അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 59ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 35 റണ്‍സിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 231 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശുബ്മാന്‍ ഗില്ലിന്റേയും (104) സായ് സുദര്‍ശന്റേയും (103) സെഞ്ച്വറി പ്രകടനങ്ങളാണ് ഗുജറാത്തിന് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് സ്വപ്‌ന തുല്യമായ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്ലും സായ് കിഷോറും ചേര്‍ന്ന് നല്‍കിയത്. തുടക്കം മുതല്‍ 10 റണ്‍റേറ്റ് നിലനിര്‍ത്തിപ്പോയ സായിയും ശുബ്മാനും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. 51 പന്തില്‍ 5 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 103 റണ്‍സ് നേടിയ സായിയെ പുറത്താക്കി തുഷാര്‍ ദെശപാണ്ഡെയാണ് കൂട്ടുകെട്ട് പൊളിച്ചത്. 50 പന്തിലാണ് സായ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പ്രകടനമാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. 25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഗില്‍ 50 പന്തില്‍ സെഞ്ച്വറിയിലേക്കുമെത്തി. 55 പന്തില്‍ 9 ഫോറും 6 സിക്‌സുമടക്കം 104 റണ്‍സെടുത്ത ശുബ്മാനെ ദെശപാണ്ഡെയാണ് പുറത്താക്കിയത്. ഡാരില്‍ മിച്ചലിന്റെ പന്തില്‍ ശുബ്മാന്‍ ഗില്‍ ക്യാച്ചവസരം നല്‍കിയെങ്കിലും ദെശപാണ്ഡെ ക്യാച്ച് പാഴാക്കിയതാണ് ഗുജറാത്ത് നായകനെ നാലാം ഐപിഎല്‍ സെഞ്ച്വറിയിലേക്കെത്തിച്ചത്.
മുസ്തഫിസുര്‍ റഹ്‌മാന്‍, ദീപക് ചഹാര്‍, മതീഷ പതിരാന എന്നിവരുടെ അഭാവം സിഎസ്‌കെയെ കാര്യമായി ബാധിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് സിഎസ്‌കെയ്‌ക്കെതിരേ ഒരു ടീമിന്റെ ഓപ്പണര്‍മാര്‍ 150 പ്ലസ് റണ്‍സ് നേടുന്നത്. ഇതിന് കാരണം സിഎസ്‌കെയുടെ പ്രധാന ബൗളര്‍മാരുടെ അഭാവമായിരുന്നു. 16.2 ഓവറില്‍ 200 റണ്‍സിലേക്കെത്താന്‍ ഗുജറാത്തിന് സാധിച്ചിരുന്നു.
എന്നാല്‍ പിന്നീടുള്ള 24 പന്തില്‍ സിഎസ്‌കെ ബൗളര്‍മാര്‍ പിടിമുറുക്കി. ഇതോടെ 3 വിക്കറ്റിന് 231 എന്ന സ്‌കോറിലേക്ക് അഹമ്മദാബാദ് ഒതുങ്ങി. ഡേവിഡ് മില്ലര്‍ 11 പന്തില്‍ 16 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ ഷാരൂഖ് ഖാന്‍ (2) അവസാന പന്തില്‍ റണ്ണൗട്ടായി.

മറുപടിക്കിറങ്ങിയ സിഎസ്‌കെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രചിന്‍ രവീന്ദ്ര (2 പന്തില്‍ 1) റണ്ണൗട്ടായി മടങ്ങി. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ അജിന്‍ക്യ രഹാനെയെ (5 പന്തില്‍ 1) സന്ദീപ് വാര്യര്‍ രാഹുല്‍ തെവാത്തിയയുടെ കൈയിലെത്തിച്ചു. നായകന്‍ റുതുരാജ് ഗെയ്ക് വാദിനെ (0) ഉമേഷ് യാദവും പുറത്താക്കിയതോടെ 10 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് സിഎസ്‌കെ തുടക്കത്തിലേ പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചലും മോയിന്‍ അലിയും ചേര്‍ന്ന് പൊരുതി.
കൂട്ടുകെട്ട് സിഎസ്‌കെയ്ക്ക് പ്രതീക്ഷ നല്‍കവെ മിച്ചലിനെ മോഹിത് ശര്‍മ പുറത്താക്കി. 34 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് മിച്ചല്‍ നേടിയത്. 36 പന്തില്‍ 4 വീതം സിക്‌സും ഫോറുമുള്‍പ്പെടെ 56 റണ്‍സ് നേടിയ മോയിന്‍ അലിയേയും മോഹിത് ശര്‍മ പുറത്താക്കി. വമ്പനടിക്കാരന്‍ ശിവം ദുബെയേയും (21) മോഹിത് മടക്കി.
13 പന്ത് നേരിട്ട് 2 ഫോറും 1 സിക്‌സുമാണ് മോഹിത്തിന് നേടാനായത്. അവസാന പ്രതീക്ഷയായിരുന്ന രവീന്ദ്ര ജഡേജയെ (10 പന്തില്‍ 18) റാഷിദ് ഖാനും പുറത്താക്കി. മിച്ചല്‍ സാന്റ്‌നറെ (0) റാഷിദ് ക്ലീന്‍ബൗള്‍ഡാക്കി. എംഎസ് ധോണി (11 പന്തില്‍ 26*) പുറത്താവാതെ നിന്നു.
പ്ലേയിങ് 11- സിഎസ്‌കെ- രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്‌വാദ് (c), ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, മോയിന്‍ അലി, മിച്ചല്‍ സാന്റ്‌നര്‍, എംഎസ് ധോണി (c), ശാര്‍ദ്ദുല്‍ ടാക്കൂര്‍, തുഷാര്‍ ദെശപാണ്ഡെ, സിമര്‍ജീത് സിങ്
ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, മാത്യു വേഡ് (wc), രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദാബാദ്, ഉമേഷ് യാദവ്, മോഹിത് ശര്‍മ, കാര്‍ത്തിക് ത്യാഗി