IPL 2024: സിഎസ്‌കെ ടീം ഒന്നടങ്കം അവനെ ഭയന്നിട്ടുണ്ട്, ക്യാപ്റ്റന്‍സി വേറെ ലെവല്‍; ഹസി പറയുന്നു
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പതിയെ പിന്നോട്ട് പോവുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ഗംഭീര ജയം നേടിയ സിഎസ്‌കെ അവസാന രണ്ട് മത്സരത്തിലും തോറ്റു. ഡല്‍ഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സിനോടും തോറ്റ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് കീഴില്‍ ടീം പതറുകയാണ്. നായകസ്ഥാനം ലഭിച്ചതോടെ റുതുരാജിന്റെ ബാറ്റിങ് പ്രകടനവും പിന്നോട്ട് പോവുകയാണ്.
എംഎസ് ധോണിയെന്ന ഇതിഹാസ നായകന് കീഴില്‍ വളര്‍ന്ന സിഎസ്‌കെ അഞ്ച് തവണ ഐപിഎല്ലില്‍ കപ്പടിച്ച ടീമാണ്. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള നായകനാണ് ധോണി. ടീമെന്ന നിലയില്‍ സിഎസ്‌കെയുടെ തന്ത്രങ്ങള്‍ എല്ലാ എതിരാളികളേയും ഭയപ്പെടുത്തുന്നതാണ്. വ്യത്യസ്തമായ ടീം സംസ്‌കാരം നിലനിര്‍ത്തുന്ന ടീമാണ് സിഎസ്‌കെ. എതിരാളികളെ വിറപ്പിക്കുന്ന ടീമാണ് സിഎസ്‌കെ. തന്ത്രങ്ങള്‍ക്കൊണ്ട് സിഎസ്‌കെയെ വിറപ്പിക്കാന്‍ പ്രയാസമാണെന്ന് പറയാം.
എന്നാല്‍ സിഎസ്‌കെ ടീം മാനേജ്‌മെന്റിനെ ഒന്നാകെ വിറപ്പിച്ച ഒരു നായകനുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും സിഎസ്‌കെ പരിശീലകനുമായിരുന്ന മൈക്ക് ഹസി. നിലവിലെ ഒരു നായകനെയും സിഎസ്‌കെ ടീം ഭയക്കുന്നില്ല. എന്നാല്‍ രോഹിത് ശര്‍മയെ സിഎസ്‌കെ ടീം മാനേജ്‌മെന്റ് ഭയപ്പെട്ടിരുന്നുവെന്നും സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ രോഹിത് മിടുക്കനാണെന്നുമാണ് ഹസി പറയുന്നത്.
'ഏതെങ്കിലും നായകനെ സിഎസ്‌കെ ടീം മാനേജ്‌മെന്റ് ഭയക്കുന്നുണ്ടോ?. സത്യസന്ധമായി പറഞ്ഞാല്‍ ഇപ്പോള്‍ ആരെയുമില്ല. ഞങ്ങളെ ഫൈനലില്‍ തോല്‍പ്പിക്കുകയും നീണ്ട നാളുകളായി നായകനായിരിക്കുകയും ചെയ്ത ഒരാളെ ടീം ഭയപ്പെട്ടിരുന്നു. ആരാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ' എന്നാണ് ഹസി പറഞ്ഞത്. സിഎസ്‌കെയെ ഫൈനലില്‍ ഒരു റണ്‍സിനടക്കം തോല്‍പ്പിച്ച നായകനാണ് രോഹിത്. ധോണിയെപ്പോലും വെല്ലുന്ന ക്യാപ്റ്റന്‍സി മികവ് പലപ്പോഴും കാഴ്ചവെക്കാന്‍ രോഹിത്തിനായിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് രോഹിത്. എന്നാല്‍ ഇത്തവണ നായകസ്ഥാനമില്ലാതെയാണ് രോഹിത് കളിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് മുംബൈ ഇത്തവണ ഇറങ്ങുന്നത്. ഇതിന്റെ പേരില്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങളും തുടരുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങളും മുംബൈ തോറ്റു. മുംബൈയുടെ പുതിയ നായകനായ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
സ്വന്തം തട്ടകത്തില്‍ പോലും ഹാര്‍ദിക്കിനെ മുംബൈ ആരാധകര്‍ കൂവി. രോഹിത് ശര്‍മയാണ് ഇന്നത്തെ നിലയിലേക്ക് മുംബൈ ഇന്ത്യന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ രോഹിത്തിനോട് വേണ്ട ആലോചന നടത്താതെയാണ് അദ്ദേഹത്തെ മുംബൈ പുറത്താക്കിയത്. ഇതില്‍ ആരാധകര്‍ക്കും ടീമിനുള്ളിലും വിയോജിപ്പ് ശക്തമാണ്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. മൂന്ന് തുടര്‍ തോല്‍വികളാണ് മുംബൈക്ക് നേരിടേണ്ടി വന്നത്.
മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ ഗൗതം ഗംഭീറും താന്‍ രോഹിത് ശര്‍മയെ ഭയന്നിരുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. നായകനെന്ന നിലയില്‍ മികച്ച നീക്കം നടത്താന്‍ രോഹിത്തിന് കഴിവുണ്ട്. രണ്ട് തവണ കെകെആറിനെ കിരീടം ചൂടിച്ച ഗംഭീറും രോഹിത് ശര്‍മയുടെ മികവിനോട് സുല്ല് പറഞ്ഞിരുന്നു. പക്ഷെ മുംബൈ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ അപമാനിച്ചാണ് ഇപ്പോള്‍ പടിയിറക്കിയിരിക്കുന്നത്. ഈ സീസണോടെ രോഹിത് മുംബൈ ഇന്ത്യന്‍സ് വിടാനാണ് സാധ്യത.
നിലവിലെ നായകന്മാരില്‍ അതി ഗംഭീരമെന്ന് പറയാന്‍ സാധിക്കുന്ന ആരുമില്ല. ഹാര്‍ദിക് പാണ്ഡ്യ, റുതുരാജ് ഗെയ്ക്‌വാദ്, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ശരാശരി മാത്രം. ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ മികവ് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. എന്തായാലും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് രോഹിത്തെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications