For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വളരെ കഷ്ടപ്പെടുത്തി, ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്‍ അവനാണ്! വെളിപ്പെടുത്തി ബുംറ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഗംഭീര പ്രകടനത്തോടെ ഇത്തവണയും കൈയടി നേടാന്‍ ജസ്പ്രീത് ബുംറക്കായി. ടീം തളരുമ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. 13 മത്സരത്തില്‍ നിന്ന് 20 വിക്കറ്റ് നേടിയ ബുംറയുടെ ഇക്കോണമി വെറും 6.48 ആണ്. ആധുനിക ക്രിക്കറ്റിലെ നിലവിലെ മികച്ച പേസര്‍മാരിലൊരാളാണ് ബുംറയെന്ന് നിസംശയം പറയാം.

പല ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമായ ബുംറ ഇപ്പോള്‍ തന്നെ ഞെട്ടിച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. 17ാം സീസണിനിടെ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബുംറയുടെ വെളിപ്പെടുത്തല്‍. അത് എബി ഡിവില്ലിയേഴ്‌സോ വിരാട് കോലിയോ സഞ്ജു സാംസണോ റിഷഭ് പന്തോ ഒന്നും അല്ല ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജെപി ഡുമിനിയാണ്. തികച്ചും സര്‍പ്രൈസായ വെളിപ്പെടുത്തലാണ് ബുംറ നടത്തിയിരിക്കുന്നത്.

'ഐപിഎല്ലില്‍ പല വമ്പന്മാരുണ്ടായിരുന്നെങ്കിലും ഡുമിനിക്കെതിരേ പന്തെറിയാനാണ് കൂടുതല്‍ പ്രയാസപ്പെട്ടത്. ഇതിന് കാരണം അദ്ദേഹത്തിന്റെ ഫുട് വര്‍ക്കാണ്. വേഗത്തില്‍ ഫുട് വര്‍ക്ക് ചെയ്യാന്‍ ഡുമിനിക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഏത് ലൈനില്‍ പന്തെറിയണമെന്നത് പെട്ടെന്ന് മനസിലാക്കാനാവില്ല. എന്റെ തുടക്ക സമയത്ത് ഡുമിനിക്കെതിരേ പന്തെറിയാന്‍ നന്നായി പ്രയാസപ്പെട്ടിരുന്നു. ഇപ്പോഴും അദ്ദേഹമാണ് ഞാന്‍ പന്തെറിഞ്ഞതില്‍ ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മാന്‍' ബുംറ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഡുമിനി. ഓള്‍റൗണ്ടറായ താരം 83 മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. 2018ലാണ് അവസാനമായി അദ്ദേഹം കളിച്ചത്. 39ന് മുകളില്‍ ശരാശരിയില്‍ 2029 റണ്‍സാണ് ഡുമിനി ഐപിഎല്ലില്‍ നേടിയത്. ഇപ്പോള്‍ അവതാരകനായി ഡുമിനി പ്രവര്‍ത്തിക്കുന്നുണ്ട്.

jp duminy

ബുംറ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ബൗളറാണ്. എന്നാല്‍ കരിയറിലെ ചില സന്ദര്‍ഭങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ട്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരേ നോബോള്‍ എറിഞ്ഞത് ഇത്തരമൊരു സംഭവമാണ്. മോശം മത്സരങ്ങളില്‍ നിന്ന് കരകയറാന്‍ എന്താണ് ചെയ്യുന്നതെന്നും ബുംറ വെളിപ്പെടുത്തി. അത് ക്രിക്കറ്റിനെക്കുറിച്ചുള്ള ചിന്തകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി കുടുംബത്തോടൊപ്പം കഴിഞ്ഞാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

' സമ്മര്‍ദ്ദം ഉണ്ടാകുമ്പോഴും പ്രകടനം വളരെ മോശമാകുമ്പോഴും ഞാന്‍ ചെയ്യുന്നത് കുടുംബത്തോടൊപ്പം താമസിക്കുകയെന്നതാണ്. ക്രിക്കറ്റിനെക്കുറിച്ചുള്ള ചിന്തകളെല്ലാം ഒഴിവാക്കി കുടുംബത്തോടൊപ്പം സമയം ചിലവിടും. ഇതോടെ സമ്മര്‍ദ്ദം ഒഴിവാകും' ബുംറ പറഞ്ഞു. ടി20യിലെ ഇതിഹാസ താരമായി കരുതുന്നത് ആരെയാണെന്നും ബുംറ വെളിപ്പെടുത്തി. എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍, വിരാട് കോലി തുടങ്ങി മികച്ച ടി20 റെക്കോഡുള്ള പല താരങ്ങളുമുണ്ട്.

എന്നാല്‍ ബൗളറെന്ന നിലയില്‍ താന്‍ ഇതിഹാസമായി കാണുന്നത് ലസിത് മലിംഗയെയാണെന്നാണ് ബുംറ പറയുന്നത്. ശ്രീലങ്കക്കാരനായ മലിംഗ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഐപിഎല്‍ കളിച്ചത്. ബുംറയും മലിംഗയും ചേര്‍ന്ന് ഏറെ നാള്‍ മുംബൈയുടെ ബൗളിങ് നിരയെ നയിച്ചതാണ്. മലിംഗയുടെ യോര്‍ക്കറുകള്‍ ഇന്നും പല ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമാണ്. മുംബൈയുടെ വജ്രായുധമായിരുന്ന മലിംഗ ഇത്തവണ ബൗളിങ് പരിശീലകനായി ടീമിനൊപ്പമുണ്ട്.

ഐപിഎല്‍ 17ാം സീസണിന് ശേഷം ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. ബുംറയുടെ ബൗളിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി ബുംറ തിളങ്ങിയിട്ടുണ്ടെങ്കിലും ഐസിസി ട്രോഫി നേടാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇത്തവണത്തെ ടി20 ലോകകപ്പിലൂടെ ബുംറ ഈ കാത്തിരിപ്പ് അവസാനിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ബുംറയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്ന് നിസംശയം പറയാം.

Story first published: Thursday, May 16, 2024, 17:14 [IST]
Other articles published on May 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+