Isl 2023: എല്ലാം റഫറിക്ക് അറിയാം! കരിയറില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല- പ്രതികരിച്ച് ഛേത്രി

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരേ ബംഗളൂരു എഫ്‌സി നേടിയ ഫ്രീകിക്ക് ഗോള്‍ വലിയ വിവാദമായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി കിക്കെടുത്ത് വലയിലെത്തിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സ് ഗോളി തയ്യാറെടുക്കും മുമ്പ് തന്നെ ഛേത്രി പന്ത് വലയിലേക്കെത്തിച്ചു. റഫറി ഇത് ഗോളായി അനുവദിക്കുകയും ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാകാന്‍ നില്‍ക്കാതെ ബഹിഷ്‌കരിക്കുകയും ചെയ്തു.
ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകാനോവിച്ച് ശക്തമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. കടുത്ത അതൃപ്തി അറിയിച്ച് അദ്ദേഹം ടീമുമായി മടങ്ങുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെ പല തരം അഭിപ്രായങ്ങളും ഉയരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലപാടിനെ പിന്തുണച്ച് ആരാധകര്‍ വലിയ സ്വീകരണമാണ് കൊച്ചിയില്‍ നല്‍കിയത്. എന്നാല്‍ എക്‌സ്ട്രാ ടൈം ഉള്‍പ്പെടെ 23 മിനുട്ട് മത്സരം ശേഷിക്കെ ബ്ലാസ്റ്റേഴ്‌സ് കളം വിടാതെ തിരിച്ചടിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നതെന്ന് പറയുന്നുവരുമേറെ.
ഇന്ത്യയുടെ ഇതിഹാസ താരമായ സുനില്‍ ഛേത്രിക്കെതിരേ വലിയ വിമര്‍ശനം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഉയര്‍ത്തവെ എന്താണ് സംഭവിച്ചതെന്ന് സുനില്‍ ഛേത്രി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

എല്ലാം റഫറിക്ക് അറിയാമെന്ന് ഛേത്രി
എന്റെ 22 വര്‍ഷത്തെ കരിയറില്‍ ഇത്തരമൊരു സംഭവം കണ്ടിട്ടില്ല. ഞാന്‍ എപ്പോഴും റഫറിയോട് ചോദിച്ചിട്ടാണ് ഫ്രീകിക്ക് എടുക്കുന്നത്. ഇത് അല്‍പ്പം കൂടി മനോഹരമായ നിമിഷമായിരുന്നു. എന്തായാലും ബംഗളൂരുവിനെ സെമിയിലേക്കെത്തിക്കാനായതില്‍ ഞാന്‍ സന്തോഷവാനാണ്.
റഫറിയോട് സംസാരിച്ചപ്പോള്‍ വിസില്‍ വേണ്ടെന്ന് ഞാനാണ് പറഞ്ഞത്. റഫറി വീണ്ടും ഇക്കാര്യം ചോദിച്ചെങ്കിലും വിസില്‍ വേണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ലൂണ എന്റെ ഷോട്ട് തടുക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
കാരണം എല്ലാം വിവാദമായി മാറും. എന്നാല്‍ കൃത്യമായി റഫറിയോട് ചോദിച്ചിട്ടാണ് ഞാന്‍ ഫ്രീകിക്കെടുത്തത്'- ഐഎസ്എല്ലിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമത്തിലൂടെ ഛേത്രി പ്രതികരിച്ചു.
Also Read: യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

ബ്ലാസ്റ്റേഴ്‌സിന്റെ അലസതക്ക് ഛേത്രിയെ കുറ്റം പറയണോ?
ഫുട്‌ബോളില്‍ ലഭിക്കുന്ന അവസരത്തെ മുതലാക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സുനില്‍ ഛേത്രിയും ചെയ്തത് അത് തന്നെയാണ്. ടീമിന്റെ ജയത്തിനാണ് പ്രാധാന്യമെന്നതിനാല്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയാണ് ഛേത്രി ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ശ്രദ്ധക്കുറവിനെയും അലസതയേയും ഛേത്രി നന്നായി മുതലാക്കിയെന്ന് തന്നെ പറയാം. കിക്കെടുക്കാന്‍ നില്‍ക്കുന്ന ഛേത്രി റഫറിയുമായി കൃത്യമായി ആശയ വിനിമയം നടത്തിയാണ് കിക്കെടുത്തത്.
ഈ സമയത്ത് അത് ശ്രദ്ധിക്കാതെ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നതുവരെ ഛേത്രി ഷോട്ടെടുക്കാന്‍ കാത്തുനില്‍ക്കണമെന്നതെല്ലാം വികാരത്തിന്റെ പുറത്ത് പറയാവുന്ന കാര്യങ്ങള്‍ മാത്രമാണ്. ഫുട്‌ബോളിലെ നിയമപ്രകാരം സുനില്‍ ഛേത്രി ചെയ്തതില്‍ തെറ്റ് പറയാനാവില്ല.
റഫറി വിസില്‍ മുഴക്കണമെന്നത് നിയമമല്ല. ടീം ആവിശ്യപ്പെടാത്ത പക്ഷം റഫറിക്ക് വിസില്‍ മുഴക്കേണ്ട ആവിശ്യമില്ല. അതുകൊണ്ട് തന്നെ റഫറിയെ വിമര്‍ശിക്കുന്നതിലും വലിയ കാര്യമില്ല.
Also Read: ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

ബ്ലാസ്റ്റേഴ്‌സിന് പണികിട്ടുമെന്നുറപ്പ്
ഐഎസ്എല്ലില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിന്റെ ആരാധക പിന്തുണ ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം ബ്ലാസ്റ്റേഴ്‌സ് ടീമാണെന്ന് പറയാം. എന്നാല്‍ ഐഎസ്എല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ടീം മത്സരം ബഹിഷ്‌കരിക്കുന്ന സാഹചര്യം ഉണ്ടായത്.
അഭിമാനമാണ് വലുതെന്ന തരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പരിശീലകന്റെ നടപടിയെ ന്യായീകരിക്കുമ്പോഴും വസ്തുത അങ്ങനെയല്ലെന്ന് തന്നെ പറയാം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണ നടപടിക്ക് കടുത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നത്.
ടീമിന് കടുത്ത പിഴ ശിക്ഷയും വിലക്കും വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിശീലകന്‍ വുകോമാനോവിച്ചിന്റെ നിലപാടിനോട് ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മെന്റിന്റെ നിലപാട് എങ്ങനെയാണെന്നതും കണ്ടറിയേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications