മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. പൊതുവേ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ളതാണ്. എന്നാല്‍ ഇത്തവണ എല്ലാവരും കാത്തിരിക്കുന്നത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടത്തിനായാണ്.
രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതും ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തുകയും ചെയ്തത് ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് കാരണമായി. ഈ സീസണിന് ശേഷം രോഹിത് ശര്‍മ മുംബൈ വിട്ടേക്കുമെന്ന റിപ്പോര്‍ട്ടും സജീവമാണ്. ഇപ്പോഴിതാ മുംബൈക്ക് എട്ടിന്റെ പണി കൊടുക്കാന്‍ രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും ഒരുങ്ങുകയാണെന്നാണ് വിവരം.
17ാം സീസണിലെ എല്ലാ മത്സരവും രോഹിത്തും ബുംറയും കളിക്കില്ല. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇരുവരും ഇടവേള ചോദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രോഹിത് ശര്‍മയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. ഐപിഎല്ലിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ മത്സരങ്ങള്‍ക്ക് ഇടവേള വരുന്നുണ്ട്. 21 മത്സരങ്ങള്‍ക്കുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ 1നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.
ഐപിഎല്ലില്‍ ഇന്ത്യ ടി20 ലോകകപ്പില്‍ പരിഗണിക്കാന്‍ സാധ്യതയുള്ള എല്ലാ താരങ്ങളും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമെന്ന നിലയില്‍ മുന്നൊരുക്കം നടത്താന്‍ സമയം കുറവാണ്. ഇന്ത്യയുടെ വജ്രായുധങ്ങളായ രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. ഐപിഎല്ലില്‍ തുടര്‍ മത്സരങ്ങള്‍ കളിച്ച് വലിയ ഇടവേളയില്ലാതെ ടി20 ലോകകപ്പില്‍ കളിക്കുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും.

അതുകൊണ്ടുതന്നെ രോഹിത്തും ബുംറയും എല്ലാ മത്സരങ്ങളും മുംബൈക്കായി കളിച്ചേക്കില്ല. ഇരുവരും ഇക്കാര്യം മുംബൈ ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഹിത് ശര്‍മയോട് ചോദിക്കാതെയാണ് മുംബൈ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുംബൈയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിക്കാന്‍ രോഹിത് ശര്‍മ വലിയ താല്‍പര്യം കാട്ടിയേക്കില്ല.
രോഹിത് ഈ സീസണോടെ മുംബൈ വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ സീനിയര്‍ താരങ്ങളായ ബുംറക്കും സൂര്യകുമാര്‍ യാദവിനും വലിയ താല്‍പര്യമില്ല. രോഹിത്തിന് ശേഷം മുംബൈയുടെ നായകസ്ഥാനത്ത് എത്തേണ്ടിയിരുന്നത് ബുംറയോ സൂര്യകുമാറോ ആയിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ഹാര്‍ദിക്കിനെ മുംബൈ ടീമിലേക്കെത്തിച്ചതും നായകസ്ഥാനം നല്‍കിയതും. ഇതില്‍ ഇരുവര്‍ക്കും അതൃപ്തിയുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഹാര്‍ദിക് നായകനാവുമ്പോള്‍ താരത്തിന് കീഴില്‍ കളിക്കാന്‍ ഇവര്‍ക്ക് വലിയ താല്‍പര്യമില്ല. ഹാര്‍ദിക്കിനെ നായകനാക്കിയതിലുള്ള അതൃപ്തി പരസ്യമായി ബുംറയും സൂര്യയും അറിയിച്ചിട്ടുള്ളതാണ്. ഈ സീസണോടെ ഇവര്‍ മുംബൈ വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഹാര്‍ദിക്കിന് കീഴില്‍ മുംബൈ ടീമില്‍ സൗഹൃദ അന്തരീക്ഷമായിരിക്കില്ലെന്നുറപ്പ്. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോവുകയെന്നതാണ് ഹാര്‍ദിക്കിന് മുന്നിലെ വലിയ വെല്ലുവിളി.
മുംബൈ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നേരിടുന്നത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് ഈ മത്സരം. ജയിച്ച് തുടങ്ങേണ്ടത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്. നായകനെന്ന നിലയില്‍ ഹാര്‍ദിക്കിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ. 2020ലാണ് മുംബൈ അവസാനമായി കപ്പടിച്ചത്. അതിന് ശേഷം ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. 2022ല്‍ അവസാന സ്ഥാനക്കാരാവുകയും ചെയ്തു. ഇത്തവണ കപ്പില്‍ കുറഞ്ഞൊന്നും മുംബൈ ചിന്തിക്കുന്നില്ല.