ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ പ്ലേ ഓഫ് ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. ഇനി നാലാമത്തെ ടീം ആരാണെന്ന് മാത്രമാണ് അറിയേണ്ടത്. സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ നടക്കുന്ന മത്സരമാവും പ്ലേ ഓഫിലെത്തുന്ന നാലാമനെ തീരുമാനിക്കുക. മത്സരത്തില്‍ മഴ ഭീഷണി നിലനില്‍ക്കുന്നു.
മത്സരം ഉപേക്ഷിച്ചാല്‍ ആര്‍സിബിയെ മറികടന്ന് സിഎസ്‌കെ പ്ലേ ഓഫ് ടിക്കറ്റെടുക്കും. എന്നാല്‍ ആര്‍സിബി 18 റണ്‍സിനോ 11 പന്ത് ബാക്കിനിര്‍ത്തിയോ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ സിഎസ്‌കെയെ മറികടന്ന് പ്ലേ ഓഫിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കും. നിര്‍ണ്ണായകമായ മത്സരത്തില്‍ സിഎസ്‌കെയ്ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ സിഎസ്‌കെയെ മറികടന്ന് ആര്‍സിബി പ്ലേ ഓഫിലെത്താന്‍ സാധ്യത കൂടുതലാണ്. കാരണങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാരണം ആര്‍സിബിയുടെ തട്ടകത്തിലാണ് മത്സരം നടക്കുന്നതെന്നാണ്. ചിന്നസ്വാമിയില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 10ല്‍ 5 തവണയും ജയിക്കാന്‍ സിഎസ്‌കെയ്ക്കായിരുന്നു. നാല് തവണയാണ് ആര്‍സിബി ജയിച്ചത്. എന്നാല്‍ ഇത്തവണ സിഎസ്‌കെയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ആര്‍സിബിക്ക് ഫോമുകൊണ്ട് സാധിക്കുന്നുണ്ട്. തട്ടകത്തിന്റെ ആനുകൂല്യം ആര്‍സിബിക്കുണ്ട്. അത് നിര്‍ണ്ണായകമായ മത്സരത്തില്‍ ആര്‍സിബിക്ക് ഗുണം ചെയ്‌തേക്കും.
സിഎസ്‌കെയുടെ ഇത്തവണത്തെ പ്രകടനം സ്ഥിരതയില്ലാതെയാണ്. അവസാനം കളിച്ച അഞ്ച് മത്സരം പരിശോധിക്കുമ്പോള്‍ സിഎസ്‌കെ ഒരു മത്സരം ജയിച്ചാല്‍ തൊട്ടടുത്ത മത്സരം തോല്‍ക്കുന്നതായാണ് കാണാനാവുന്നത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ സിഎസ്‌കെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. കണക്ക് നോക്കുമ്പോള്‍ സിഎസ്‌കെ അടുത്ത മത്സരം സിഎസ്‌കെ തോല്‍ക്കാനാണ് സാധ്യത കൂടുതല്‍.

ഇത്തവണത്തെ സിഎസ്‌കെയുടെ ബാറ്റിങ് നിരയില്‍ റുതുരാജ് ഗെയ്ക് വാദിനെ മാറ്റിനിര്‍ത്തിയാല്‍ വിശ്വസിക്കാവുന്ന താരങ്ങള്‍ ആരുമില്ല. ഡാരില്‍ മിച്ചല്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും പ്രധാന മത്സരത്തില്‍ വിശ്വസ്തനെന്ന് നിലവിലെ പ്രകടനം വിലയിരുത്തി പറയാനാവില്ല. അതേ സമയം ആര്‍സിബിക്കായി വിരാട് കോലി മികച്ച ഫോമിലാണ് കളിക്കുന്നത്. രജത് പാട്ടീധാര്‍ മധ്യ ഓവറുകളില്‍ വെടിക്കെട്ട് നടത്തി ടീമിന് കരുത്താവുന്നു.
ദിനേഷ് കാര്‍ത്തിക്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ അവസാന ഓവറുകളില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നു. ഫഫ് ഡുപ്ലെസിസ് കൂടി ഫോമിലേക്കെത്തിയാല്‍ പതിവ് സ്പിന്നാക്രമണംകൊണ്ട് പിടിച്ചുകെട്ടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചേക്കില്ല. ആര്‍സിബിയുടെ തട്ടകമായതിനാല്‍ പേസിന് അനുകൂലമായി പിച്ചൊരുക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ സ്പിന്‍ നിരയിലൂടെ കളി പിടിച്ചെടുക്കുന്ന സിഎസ്‌കെയുടെ പതിവ് തന്ത്രം ഫലം കണ്ടേക്കില്ല.
ആര്‍സിബി അവസാനം കളിച്ച അഞ്ച് മത്സരത്തിലും തുടര്‍ ജയങ്ങള്‍ നേടിയാണ് വരുന്നത്. ഇത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. സ്വന്തം കാണികളുടെ പിന്തുണയും കൂടിയാവുമ്പോള്‍ ആര്‍സിബിക്ക് കൂടുതല്‍ കരുത്തോടെ കളിക്കാനാവും. എവേ മത്സരത്തിന്റെ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ ശേഷിയുള്ള താരങ്ങള്‍ നിലവിലെ സിഎസ്‌കെ നിരയില്‍ കുറവാണ്. എംഎസ് ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ തയ്യാറായാല്‍ ടീമിനത് ഗുണം ചെയ്യും.
അല്ലാത്ത പക്ഷം സിഎസ്‌കെയുടെ ബാറ്റിങ് നിര നിരാശപ്പെടുത്താനാണ് സാധ്യത കൂടുതല്‍. ചെണ്ടകളെന്ന് വിളിപ്പേരുള്ള ആര്‍സിബി ബൗളര്‍മാര്‍ അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബംഗളൂരുവിലെ പിച്ച് ചെറുതായതിനാല്‍ ബാറ്റിങ് പ്രകടനമാണ് നിര്‍ണ്ണായകമാവുക. സിഎസ്‌കെയെക്കാള്‍ മികച്ച ബാറ്റിങ് നിര നിലവില്‍ ഫോം പരിശോധിക്കുമ്പോള്‍ ആര്‍സിബിക്കാണ്. ഇതും ടീമിന് പ്രതീക്ഷ നല്‍കുന്നു.