ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന ഇതിഹാസ നായകന്‍ എംഎസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഈ സീസണില്‍ ഒരു ടീമിനെയും മുന്‍ താരത്തെയും ധോണിയും സിഎസ്‌കെയും സൂക്ഷിക്കണമെന്നാണ് അശ്വിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധോണിയുടെ അവസാനത്തെ ഐപിഎല്‍ കൂടിയായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കിരീടവിജയത്തോടെ രാജകീയമായി തന്നെ പടിയിറങ്ങാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുക.
പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു മുഖ്യ ഉപദേശകനായി മടങ്ങിയെത്തിയിരിക്കുന്ന മുന്‍ നായകന്‍ ഗൗതം ഗംഭീറിനെയാണ് ധോണിയും സംഘവും ഭയക്കണമെന്നു അശ്വിന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ സീസണ്‍ വരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായിരുന്നു ഗംഭീര്‍. എന്നാല്‍ ഈ സീസണിനു മുന്നോടിയായി ലഖ്‌നൗ വിട്ട അദ്ദേഹം കെകെആറില്‍ പുതിയ റോളില്‍ തിരികെയെത്തുകയായിരുന്നു.

നേരത്തേ കെകെറിനെ രണ്ടു തവണ ഐപിഎല്ലില്‍ ചാംപ്യന്മാരാക്കിയ ക്യാപ്റ്റനാണ് ഗംഭീര്‍. ഇത്തവണ പുതിയ റോളില്‍ കൊല്‍ക്കത്തയെ വീണ്ടുമൊരിക്കല്‍ കൂടി വിജയികളാക്കി മാറ്റിയെടുക്കാനാണ് അദ്ദേഹത്തിന്റെ പടയൊരുക്കം. ഗംഭീറിന്റെ സാന്നിധ്യം കെകെആറിനെ വീണ്ടും അപകടകാരികളാക്കി മാറ്റിയിട്ടുണ്ടെന്നും ഇതു സിഎസ്‌കെയുള്‍പ്പെടെയുള്ളവര്‍ക്കു വലിയ ഭീഷണിയുയര്‍ത്തുമെന്നുമാണ് അശ്വിന്റെ വിലയിരുത്തല്‍.
മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്ലില്‍ വര്‍ഷങ്ങളായി സിഎസ്‌കെയുടെ പ്രധാന എതിരാളി. ഇരുടീമുകളും അഞ്ചു ട്രോഫികള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്യുകയാണ്. മുംബൈ തങ്ങളുടെ ആദ്യത്തെ ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയത് യഥാര്‍ഥത്തില്‍ 2013ലായിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ചു കിരീടങ്ങള്‍ അവര്‍ കൈക്കലാക്കുകയും ചെയ്തു. ഓരോ വര്‍ഷം ഇടവിട്ട് അവരാണ് ചാംപ്യന്‍മാരെന്നു ചുരുക്കം. ഇത്തവണ ഗൗതം ഗംഭീറിന്റെ കെകെആറിനെ സിഎസ്‌കെ ഭയക്കണമെന്നും അശ്വിന്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നല്‍കി.
സിഎസ്‌കെയ്ക്കു നേരത്തേ വലിയ ഭീഷണിയുയര്‍ത്തിയിട്ടുള്ളയാളാണ് ഗംഭീര്‍. പ്രത്യേകിച്ചും 2012ല്‍ സിംഎസ്‌കെ ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയപ്പോള്‍ ഗംഭീറിന്റെ കെകെആര്‍ ഇതു തടയുകയായിരുന്നു. അന്നു ഞാന്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുകയും ചെയ്തിരുന്നു. ചെന്നൈയില്‍ നടന്ന ഫൈനലില്‍ ഞങ്ങളുടെ എതിരാളി ഗംഭീറും ടീമുമായിരുന്നു. അന്നു മുതല്‍ സിഎസ്‌കെയുടെ പ്രധാന ഭീഷണികളിലൊന്നായി ഗംഭീര്‍ മാറുകയും ചെയ്തുവെന്നും അശ്വിന്‍ വിലയിരുത്തി.

വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലാത്ത ഗംഭീറിന്റെ പോരാട്ടവീര്യത്തെയും അദ്ദേഹം പ്രശംസിച്ചു. വരൂ നോക്കാമെന്ന് തരത്തില്‍ എന്തിനെയും നേരിടാന്‍ ചങ്കൂറ്റമുള്ളയാളാണ് ഗംഭീര്‍. ഒരിക്കലും അദ്ദേഹം പിറകിലേക്കു പോവാറുമില്ല. ഗംഭീറിന്റെ ഇത്തരമൊരു ചിന്താഗതി എനിക്കു ഇഷ്ടമാണ്.
നിങ്ങള്‍ ഏതെങ്കിലുമൊരു ടീമിന്റെ ഫാനാണെങ്കില്‍ ഗംഭീറിന്റെ ഈയൊരു പെരുമാറ്റ രീതിയെ ഇഷ്ടപ്പെടുകയോ, അംഗീകരിക്കുകയോ ചെയ്യില്ല. പക്ഷെ പുറമെ നിന്നും നിന്നു നോക്കുമ്പോള്‍ ഇതിനെ താന്‍ ഇഷ്ടപ്പെടുന്നതായും അശ്വിന്‍ വ്യക്തമാക്കി.
ഗംഭീറിന്റെ മടങ്ങിവരവ് ഈ സീസണിലെ ഐപിഎല്ലില്‍ കെകെറിനെ കിരീട ഫേവറിറ്റുകളിലൊന്നാക്കി മാറ്റിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കളിക്കളത്തിനകത്തും പുറത്തുമെല്ലാം വളരെ അഗ്രസീവായി പെരുമാറുന്ന ഗംഭീര്‍ കഴിഞ്ഞ ലേലത്തില്‍ മികച്ച ചില കളിക്കാരെ കെകെആറിലെത്തിക്കുകയും ചെയ്തിരുന്നു. ഓള്‍ടൈം റെക്കോര്‍ഡ് തുകയായ 24.75 കോടി രൂപയാണ് ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ വാങ്ങാന്‍ കെകെആര്‍ വാരിയെറിഞ്ഞത്.
എല്‍എസ്ജി വിട്ട് ഗംഭീര്‍ കെകെആറിലെത്തിയിരിക്കുകയാണ്. നേതൃനിരയുടെ പ്രധാന ഭാഗമാണ് അദ്ദേഹം. കെകെആറിന്റെ തലവര മാറ്റുകയും ക്യാപ്റ്റനെന്ന നിലയില്‍ അവര്‍ക്കു രണ്ടു ട്രോഫികള്‍ നേടിക്കൊടുക്കുകയും ചെയ്ത താരമാണ് ഗംഭീര്‍. മൂന്നാം കിരീടമാണ് കെകെആര്‍ ഇത്തവണ ലക്ഷ്യമിടുന്നത്. ഇതു വളരെ അനുയോജ്യമായ സമയവുമാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.