മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പല ടീമുകളും തങ്ങളുടെ ജേഴ്‌സിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ പുതിയ ജേഴ്‌സി കൈയടി നേടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേയും പഞ്ചാബ് കിങ്‌സിന്റേയും പുതിയ ജേഴ്‌സിക്കെതിരേ വലിയ വിമര്‍ശനവും ഉയരുന്നു. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പടിക്കാന്‍ സാധിക്കാത്ത ടീമാണ് പഞ്ചാബ്.
പഞ്ചാബിന്റെ പുതിയ ജേഴ്‌സിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പഞ്ചാബിന്റെ ഏറ്റവും മികച്ച ജേഴ്‌സി ചാരക്കളറും ചുവപ്പും ചേര്‍ന്നതായിരുന്നുവെന്നാണ് കൂടുതല്‍ ആരാധകരും പറയുന്നത്. യുവരാജ് സിങ്, ആദം ഗില്‍ക്രിസ്റ്റ് തുടങ്ങിയവരെല്ലാം ഈ ജേഴ്‌സി അണിഞ്ഞാണ് പഞ്ചാബ് കിങ്‌സിനായി കളിച്ചത്. വലിയ ആരാധകരുണ്ടായിട്ടും എന്തുകൊണ്ടാണ് വെള്ളയും ഗ്രേയും സില്‍വറുമെല്ലാം ഉള്‍പ്പെട്ട പഞ്ചാബിന്റെ ജേഴ്‌സി പിന്നീട് മാറ്റിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിന്റെ ഉടമകളിലൊരാളായ പ്രീതി സിന്റ.
ബിസിസി ഐ നിയമമാണ് ഇതിന് കാരണമായതെന്നാണ് പ്രീതി വെളിപ്പെടുത്തിയത്. വെള്ള, ഗ്രേ, സില്‍വര്‍ കളറുകള്‍ ജേഴ്‌സിയില്‍ ഉപയോഗിക്കരുതെന്ന് ബിസിസി ഐ നിയമം ഇറക്കിയതിനാലാണ് ജേഴ്‌സി മാറ്റേണ്ടി വന്നതെന്നാണ് പ്രീതി പറയുന്നത്. വെള്ളബോള്‍ ക്രിക്കറ്റില്‍ വെള്ളയും സില്‍വറുമെല്ലാം കളര്‍വരുന്ന ജേഴ്‌സി ഉപയോഗിക്കുന്നതുമൂലം പന്ത് കൃത്യമായി കാണാന്‍ സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തില്‍ നിയമത്തിന് വിധേയമായാണ് പഞ്ചാബ് ജേഴ്‌സി മാറ്റിയത്.
ഇത്തവണ ചുവപ്പും വയലറ്റും കളറുകളിലുള്ള ജേഴ്‌സിയാണ് പഞ്ചാബ് പുറത്തിറക്കിയിരിക്കുന്നത്. കാഴ്ചയില്‍ ഒട്ടും ഒത്തിണക്കം തോന്നാത്ത ജേഴ്‌സിയാണ് പഞ്ചാബിന്റേത്. നീലയും വയലറ്റും ചേര്‍ന്ന പാന്റ്‌സും ചുവപ്പ് ടീ ഷര്‍ട്ടും തമ്മില്‍ യാതൊരു ചേര്‍ച്ചയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പുതിയ ജേഴ്‌സിയെ പ്രശംസിച്ചാണ് പ്രീതി സിന്റ സംസാരിച്ചത്. ഇത്തവണയും ശിഖര്‍ ധവാന് കീഴിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്.

താരസമ്പത്ത് മോശമല്ലെങ്കിലും ഭാഗ്യം തുണക്കാത്ത ടീമാണ് പഞ്ചാബിന്റേത്. ബാറ്റിങ് നിരയില്‍ ശിഖര്‍ ധവാന്റെ സ്ഥിരതയിലാണ് ടീമിന്റെ പ്രതീക്ഷ. ജിതേഷ് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിംറാന്‍ സിങ്, ലിയാം ലിവിങ്സ്റ്റണ്‍, റില്ലി റൂസോ എന്നിവരെല്ലാം വമ്പനടികള്‍ക്കൊണ്ട് പഞ്ചാബിനെ വിജയത്തിലേക്കെത്തിക്കാന്‍ കഴിവുള്ളവരാണ്. എന്നാല്‍ ഇവര്‍ക്കൊന്നും സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. അവസാന സീസണില്‍ നന്നായി തുടങ്ങാന്‍ പഞ്ചാബിനായിരുന്നു.
എന്നാല്‍ ധവാന് പരിക്കേറ്റതോടെ ടീം പിന്നോട്ട് പോവുകയായിരുന്നു. മികച്ച പേസ് കരുത്തും പഞ്ചാബിനുണ്ട്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയാണ് വജ്രായുധം. ഇന്ത്യയുടെ ഇടം കൈയന്‍ പേസറും ഡെത്തോവര്‍ സ്‌പെഷ്യലിസ്റ്റുമായ അര്‍ഷ്ദീപ് സിങ്ങും കസറാന്‍ കെല്‍പ്പുള്ളവനാണ്. നതാന്‍ ഇല്ലിസിന്റെ ബൗളിങ്ങും പഞ്ചാബിന് കരുത്ത് പകരും. സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാറും ഹര്‍പ്രീത് ബ്രാറുമുണ്ട്.
ഫിനിഷര്‍ റോളില്‍ കളിച്ചിരുന്ന ഷാരൂഖ് ഖാനെ ഇത്തവണ പഞ്ചാബ് ഒഴിവാക്കിയെന്നതാണ് പ്രധാന മാറ്റം. സാം കറെന്‍, റിഷി ധവാന്‍, സിക്കന്തര്‍ റാസ, ക്രിസ് വോക്‌സ് എന്നിവരെല്ലാം ഓള്‍റൗണ്ടര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ ഇവരില്‍ ആരൊക്കെ അവസരത്തിനൊത്ത് ഉയരുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കുമ്പോള്‍ പഞ്ചാബ് ടീമില്‍ വലിയ മാറ്റം വരുത്തുമെന്നുറപ്പ്.
പഞ്ചാബ് നായകസ്ഥാനത്ത് നിന്ന് ധവാന്‍ പടിയിറങ്ങിയേക്കും. ധവാന്റെ അവസാന ഐപിഎല്‍ സീസണായി 17ാം സീസണ്‍ മാറിയേക്കും. ഐപിഎല്ലില്‍ ഫൈനല്‍ കളിച്ചിട്ടുള്ളവരാണ് പഞ്ചാബ്. എന്നാല്‍ കിരീട ഭാഗ്യം ഉണ്ടായില്ല. 17ാം സീസണിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്താമെന്നും കപ്പിലേക്കെത്താമെന്നും പഞ്ചാബ് കണക്കുകൂട്ടുന്നത്.