ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ നാളെ ആരംഭിക്കാനിരിക്കെ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയിരിക്കുന്നത്. നായകസ്ഥാനം എംഎസ് ധോണി ഒഴിഞ്ഞെന്നും റുതുരാജ് ഗെയ്ക് വാദിനെ സിഎസ്‌കെയുടെ പുതിയ നായകനായി നിയമിക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗികമായി ടീം അറിയിച്ചത്. പതിവ് പോലെ തികച്ചും അപ്രതീക്ഷിതമായാണ് ധോണിയുടെ തീരുമാനം.
ധോണിയുടെ പടിയിറക്കത്തില്‍ സിഎസ്‌കെ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. ധോണി ഇത്തവണ കൂടി നായകസ്ഥാനത്ത് തുടര്‍ന്ന് കപ്പ് നേടിക്കൊടുത്ത് വിടപറയണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ധോണി നായകസ്ഥാനം ഒഴിഞ്ഞതിനെ ട്രോളുകയാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍. ഇത്തവണ കപ്പ് നേടുക പ്രയാസമാണെന്ന് ധോണിക്ക് മനസിലായെന്നും അതുകൊണ്ടാണ് ധോണി പെട്ടെന്ന് നായകസ്ഥാനം ഒഴിഞ്ഞതെന്നുമാണ് മുംബൈ ആരാധകര്‍ പറയുന്നത്.
ധോണി പേടിച്ചു നായകസ്ഥാനം ഒഴിഞ്ഞതാണെന്നാണ് ആരാധകര്‍ പറയുന്നത്. രവീന്ദ്ര ജഡേജയെ നായകനാക്കിയപ്പോള്‍ സംഭവിച്ചത് വീണ്ടും സിഎസ്‌കെയില്‍ ആവര്‍ത്തിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജഡേജയെ ക്യാപ്റ്റനാക്കിയപ്പോള്‍ സിഎസ്‌കെ ടീം താളം തെറ്റുകയും ടീം ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ഇതേ അവസ്ഥ ഇത്തവണയും ടീമിനെ ബാധിക്കുമെന്നാണ് മുംബൈ ആരാധകര്‍ പരിഹസിക്കുന്നത്.
മുംബൈ ടീം ഇത്തവണ ശക്തമാണ്. കപ്പടിക്കാന്‍ എന്തുകൊണ്ടും കെല്‍പ്പുള്ള നിരയാണ് മുംബൈ. എന്നാല്‍ മതീശ പതിരണക്ക് പരിക്കേറ്റതോടെ സിഎസ്‌കെ ബൗളിങ് ദുര്‍ബലമായിരിക്കുകയാണ്. ഇത് ടീമിനെ ബാധിക്കുമെന്ന് ധോണിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ധോണി പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുംബൈ ആരാധകര്‍ ട്രോളുന്നത്. ധോണി ഇപ്പോള്‍ നായകസ്ഥാനമൊഴിഞ്ഞാല്‍ കപ്പ് നേടി സ്ഥാനമൊഴിഞ്ഞ നായകനായി മാറാം.
എന്നാല്‍ ഇത്തവണ കൂടി നായകസ്ഥാനത്ത് തുടര്‍ന്നാല്‍ ഈ നേട്ടത്തിലേക്ക് ധോണിക്ക് എത്താന്‍ സാധിച്ചേക്കില്ല. ഇതാണ് ധോണി ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. സിഎസ്‌കെയ്ക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. ഡെവോണ്‍ കോണ്‍വേയും പരിക്കേറ്റ് പുറത്തായത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. റുതുരാജ് ഗെയ്ക് വാദ് നായകനാവുമ്പോള്‍ വലിയ സമ്മര്‍ദ്ദം യുവതാരത്തിനുണ്ടാവും. ഇത്തവണയും സിഎസ്‌കെ പ്ലേ ഓഫ് കാണില്ല.

റുതുരാജ് ഗെയ്ക് വാദ് 2019ലാണ് സിഎസ്‌കെയിലേക്കെത്തിയത്. ആദ്യം വലിയ അവസരം ലഭിക്കാതിരുന്ന താരം പിന്നീട് തുടര്‍ച്ചയായി മികവ് കാട്ടി ടീമിലെ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ 52 മത്സരങ്ങള്‍ അദ്ദേഹം സിഎസ്‌കെയ്ക്കായി കളിച്ചിട്ടുണ്ട്. ഇപ്പോള്‍ നായകസ്ഥാനവും റുതുരാജിന് ലഭിച്ചിരിക്കുന്നു. റുതുരാജ് നായകനാണെങ്കിലും ടീമിനെ നിയന്ത്രിക്കുക ധോണിയാവും. ഡമ്മി നായകനാണ് റുതുരാജെന്നാണ് മുംബൈ ഫാന്‍സിന്റെ പരിഹാസം.
ജഡേജയെ ക്യാപ്റ്റനാക്കിയപ്പോഴും ടീമിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ധോണിയാണ്. പേരിന് മാത്രം ജഡേജ നായകനായിരുന്ന അവസ്ഥയായിരുന്നു. ഇത് ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് മുംബൈ ഫാന്‍സ് പറയുന്നത്. എന്തായാലും ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനായി എക്കാലവും ധോണി അറിയപ്പെടും. അഞ്ച് തവണ സിഎസ്‌കെയെ ചാമ്പ്യന്മാരാക്കിയ പെരുമയോടെയാണ് ധോണി സ്ഥാനമൊഴിയുന്നത്. സിഎസ്‌കെയുടെ നിലവാരം അത്യുന്നതങ്ങളിലാണ്.
അതുകൊണ്ടുതന്നെ അനുഭവസമ്പത്തില്ലാത്ത റുതുരാജിനെ ഇത്രയും വലിയ ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ കാര്യങ്ങള്‍ കടുപ്പമായിരിക്കും. ധോണി ഈ സീസണോടെ വിരമിക്കാനാണ് സാധ്യത കൂടുതല്‍. വിരമിച്ചാലും സിഎസ്‌കെ ടീമിനൊപ്പം മറ്റൊരു റോളില്‍ തുടരുമെന്ന് നേരത്തെ തന്നെ ധോണി പറഞ്ഞിട്ടുള്ളതാണ്. പരിശീലകനായിത്തന്നെ ധോണിയെ പ്രതീക്ഷിക്കാം. എന്തായാലും ധോണി നായകസ്ഥാനം ഒഴിഞ്ഞത് സിഎസ്‌കെ ആരാധകരെ നിരാശരാക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ആരാധകരും ധോണിക്ക് ആശംസ നേരുകയാണ്.