For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈ vs സിഎസ്‌കെ, എല്‍ക്ലാസിക്കോയില്‍ ആര് ജയിക്കും? ഗവാസ്‌കര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരുന്ന എല്‍ക്ലാസിക്കോ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന് വേദിയാവുന്നത് മുംബൈ വാംഖഡെ സ്റ്റേഡിയമാണ്. സിഎസ്‌കെ vs മുംബൈ പോരാട്ടം എല്ലായ്‌പ്പോഴും ആരാധകരെ ആവേശത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയിട്ടുള്ള പോരാട്ടങ്ങളാണ്.

36 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 20 തവണ മുംബൈ ജയിച്ചപ്പോള്‍ 16 തവണയാണ് സിഎസ്‌കെയ്ക്ക് ജയിക്കാനായത്. എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞ ശേഷം കളിക്കുന്ന ആദ്യ എല്‍ക്ലാസിക്കോ പോരാട്ടമാണിത്. മുംബൈയെ അവരുടെ മടയില്‍ വീഴ്ത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പോരാട്ടത്തിന് ആവേശം ഇരട്ടിക്കും. ആരാവും വിജയക്കൊടി പാറിക്കുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഇപ്പോഴിതാ എല്‍ ക്ലാസിക്കോയില്‍ ആര് ജയിക്കുമെന്നതില്‍ തന്റെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. മുംബൈയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയും സിഎസ്‌കെയുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ സിഎസ്‌കെയും ജയിക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. മുംബൈയുടെ തട്ടകത്തിലേക്കെത്തുമ്പോള്‍ മുന്‍തൂക്കം മുംബൈക്ക് തന്നെയാണ്.

ആദ്യത്തെ മൂന്ന് മത്സരത്തിലും തോറ്റ മുംബൈക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ജയിക്കാനായി. വിജയ വഴിയിലേക്ക് മുംബൈ തിരിച്ചെത്തിയതോടെ എതിരാളികളെല്ലാം ഭയപ്പെടണം. നിലവില്‍ മുംബൈയുടെ എല്ലാ താരങ്ങളും ഫോമിലാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് ഗംഭീരമായ തുടക്കം നല്‍കുന്നു. പവര്‍പ്ലേയില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നത് മുംബൈക്ക് കരുത്താവുന്നു.

rohit sharma hardik pandya

സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലേക്ക് മടങ്ങിയെത്തി ഗംഭീര പ്രകടനം നടത്തുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ 17 പന്തിലാണ് താരം ഫിഫ്റ്റി നേടിയത്. സൂര്യകുമാറിന്റെ ബാറ്റിങ് വെടിക്കെട്ടിനെ പിടിച്ചുകെട്ടുകയെന്നതാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ടിം ഡേവിഡ് എന്നിവരും ഫോമിലാണ്. റൊമാരിയോ ഷിഫേര്‍ഡിന് നന്നായി ഫിനിഷ് ചെയ്യാനും സാധിക്കുന്നുണ്ട്.

ജസ്പ്രീത് ബുംറ, ആകാശ് മധ്‌വാള്‍, ജെറാള്‍ഡ് കോയിറ്റ്‌സി എന്നിവര്‍ അണിനിരക്കുന്ന പേസ് നിരയും ശക്തം. ഹാര്‍ദിക് ബുദ്ധിമാനായ നായകനാണ്. എന്നാല്‍ റുതുരാജിനെ മുന്നില്‍ നിര്‍ത്തി ധോണിയൊരുക്കുന്ന പത്മവ്യൂഹത്തെ ഭേദിക്കാന്‍ ഹാര്‍ദിക് പ്രയാസപ്പെടും. സിഎസ്‌കെയുടെ ടീം കരുത്ത് അതി ശക്തമാണെന്ന് പറയാനാവില്ല. റുതുരാജ് ഫോമിലേക്കെത്തിയത് ടീമിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ സചിന്‍ രവീന്ദ്രക്ക് സ്ഥിരതയില്ല.

അജിന്‍ക്യ രഹാനെക്കും ഡാരില്‍ മിച്ചലിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ശിവം ദുബെയുടെ പ്രകടനത്തിലാണ് സിഎസ്‌കെയുടെ പ്രതീക്ഷ. ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താതെ മുംബൈയെ വീഴ്ത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കില്ല. എന്നാല്‍ മുംബൈ ബാറ്റിങ് നിരയെ കുടുക്കാനുള്ള ബൗളിങ് കരുത്ത് സിഎസ്‌കെയ്ക്കുണ്ട്. അതുകൊണ്ടുതന്നെ മുംബൈക്ക് തട്ടകത്തിലും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്.

പവര്‍പ്ലേയില്‍ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്ക് സാധിക്കേണ്ടതായുണ്ട്. രോഹിത്തിനെയും സൂര്യകുമാറിനേയും പൂട്ടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. മുംബൈയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. എത്ര റണ്‍സ് നേടിയാലും പിന്തുടര്‍ന്ന് ജയിക്കാനാവും.

രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞുവീഴ്ച്ചയുമുണ്ടാവും. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റ് ചെയ്യാനാവും കൂടുതലും ടീമുകള്‍ താല്‍പര്യം കാട്ടുക. എന്തായാലും ശക്തരുടെ പോരാട്ടത്തില്‍ തീപ്പൊരി പാറുമെന്നുറപ്പാണ്. മുംബൈക്ക് തട്ടകത്തിലേത് അഭിമാന പോരാട്ടമാണ്.

Story first published: Saturday, April 13, 2024, 17:45 [IST]
Other articles published on Apr 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+