ഐപിഎല്ലിന്റെ താരലേലത്തെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. അടുത്ത മാസം 19നു ദുബായിലാണ് മിനി താരലേലം നടക്കുക. തമിഴ്‌നാട്ടില്‍ നിന്നുള്ള വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ഷാരൂഖ് ഖാന് ലേലത്തില്‍ മോഹവില ലഭിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ താരമായ ഷാരൂഖിനെ ലേലത്തിനു മുമ്പ് അവര്‍ ഒഴിവാക്കിയിരുന്നു.
2022ലെ മെഗാ ലേലത്തില്‍ ഒമ്പതു കോടി രൂപ വാരിയെറിഞ്ഞായിരുന്നു ഷാരൂഖിനെ പഞ്ചാബ് സ്വന്തം കൂടാരത്തിലേക്കു തിരികെ എത്തിച്ചത്. ചില ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തുകയും ചെയ്‌തെങ്കലും തികച്ചും അപ്രതീക്ഷിതമായി താരത്തെ പഞ്ചാബ് കൈവിടുകയായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബിനു വേണ്ടി 14 മല്‍സരങ്ങളിലാണ് ഷാരൂഖ് കളിക്കാനിറങ്ങിയത്. 165.996 സ്‌ട്രൈക്ക് റേറ്റില്‍ 156 റണ്‍സും നേടി.

വലിയൊരു തുകയ്ക്കു ടീമിലേക്കു കൊണ്ടു വന്നതിനാല്‍ തന്നെ അദ്ദേഹത്തെ പഞ്ചാബ് കൈവിടുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പഞ്ചാബ് ലൈനപ്പില്‍ ഷാരുഖ് ഫിറ്റാവുന്നില്ലെന്നു വ്യക്തമായതോടെ അവര്‍ കടുപ്പമേറിയ തീരുമാനത്തിലേക്കു നീങ്ങുകയായിരുന്നു. ഫിനിഷറുടെ റോളില്‍ കസറാന്‍ ശേഷിയുള്ള ഷാരൂഖിനു വരാനിരിക്കുന്ന ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുവതാരത്തിനായി പല ടീമുകളും രംഗത്തിറങ്ങുമെന്നാണ് സൂചനകൾ. ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങിയ ശേഷം അതിവേഗം സ്‌കോര്‍ ചെയ്ത് മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന താരങ്ങള്‍ ടി20യില്‍ എല്ലായ്‌പ്പോഴും ഒരു ടീമിനു മുതല്‍ക്കൂട്ടാണ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ഷാരൂഖിനെക്കുറിച്ച് അശ്വിന്‍ പ്രവചനം നടത്തിയത്.
ഷാരൂഖ് ഖാനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഗുജറാത്ത് ടൈറ്റന്‍സിനുമിടയില്‍ തീര്‍ച്ചയായും യുദ്ധം തന്നെ നടക്കുമെന്നാണ് എനിക്കു കാണാന്‍ സാധിക്കുന്നത്. കാരണം ഗുജറാത്ത് ടൈറ്റന്‍സിനു ഒരു മധ്യനിര ബാറ്റര്‍/ ഫിനിഷറെ ആവശ്യമാണ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. അടുത്ത സീസണില്‍ ഒരു പവര്‍പ്ലെയറെ ഗുജറാത്തിനു ആവശ്യമാണ്.
ഒമ്പതു കോടി രൂപയ്ക്കു ഷാരൂഖ് ഖാന്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. അവിടെ അവന്‍ സ്വന്തം കഴിവ് നന്നായി തന്നെ പ്രദര്‍ശിപ്പിച്ചുവെന്നു ഞാന്‍ കരുതുന്നു. എന്നിട്ടും ഷാരൂഖിനെ ഒഴിവാക്കിയത് ശരിയായോ? അവനു നടക്കാനിരിക്കുന്ന ലേലത്തില്‍ 12-13 കോടി രൂപയെങ്കിലും വീണ്ടും ലഭിക്കുമെന്നു താന്‍ കരുതുന്നതായും അശ്വിന്‍ വിശദമാക്കി.
ലേലത്തില്‍ ഓസ്‌ട്രേലിയയുടെ പ്രമുഖ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനേക്കാള്‍ ഷാരൂഖ് ഖാനെ ടീമിലെത്തിക്കാനായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനു താല്‍പ്പര്യമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിന്റെ കാരണവും വിശദീകരിച്ചു. ഷാരൂഖ് ഖാനെ ലഭിക്കാന്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ വേണ്ടെന്നു വയ്ക്കാന്‍ പോലും ചിലപ്പോള്‍ സിഎസ്‌കെ തയ്യാറായേക്കും.
കാരണം നിലവില്‍ ചെന്നൈ ടീമില്‍ ഒരു പ്രാദേശിക താരത്തിന്റെ കുറവുണ്ട്. 2022ലെ മെഗാ ലേലത്തേില്‍ ഷാരൂഖിനു വേണ്ടി സിഎസ്‌കെ രംഗത്തിറങ്ങിയിരുന്നു. 8.75 കോടി രൂപ വരെ ലേലത്തില്‍ അവര്‍ വിളിക്കുകയും ചെയ്തു. പക്ഷെ പഞ്ചാബ് ഒമ്പതു കോടിക്കു താരത്തെ സ്വന്തമാക്കുകയായിരുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
28 കാരനായ ഷാരൂഖ് 2021ല്‍ പഞ്ചാബിനൊപ്പമാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. ഇതുവരെ 33 മല്‍സരങ്ങളില്‍ നിന്നും 134.81 സ്‌ട്രൈക്ക് റേറ്റില്‍ 426 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.