ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങിയത്. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ധോണി ഈ തീരുമാനമെടുത്തത്. പുതിയ നായകനായി റുതുരാജ് ഗെയ്ക് വാദിനെയാണ് സിഎസ്‌കെ നിയമിച്ചത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം കടുത്ത നിരാശ പങ്കുവെക്കുകയും ചെയ്തു.
എന്നാല്‍ ഈ തീരുമാനം പെട്ടെന്ന് എടുത്തതായിരിക്കില്ലെന്നും തീരുമാനം അത്ഭുതപ്പെടുത്തിയില്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍ അശ്വിന്‍. 'തീര്‍ച്ചയായും എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. ഒരു സമയത്ത് കൃത്യമായി ഈ തീരുമാനം വരേണ്ടതാണ്. എനിക്ക് ധോണിയെ നന്നായി അറിയാം. അദ്ദേഹം എപ്പോഴും ടീമിനെ സംരക്ഷിക്കുന്ന ആളാണ്. ടീമിന്റെ നല്ലതിനുവേണ്ടി എപ്പോഴും ചിന്തിക്കുന്ന ആളാണ് ധോണി. രണ്ട് വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനം ജഡേജക്ക് നല്‍കിയിരുന്നു.
ഇപ്പോള്‍ അത് റുതുരാജിന് നല്‍കാന്‍ പോകുന്നു. നേരത്തെ തന്നെ ഇത് അറിയാമായിരുന്നുവെങ്കിലും ആര്‍ക്കാവും നായകസ്ഥാനം കൈമാറുക എന്ന കാര്യത്തിലായിരുന്നു സംശയം. ധോണി റുതുരാജിലേക്ക് പെട്ടെന്ന് എത്തിയതാവില്ല. ധോണി യുവതാരങ്ങളോടൊപ്പം സമയം ചിലവിടുന്ന നായകനാണ്. അവസാന വര്‍ഷം തന്നെ ഇക്കാര്യം റുതുരാജുമായി ധോണി പങ്കുവെച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ റുതുരാജിനും ഇത് വലിയ സര്‍പ്രൈസായിരിക്കില്ല.
എല്ലാ കാര്യത്തിലും താന്‍ ഒപ്പമുണ്ടാവുമെന്ന പിന്തുണ ധോണി നല്‍കിയിട്ടുണ്ടാവും. റുതുരാജിനെ എനിക്ക് നന്നായി അറിയാം. അവന്‍ ശാന്തനായ താരമാണ്. അതോടൊപ്പം നല്ല വ്യക്തിത്വത്തിനും ഉടമയാണ്. അവന്‍ നായകനായതില്‍ വളരെ സന്തോഷമുണ്ട്. തീര്‍ച്ചയായും അവന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാവും' ആര്‍ അശ്വിന്‍ പറഞ്ഞു. ധോണി നേരത്തെ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് റുതുരാജും വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ റുതുരാജിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. സിഎസ്‌കെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. അഞ്ച് തവണ ചാമ്പ്യന്മാരായി എന്നതിലുപരി എംഎസ് ധോണി നയിക്കുന്ന ടീം എന്ന നിലയില്‍ സിഎസ്‌കെയ്ക്ക് വലിയ ആരാധക പിന്തുണയും പ്രൗഡിയുമുണ്ട്. ടീമിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുകയെന്നതാണ് റുതുരാജിന് മുന്നിലെ വെല്ലുവിളികളിലൊന്ന്. അത് നടക്കണമെങ്കില്‍ ആദ്യം ടീമിന്റെ നിലവാരം താഴോട്ട് പോകാതെ നോക്കണം.
ധോണി ടീമിനെ അത്യുന്നതങ്ങളിലാണ് വെച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ നിലവാരം താഴോട്ട് പോകുന്ന സാഹചര്യമുണ്ടായാല്‍ റുതുരാജിന്റെ പകരക്കാരനെ തേടാന്‍ സിഎസ്‌കെ നിര്‍ബന്ധിതരാവും. രവീന്ദ്ര ജഡേജയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചപ്പോഴുണ്ടായ അനുഭവം ടീമിന് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ റുതുരാജിന് ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്.
ധോണി കളി തുടരുമ്പോള്‍ത്തന്നെ സിഎസ്‌കെയ്ക്ക് പുതിയ നായകനെ കണ്ടെത്തുകയെന്നതാണ് ടീമിന്റെ പദ്ധതി. എന്നാല്‍ ധോണി ക്യാപ്റ്റന്‍സിയില്‍ അമിതമായി ഇടപെട്ടാല്‍ യുവതാരത്തെ അത് സമ്മര്‍ദ്ദത്തിലാക്കാനാണ് സാധ്യത. ആഭ്യന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനായ അനുഭവസമ്പത്ത് റുതുരാജിനുണ്ടെങ്കിലും വലിയൊരു ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. സിഎസ്‌കെ യുവതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന ടീമാണ്.
അതുകൊണ്ടുതന്നെ റുതുരാജിന് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനായേക്കും. സിഎസ്‌കെയുടെ ടീം കരുത്ത് ശരാശരിയാണ്. പ്രധാനമായും പേസ് കരുത്ത്. അതുകൊണ്ടുതന്നെ ഈ ടീമിനെ വെച്ച് കപ്പടിക്കണമെങ്കില്‍ റുതുരാജിന് എളുപ്പമാവില്ല. എന്തായാലും സിഎസ്‌കെയെ മികച്ച നേട്ടങ്ങളിലേക്കെത്തിച്ചാല്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കും വളരാനുള്ള അവസരം അദ്ദേഹത്തിന് മുന്നിലുണ്ട്. റുതുരാജിന് അത് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.
ഈ സീസണിലെ എല്ലാ മത്സരങ്ങളും ധോണി കളിച്ചേക്കില്ല. അതുകൊണ്ടുതന്നെ റുതുരാജിന് നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. എന്തായാലും വലിയ ഉത്തരവാദിത്തമാണ് റുതുരാജിന് മുന്നിലുള്ളതെന്ന് നിസംശയം പറയാം.