അഹമ്മാദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് കിങ്‌സ് 3 വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ മത്സരത്തിലെ ഹീറോയായത് ശശാങ്ക് സിങ്ങാണ്. തട്ടകത്തില്‍ ഗുജറാത്ത് അനായാസ ജയം പ്രതീക്ഷിച്ചിരിക്കവെയാണ് ഒറ്റയാള്‍ വെടിക്കെട്ടോടെ ശശാങ്ക് പഞ്ചാബിന് വിജയം നേടിക്കൊടുത്തത്. 29 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 61 റണ്‍സുമായി പഞ്ചാബിന്റെ വിജയ ശില്‍പ്പിയാവാന്‍ ശശാങ്കിനായി.
പഞ്ചാബിന് ത്രില്ലിങ് ജയമൊരുക്കിയ ശശാങ്ക് ടീമിന്റെ ഹീറോയായി മാറവെ താരത്തെ സംബന്ധിച്ച് ഇത് മധുര പ്രതികാരമാണ്. കാരണം മിനി ലേലത്തില്‍ പഞ്ചാബ് പേരുമാറി ടീമിലെടുത്ത താരമാണ് ശശാങ്ക് സിങ്. സത്യത്തില്‍ പഞ്ചാബിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത താരമായിരുന്നു അണ്‍ക്യാപ്പഡ് ബാറ്റ്‌സ്മാനായ ശശാങ്ക് സിങ്. ഒരേ പേരില്‍ രണ്ട് താരങ്ങള്‍ എത്തിയതോടെയാണ് അബദ്ധത്തില്‍ ശശാങ്ക് സിങ് പഞ്ചാബിലേക്കെത്തിയത്.
ലേലം ഉറപ്പിച്ച ശേഷമാണ് പഞ്ചാബിന് അബദ്ധം മനസിലായത്. ഈ ശശാങ്കിനെയല്ല പഞ്ചാബ് ടീമിലെടുക്കാന്‍ ആഗ്രഹിച്ചതെന്ന് ടീം തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെത്തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും അന്ന് പഞ്ചാബിന് പറ്റിയ വലിയ അബദ്ധമാണ് ഇന്ന് ടീമിന് മുതല്‍ക്കൂട്ടായി മാറിയിരിക്കുന്നത്. പേരുമാറി അബദ്ധത്തില്‍ പഞ്ചാബിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന അപമാനിത്തിന് പ്രകടനത്തിലൂടെ മധുര പ്രതികാരം ചെയ്യാന്‍ താരത്തിനായിരിക്കുകയാണ്.
അബദ്ധത്തില്‍ ടീമിലെത്തിയ ശേഷവും തന്നെ പിന്തുണച്ച പഞ്ചാബ് ടീം മാനേജ്‌മെന്റിനോട് തങ്ങളുടെ തെറ്റായ തീരുമാനം ശരിയായിരുന്നുവെന്ന് പ്രകടനത്തിലൂടെ തെളിയിക്കാന്‍ താരത്തിനായിരിക്കുകയാണ്. ഭയമില്ലാതെ കടന്നാക്രമിച്ച് കളിക്കാന്‍ ശശാങ്കിന് സാധിച്ചു. 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ വിജയത്തിനായി പൊരുതിയ ശശാങ്ക് ഇനിയുള്ള മത്സരങ്ങളില്‍ പഞ്ചാബ് പ്ലേയിങ് 11ല്‍ തന്റെ സീറ്റുറപ്പിച്ചാണ് അഹമ്മദാബാദില്‍ നിന്ന് മടങ്ങുന്നത്.

അന്ന് ലേലത്തിന് പഞ്ചാബ് ടീം മാനേജ്‌മെന്റിന് സംഭവിച്ച അബന്ധത്തിന്റെ പേരില്‍ വലിയ ട്രോളുകളാണ് താരത്തിന് നേരെ ഉയര്‍ന്നത്. അന്ന് അതേ ആരാധകര്‍ ശശാങ്കിനെ പ്രശംസിക്കുകയാണ്. പഞ്ചാബിന് വഴിതെറ്റി ലഭിച്ച ഭാഗ്യമാണെന്നും നിധിയാണെന്നും ലോട്ടറിയാണെന്നുമെല്ലാമാണ് ആരാധകര്‍ പ്രശംസിക്കുന്നത്. വിമര്‍ശനങ്ങള്‍ക്ക് പ്രകടനം കൊണ്ട് മറുപടി പറയുന്ന ശശാങ്കാണ് ശരിയായ ഹീറോയെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്.
വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ ശശാങ്കിന് സാധിക്കട്ടേയെന്നും ആരാധകര്‍ ആശംസിക്കുന്നു. പ്രീതി സിന്ദക്കും അഭിമാന നിമിഷമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ലേലത്തില്‍ പ്രീതി സിന്ദക്ക് പറ്റിയ മണ്ടത്തരമെന്ന നിലയില്‍ നിരവധി ട്രോളുകള്‍ പഞ്ചാബിന്റെ സഹ ഉടമകളിലൊരാളായ പ്രീതിക്ക് നേരിടേണ്ടി വന്നിരുന്നു. ഇന്ന് ശശാങ്ക് ഹീറോയാവുമ്പോള്‍ അന്ന് ട്രോളിയവരുടെ മുന്നില്‍ പ്രീതികൂടിയാണ് ഹീറോയായിരിക്കുന്നത്.
32കാരനായ ശശാങ്ക് സിങ് ഇതിന് മുമ്പും ഐപിഎല്‍ കരാറിലേക്കെത്തിയിരുന്നെങ്കിലും ഇത്തരത്തില്‍ ശ്രദ്ധ നേടിയെടുക്കാനായിരുന്നില്ല. ചത്തീസ്ഗഢുകാരനായ ശശാങ്ക് മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമായിരുന്നു. 16ാം സീസണില്‍ ഹൈദരാബാദിനൊപ്പമായിരുന്ന താരത്തിന്റെ പ്രകടനത്തില്‍ പരിശീലകന്‍ ബ്രയാന്‍ ലാറ സന്തുഷ്ടനായിരുന്നെങ്കിലും പ്രതീക്ഷിച്ച അവസരം ലഭിച്ചില്ല.
എന്തായാലും ആളുമാറി പഞ്ചാബിലെത്തിയ ശശാങ്ക് ഇന്ന് അവരുടെ അഭിമാന താരമായി മാറിയിരിക്കുന്നു. വരുന്ന മത്സരങ്ങളിലും ഫിനിഷര്‍ റോളില്‍ ശശാങ്കിനെ പ്രതീക്ഷിക്കാം. ഇതേ ഫിനിഷിങ് മികവോടെ ശശാങ്കിന് കൈയടി തുടര്‍ന്നും നേടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും പഞ്ചാബിനൊപ്പം അവിസ്മരണീയ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ സാധിച്ച ശശാങ്ക് ആരാധക ഹൃദയത്തില്‍ തന്റെ പേര് രേഖപ്പെടുത്തിയെന്ന് നിസംശയം പറയാം. അന്ന് ട്രോളിയവര്‍ ഒറ്റ ഇന്നിങ്‌സുകൊണ്ട് ശശാങ്കിന്റെ ഫാന്‍സായിരിക്കുകയാണ്.