ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 46ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് സിഎസ്‌കെ. 78 റണ്‍സിനാണ് സിഎസ്‌കെയുടെ വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 3 വിക്കറ്റിന് 212 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 18.5 ഓവറില്‍ 134 റണ്‍സാണ് നേടാനായത്. റുതുരാജ് ഗെയ്ക് വാദിന്റെ (98) അര്‍ധ സെഞ്ച്വറിയും തുഷാര്‍ ദെശപാണ്ഡെയുടെ 4 വിക്കറ്റ് പ്രകടനവുമാണ് സിഎസ്‌കെയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയുടെ തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ അജിന്‍ക്യ രഹാനെയെ (9) സിഎസ്‌കെയ്ക്ക് നഷ്ടമായി. 12 പന്തില്‍ 1 ഫോറടക്കം 9 റണ്‍സാണ് രഹാനെക്ക് നേടാനായത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഷഹബാസ് അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രഹാനെയുടെ മടക്കം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റുതുരാജും ഡാരില്‍ മിച്ചലും ചേര്‍ന്ന് അടിത്തറ പാകി. 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പിറന്നത്.
32 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 52 റണ്‍സടിച്ച മിച്ചലിനെ ജയദേവ് ഉനദ്ഘട്ട് പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. നീതീഷ് കുമാര്‍ റെഡ്ഡിയുടെ ക്യാച്ചിലാണ് മിച്ചലിന്റെ മടക്കം. പിന്നീട് ക്രീസിലെത്തിയ ശിവം ദുബെ ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ചു. ഒരുവശത്ത് നായകന്‍ റുതുരാജ് ഗെയ്ക് വാദ് കടന്നാക്രമിച്ചു. 54 പന്തില്‍ 98 റണ്‍സെടുത്ത റുതുരാജിനെ ടി നടരാജന്‍ പുറത്താക്കി.
10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ സെഞ്ച്വറിയിലേക്ക് കുതിച്ച റുതുരാജിന് 2 റണ്‍സകലെയാണ് തുടര്‍ച്ചയായ 2 സെഞ്ച്വറികളെന്ന നേട്ടം നഷ്ടമായത്. ദുബെ 20 പന്തില്‍ 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സോടെ പുറത്താവാതെ നിന്നു. എംഎസ് ധോണി 2 പന്തില്‍ 5 റണ്‍സാണ് നേടിയത്.
നേരിട്ട ആദ്യ പന്ത് തന്നെ ധോണി ബൗണ്ടറി പായിച്ചു. ഇതോടെ 3 വിക്കറ്റിന് 212 റണ്‍സാണ് സിഎസ്‌കെ അടിച്ചെടുത്തത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

മറുപടിക്കിറങ്ങിയ ഹൈദരാബാദിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ ട്രാവിസ് ഹെഡിനെ നഷ്ടമായി. 7 പന്തില്‍ 1 സിക്‌സും ഫോറും ഉള്‍പ്പെടെ 13 റണ്‍സെടുത്ത ഹെഡിനെ തുഷാര്‍ ദെശപാണ്ഡെ പുറത്താക്കി.
ഇംപാക്ട് പ്ലയറായെത്തിയ അന്‍മോല്‍പ്രീത് സിങ്ങിനെ ദെശപാണ്ഡെ ഗോള്‍ഡന്‍ ഡെക്കാക്കി. അപകടകാരിയായ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (9 പന്തില്‍ 15) ദെശപാണ്ഡെ തന്നെ മടക്കിയതോടെ 40ന് 3 എന്ന നിലയിലേക്ക് ഹൈദരാബാദ് തകര്‍ന്നു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയെടുക്കാന്‍ സിഎസ്‌കെയ്ക്കായി. നിതീഷ് കുമാര്‍ റെഡ്ഡിയെ (15 പന്തില്‍ 15) രവീന്ദ്ര ജഡേജ പുറത്താക്കി. അപകടകാരിയായ എയ്ഡന്‍ മാര്‍ക്രത്തെ (26 പന്തില്‍ 32) പതിരാന ക്ലീന്‍ബൗള്‍ഡാക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി. ഹെന്‍ റിച്ച് ക്ലാസന്‍ സമ്മര്‍ദ്ദത്തിലായി. 21 പന്തില്‍ 20 റണ്‍സ് നേടിയ താരത്തേയും പതിരാന മടക്കിയതോടെ സിഎസ്‌കെ ഏറെക്കുറെ വിജയം ഉറപ്പിച്ചു.
അബ്ദുല്‍ സമദിനെ (19) ശാര്‍ദ്ദുല്‍ ടാക്കൂര്‍ മടക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സിനെ (5) ദെശപാണ്ഡെയും പുറത്താക്കി. ഷഹബാസ് അഹമ്മദിനെ (7) മുസ്തഫിസുര്‍ റഹ്‌മാന്‍ ഡാരില്‍ മിച്ചലിന്റെ കൈയിലെത്തിച്ചു. അഞ്ച് ക്യാച്ചുകളാണ് മിച്ചല്‍ നേടിയത്. ജയദേവ് ഉനദ്ഘട്ടിനേയും (1) മുസ്തഫിസുര്‍ പുറത്താക്കിയതോടെ 7 പന്ത് ബാക്കി നിര്‍ത്തി ഹൈദരാബാദ് വിജയം നേടുകയായിരുന്നു.
പ്ലേയിങ് 11: സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി , ദീപക് ചഹാര്‍, തുഷാര്‍ ദെശപാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീഷ പതിരാന
ഹൈദരാബാദ്-അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (c), ജയദേവ് ഉനദ്ഘട്ട്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍