IPL 2024: ധോണിയുടെ വെടിക്കെട്ട്, സിഎസ്‌കെ ആരാധകര്‍ നന്ദി പറയുന്നത് ഖലീലിന്! കാരണമിതാ
വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ കസറിയിരിക്കുകയാണ് എംഎസ് ധോണി. 307 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ധോണി ബാറ്റുചെയ്യാന്‍ ഇറങ്ങുന്നത്. ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും മനസ് നിറക്കുന്ന വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായി. 16 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 37 റണ്‍സാണ് ധോണി നേടിയത്. 231.25 സ്‌ട്രൈക്ക് റേറ്റിലാണ് ധോണി കസറിയത്.
ധോണിയുടെ തകര്‍പ്പന്‍ ബാറ്റിങ് ഒരിക്കല്‍ക്കൂടി കാണാനായതില്‍ എല്ലാവരും ഹാപ്പിയാണ്. 42ാം വയസിലും ധോണിക്ക് മികവ് കാട്ടാന്‍ സാധിക്കുന്നുവെന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ധോണിയുടെ വെടിക്കെട്ടിന് ആരാധകര്‍ നന്ദി പറയുന്നത് ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ഖലീല്‍ അഹമ്മദിനോടാണ്. അതിനൊരു കാരണവുമുണ്ട്. ധോണിയെ നാല് റണ്‍സില്‍ പുറത്താക്കാന്‍ ഡല്‍ഹിക്ക് അവസരം ലഭിച്ചതാണ്. മുകേഷ് കുമാറിന്റെ ഓവറിലായിരുന്നു സംഭവം.
ഓഫ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ച ധോണിക്ക് പിഴച്ചപ്പോള്‍ ഖലീലിന് അനായാസ ക്യാച്ച് ലഭിച്ചു. എന്നാല്‍ ഖലീല്‍ ഇത് പാഴാക്കി. പിന്നീടാണ് ധോണി കത്തിക്കയറിയത്. അല്ലായിരുന്നെങ്കില്‍ നാല് റണ്‍സില്‍ ധോണി മടങ്ങിയേനെ. മുകേഷ് കുമാറിന് അര്‍ഹിച്ച വിക്കറ്റാണ് ഖലീല്‍ നഷ്ടപ്പെടുത്തിയത്. എന്തായാലും ഖലീലിന്റെ പിഴവ് സിഎസ്‌കെ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. സിഎസ്‌കെയുടെ തോല്‍വിയിലും സന്തോഷത്തോടെയാണ് ആരാധകര്‍ കളം വിട്ടത്.
ഇതിന് കാരണം ധോണിയുടെ വെടിക്കെട്ട് പ്രകടനമാണ്. കാലിന് പരിക്കുള്ളതിനാലാണ് ധോണി നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാത്തത്. ഡല്‍ഹിക്കെതിരായ മത്സരശേഷം ധോണി കാലില്‍ വേദനസംഹാരിക്കുള്ള ബാന്റ് ഉപയോഗിച്ചിരുന്നു. 42ാം വയസിലും ധോണിക്ക് തന്റെ ഫിനിഷിങ് മികവ് നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോഴും ഒരു വെടിക്കെട്ടിനുള്ള ശേഷി തനിക്കുണ്ടെന്ന് തെളിയിക്കാന്‍ സിഎസ്‌കെയുടെ തലക്കായി. മികച്ച ബൗളിങ് പ്രകടനത്തോടെയാണ് സിഎസ്‌കെയെ ഡല്‍ഹി പൂട്ടിയത്.

ഖലീല്‍ അഹമ്മദ് ധോണിയെ കൈവിട്ട് കളഞ്ഞെങ്കിലും മാച്ച് വിന്നറായി മാറി. സിഎസ്‌കെയുടെ രണ്ട് ഓപ്പണര്‍മാരേയും തുടക്കത്തിലേ മടക്കി കളിയുടെ ഗതി മാറ്റിയത് ഖലീല്‍ അഹമ്മദാണ്. റുതുരാദ് ഗെയ്ക്‌വാദിനെ 1 റണ്‍സിനും രചിന്‍ രവീന്ദ്രയെ 2 റണ്‍സിനും മടക്കി അയക്കാന്‍ ഖലീല്‍ അഹമ്മദിനായി. പവര്‍പ്ലേയ്ക്കുള്ളില്‍ 2 വിക്കറ്റ് നഷ്ടമായതാണ് സിഎസ്‌കെയെ തളര്‍ത്തിയത്. മധ്യ ഓവറുകളില്‍ മുകേഷ് കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ്ങും ഗുജറാത്തിന് കരുത്തായി.
സ്ലോ ബോളുകളിലൂടെ തന്ത്രം മെനഞ്ഞ മുകേഷ് പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. അജിന്‍ക്യ രഹാനെ, സമീര്‍ റിസ്വി എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മുകേഷ് മടക്കിയത് മത്സരഫലം മാറ്റുന്നതില്‍ നിര്‍ണ്ണായകമായി. വമ്പനടിക്കാരനായ ശിവം ദുബയേയും മുകേഷ് പുറത്താക്കി. ഡല്‍ഹിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ജയമാണിത്. ആദ്യ രണ്ട് മത്സരവും തോറ്റ ഡല്‍ഹിക്ക് തട്ടകത്തില്‍ എന്ത് വിലകൊടുത്തും ജയിക്കണമായിരുന്നു. അത് സാധിച്ചുവെന്നത് നായകനെന്ന നിലയില്‍ റിഷഭിന് ആശ്വാസമാവും.
അതേ സമയം സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിന് ഇത്തവണ ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. നായകസ്ഥാനം റുതുരാജിന് വലിയ തലവേദനയായി മാറിയിട്ടുണ്ടെന്ന് പറയാം. ധോണിക്ക് ശേഷം ടീമിനെ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ റുതുരാജ് പ്രയാസപ്പെട്ടേക്കും. ബാറ്റ്‌സ്മാനെന്ന നിലയില്‍ റുതുരാജിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനാവാത്തത് സിഎസ്‌കെയെ പിന്നോട്ടടിക്കുന്നു. കഴിഞ്ഞ രണ്ട് സീസണിലും സിഎസ്‌കെയുടെ പ്രധാന റണ്‍വേട്ടക്കാരന്‍ റുതുരാജായിരുന്നു.
വരുന്ന മത്സരങ്ങളിലൂടെ താരം ഫോം കണ്ടെത്തി ശക്തമായി തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ധോണിയുടെ കൂടുതല്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ വരുന്ന മത്സരങ്ങളിലും ആരാധകര്‍ക്ക് കാണാനായേക്കും. എന്തായാലും ഡല്‍ഹിക്കെതിരായ ധോണി വെടിക്കെട്ട് ആരാധകരെ ത്രില്ലടിപ്പിച്ചുവെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications