മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ആര്‍സിബിയും തമ്മില്‍ ഏറ്റുമുട്ടും. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. 23ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. 24നും രണ്ട് മത്സരങ്ങള്‍ നടക്കുന്നുണ്ട്.
ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടും. ജയ്പൂരിലാണ് ഈ മത്സരം നടക്കുന്നത്. വൈകീട്ട് നടക്കുന്ന മത്സരത്തില്‍ തീപാറും. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഗുജറാത്ത് വിട്ട് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയ ശേഷം നടക്കുന്ന ആദ്യത്തെ മത്സരമെന്ന നിലയില്‍ വലിയ പ്രാധാന്യം ഈ മത്സരത്തിനുണ്ട്.
ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് ഈ മത്സരമെന്നത് മുംബൈക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കുന്നു. 25ന് നടക്കുന്ന മത്സരത്തില്‍ ആര്‍സിബിയും പഞ്ചാബും ഏറ്റുമുട്ടും. ആര്‍സിബിയുടെ തട്ടകത്തിലാണ് ഈ മത്സരം. 26ന് സൂപ്പര്‍ പോരാട്ടമാണ്. സിഎസ്‌കെയും ഗുജറാത്തും ചെന്നൈയിലാണ് നേര്‍ക്കുനേര്‍ എത്തുന്നത്. 28നാണ് സഞ്ജുവിന്റെ രാജസ്ഥാനും റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുന്നത്.
ആദ്യത്തെ 21 മത്സരങ്ങള്‍ക്കായുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാവും പ്രഖ്യാപിക്കുക. ആദ്യത്തെ ഷെഡ്യൂളില്‍ മുംബൈ സിഎസ്‌കെ മത്സരമില്ല. ആര്‍സിബി, ഗുജറാത്ത്, ഡല്‍ഹി, ഹൈദരാബാദ് എന്നിവരെയാണ് സിഎസ്‌കെ ആദ്യ ഷെഡ്യൂളില്‍ നേരിടുന്നത്. മുംബൈയുടെ എതിരാളികള്‍ ഗുജറാത്തും ഹൈദരാബാദും രാജസ്ഥാനും ഡല്‍ഹിയുമാണ്. രണ്ടാം ഷെഡ്യൂള്‍ പ്രഖ്യാപിക്കുമ്പോള്‍ മുംബൈ-സിഎസ്‌കെ പോരാട്ടത്തോടെ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

ആര്‍സിബി സിഎസ്‌കെ, പഞ്ചാബ്, കെകെആര്‍, ലഖ്‌നൗ, രാജസ്ഥാന്‍ ടീമുകളുമായി കളിക്കുന്നുണ്ട്. കെകെആര്‍ ആര്‍സിബി മത്സരത്തില്‍ തീപാറും. ഗൗതം ഗംഭീര്‍ കെകെആര്‍ മെന്ററായി ഇത്തവണ എത്തുമ്പോള്‍ ടീമിന്റെ ആക്രമണോത്സകത ഉയരും. അതുകൊണ്ടുതന്നെ കോലി കളിക്കുന്ന ആര്‍സിബിക്കെതിരേ എത്തുമ്പോള്‍ തീപാറുമെന്നുറപ്പാണ്. വലിയ മാറ്റങ്ങളോടെയെത്തുന്ന ഹൈദരാബാദിന്റെ ആദ്യ എതിരാളികള്‍ കെകെആറാണ്. കൊല്‍ക്കത്തയിലാണ് ഈ മത്സരം. മുംബൈ, ഗുജറാത്ത്, സിഎസ്‌കെ ടീമുകളുമായി ഹൈദരാബാദ് കളിക്കുന്നുണ്ട്.
കെകെആറിന് മൂന്ന് മത്സരങ്ങളാണ് ആദ്യ ഷെഡ്യൂളിലുള്ളത്. ഹൈദരാബാദാണ് ആദ്യ എതിരാളികള്‍. ആര്‍സിബി, ഡല്‍ഹി എന്നിവരാണ് കെകെആറിന്റെ മറ്റ് എതിരാളികള്‍. കെ എല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ആദ്യ എതിരാളി രാജസ്ഥാനാണ്. പഞ്ചാബ്, ആര്‍സിബി, ഗുജറാത്ത് എന്നിവരാണ് മറ്റ് എതിരാളികള്‍. സഞ്ജുവിന്റെ രാജസ്ഥാന് നാല് മത്സരങ്ങളാണ് ആദ്യ ഷെഡ്യൂളിലുള്ളത്. ലഖ്‌നൗ, ഡല്‍ഹി, മുംബൈ, ആര്‍സിബി എന്നിവരാണ് രാജസ്ഥാന്റെ എതിരാളികള്‍. ഗുജറാത്ത് മുംബൈ, സിഎസ്‌കെ, ഹൈദരാബാദ്, പഞ്ചാബ്, ലഖ്‌നൗ ടീമുകളെ നേരിടും.
രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പിന്റെ ഇടവേള ലഭിച്ചേക്കും. പതിവില്‍ നിന്നും നേരത്തെയാണ് ഐപിഎല്‍ ഇത്തവണ ആരംഭിക്കുന്നത്. ജൂണ്‍ ആദ്യവാരം ടി20 ലോകകപ്പ് ആരംഭിക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം. എന്തായാലും ആരാധകരെ ത്രസിപ്പിക്കുന്ന മത്സരങ്ങള്‍ ആദ്യ ഷെഡ്യൂളില്‍ത്തന്നെയുണ്ട്. സിഎസ്‌കെയും ആര്‍സിബിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീപാറും.
ഇത്തവണയും ആദ്യ ഐപിഎല്‍ കിരീടമെന്ന മോഹത്തോടെയാണ് ആര്‍സിബി ഇറങ്ങുന്നത്. സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെയാണ് കളത്തിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ പോരാട്ടത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്.