 40-45 റണ്‍സ് വഴങ്ങുകയും ചെയ്തു. ഇത് സിഎസ്‌കെയ്ക്കു ആഘാതമായി മാറുകയും ചെയ്തു. സൂപ്പര്‍ ഓവറിലേക്കു നീണ്ട തൊട്ടടുത്ത മല്‍സരത്തില്‍ സിഎസ്‌കെ പരാജയമേറ്റു വാങ്ങി. ഇതോടെ താന്‍ ടീമിനു പുറത്താവുകയും ചെയ്തു. അപ്രതീക്ഷിതമായി മുഖത്തേറ്റ പ്രഹരം പോലെയായിരുന്നു ഇതെന്നും അശ്വിന്‍ വിശദമാക്കി.

അക്കാലത്ത് ഹോം ഗെയിമുകള്‍ നടക്കുമ്പോള്‍ 18 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത താരങ്ങളെ വീട്ടിലേക്കു തിരിച്ച് അയക്കുമായിരുന്നു. ഹോട്ടല്‍ ചെലവ് കുറയ്ക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇതേ തുടര്‍ന്നു വീട്ടിലേക്കു മടങ്ങിയ അശ്വിന്‍ ടെലിവിഷനിലാണ് സിഎസ്‌കെയുടെ മല്‍സരങ്ങള്‍ കണ്ടത്.

അന്ന് ടീമില്‍ നിന്നൊഴിവാക്കപ്പെടുകയും ഹോട്ടല്‍ റൂമില്‍ നിന്നും വീട്ടിലേക്കു മടങ്ങേണ്ടി വരികയും ചെയ്തപ്പോള്‍ കടുത്ത നിരാശയും ദുഖവും തോന്നി. കാരണം ഇത്രയൊന്നും താന്‍ അര്‍ഹിച്ചിരുന്നതായി തോന്നിയിട്ടില്ല. അന്നു വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ലിസ്റ്റിലും താനുണ്ടായിരുന്നു. എന്തു കൊണ്ട് സിഎസ്‌കെ അന്നു പിന്തുണച്ചില്ലെന്നു തോന്നിയിട്ടുണ്ട്. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വെറും രണ്ടു കളികളില്‍ മാത്രമാണ് ഫോമൗട്ടായത്. ഏതൊരു താരത്തിനും കരിയറില്‍ ഇതുപോലെ ചില മോശം മല്‍സരങ്ങളുണ്ടാവുമെന്നും അശ്വിന്‍ പറഞ്ഞു. കോച്ച് ഫ്‌ളെമിങുമായി ചില പ്രശ്‌നങ്ങള്‍ തനിക്കുണ്ടായിരുന്നതായും ഇതാവാം ടീമില്‍ ഒഴിവാക്കപ്പെടാനുള്ള മുഖ്യ കാരണമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 27, 2020, 14:24 [IST]
Other articles published on Apr 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+