ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗംഭീര ബാറ്റിങ് പ്രകടനം നടത്തുകയാണ് റുതുരാജ് ഗെയ്ക് വാദ്. സിഎസ്‌കെയുടെ നായകസ്ഥാനം ലഭിച്ച ശേഷമുള്ള റുതുരാജിന്റെ ആദ്യ സീസണാണിത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ റുതുരാജിന് സാധിക്കുന്നുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ മിന്നിച്ചിരിക്കുകയാണ് റുതുരാജ്.
60 പന്ത് നേരിട്ട് 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 108 റണ്‍സോടെ റുതുരാജ് പുറത്താവാതെ നിന്നു. 180 സ്‌ട്രൈക്ക് റേറ്റിലാണ് റുതുരാജ് കസറിയത്. ഇതോടെ വമ്പന്‍ റെക്കോഡിലേക്കെത്തിയിരിക്കുകയാണ് റുതുരാജ്. സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ തകര്‍പ്പന്‍ റെക്കോഡാണ് റുതുരാജ് തകര്‍ത്തത്. ഇതോടെ സിഎസ്‌കെയ്ക്കായി ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സ് നേടുന്ന നായകനായി റുതുരാജ് മാറിയിരിക്കുകയാണ്.
എംഎസ് ധോണി 2019ല്‍ ആര്‍സിബിക്കെതിരേ നേടിയ 84 റണ്‍സിന്റെ റെക്കോഡാണ് റുതുരാജ് മറികടന്നത്. നായകസ്ഥാനം ലഭിച്ച ശേഷമുള്ള ആദ്യ ഇന്നിങ്‌സുകളില്‍ റുതുരാജിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പതിയെ ഫോമിലേക്കെത്തിയ താരം സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കുമെത്തി. 8 മത്സരത്തില്‍ നിന്ന് 349 റണ്‍സാണ് റുതുരാജ് നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നായകന്റെ സമ്മര്‍ദ്ദമില്ലാതെ കസറാന്‍ റുതുരാജിന് സാധിക്കുന്നുണ്ട്.
ഐപിഎല്ലിന്റെ 17ാം സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ നായകനെന്ന റെക്കോഡും നിലവില്‍ റുതുരാജിന്റെ പേരിലാണ്. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ സിഎസ്‌കെ നായകനെന്ന ബഹുമതിയിലേക്കും റുതുരാജെത്തി. ലഖ്‌നൗവിനെതിരേ ടോപ് ഓഡര്‍ തകര്‍ന്ന ശേഷമാണ് ഒരുവശത്ത് റണ്‍സുയര്‍ത്തി റുതുരാജ് ടീമിനെ മുന്നോട്ട് കൊണ്ടുപോയത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ എന്നെന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന പ്രകടനമാണ് റുതുരാജ് കാഴ്ചവെച്ചത്.

ലഖ്‌നൗവിനെതിരേ എംഎസ് ധോണി ഒരു പന്താണ് നേരിട്ടത്. 20ാം ഓവറിലെ അവസാന പന്തായിരുന്നു ഇത്. ഈ ബോളില്‍ ബൗണ്ടറി പറത്തി 400 സ്‌ട്രൈക്ക് റേറ്റോടെയാണ് ധോണി കളം വിട്ടത്. ആരാധകരെ സംബന്ധിച്ച് ഇത് ആവേശം നല്‍കുന്ന കാഴ്ചയായിരുന്നു. അവസാന പന്ത് ധോണിക്ക് കളിക്കാനായി റുതുരാജ് രണ്ട് റണ്‍സ് ഓടിയില്ല. എന്തായാലും റുതുരാജിന്റെ ബാറ്റിങ് പ്രകടനം സിഎസ്‌കെയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നായിരുന്നു.
സിഎസ്‌കെയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 4 റണ്‍സുള്ളപ്പോള്‍ അജിന്‍ക്യ രഹാനെയെ (3 പന്തില്‍ 1) സിഎസ്‌കെയ്ക്ക് നഷ്ടമായി. മൂന്നാം നമ്പറില്‍ ഡാരില്‍ മിച്ചലിന് അവസരത്തിനൊത്ത് ഉയരാനായില്ല. 10 പന്തില്‍ 1 ഫോറടക്കം 11 റണ്‍സാണ് മിച്ചലിന് നേടാനായത്. നാലാം നമ്പറിലെത്തിയ രവീന്ദ്ര ജഡേജ 19 പന്തില്‍ 2 ഫോറടക്കം 16 റണ്‍സാണ് നേടിയത്. എന്നാല്‍ ഒരുവശത്ത് സഹതാരങ്ങള്‍ മെല്ലപ്പോക്ക് നടത്തുമ്പോഴും അതിവേഗം റണ്‍സുയര്‍ത്താന്‍ റുതുരാജിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.
എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് റുതുരാജ് എത്തുന്ന കാര്യം ഇപ്പോഴും സംശയമാണ്. ആദ്യം അല്‍പ്പം പന്തുകള്‍ നേരിട്ട് ഫോമിലേക്കെത്തി കടന്നാക്രമിക്കുന്നതാണ് റുതുരാജിന്റെ രീതി. എന്നാല്‍ ഇത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രോത്സാഹിപ്പിക്കുന്ന ശൈലിയല്ല. അതുകൊണ്ടുതന്നെ റുതുരാജ് ഗെയ്ക്‌വാദ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കെത്താന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.
ഓപ്പണിങ് റോളില്‍ യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഉള്ളപ്പോള്‍ ഇവരെയെല്ലാം മറികടന്ന് റുതുരാജിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നതാണ് വസ്തുത.