ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഇത്തവണ എംഎസ് ധോണിയുടെ അവസാന സീസണായിരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നീളന്‍ മുടിയുമായി ധോണി ഇത്തവണ ഇറങ്ങുന്നതിന്റെ അതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.
സിഎസ്‌കെയുടെ പരിശീലന ക്യാംപ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ശക്തമായ പടയൊരുക്കമാണ് സിഎസ്‌കെ നടത്തുന്നത്. ഇപ്പോഴിതാ നെറ്റ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ധോണി. തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തിയാണ് ധോണി കസറിയിരിക്കുന്നത്. സിഎസ്‌കെയുടെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ പരിക്കിനെത്തുടര്‍ന്ന് 17ാം സീസണില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഓപ്പണര്‍ റോളിലേക്ക് ധോണി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.
ഇത്തവണ പുതിയ റോളിലാണെന്ന് ധോണി വ്യക്തമാക്കിക്കഴിഞ്ഞു. ഇത് ധോണി ഓപ്പണര്‍ റോളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നെറ്റ്‌സിലെ ധോണിയുടെ തകര്‍പ്പന്‍ പ്രകടനം കാണുമ്പോള്‍ ധോണി ഓപ്പണറായിത്തന്നെ ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അവസാന രണ്ട് സീസണിലും ധോണി ബാറ്റിങ് ഓഡറില്‍ വളരെ പിന്നോക്കം പോകുന്നതാണ് കാണാനാവുന്നത്. ഇതില്‍ ധോണി ആരാധകര്‍ നിരാശരായിരുന്നു.
ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു നീക്കത്തിന് അദ്ദേഹം തയ്യാറായേക്കും. സിഎസ്‌കെ ക്യാംപിലേക്ക് ഒട്ടുമിക്ക പ്രധാന ഇന്ത്യന്‍ താരങ്ങളും എത്തിയിട്ടുണ്ട്. അജിന്‍ക്യ രഹാനെയടക്കം പരിശീലന ക്യാംപില്‍ സജീവമായിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന താരമാണ് ദീപക് ചഹാര്‍. എന്നാല്‍ സിഎസ്‌കെ ക്യാംപില്‍ ഇപ്പോള്‍ അദ്ദേഹം സജീവമായിട്ടുണ്ട്.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനിച്ചതിനാല്‍ രവീന്ദ്ര ജഡേജയും അധികം വൈകാതെ സിഎസ്‌കെ ക്യാംപിലേക്കെത്തിയേക്കും. ഇത്തവണ കപ്പടിക്കേണ്ടത് സിഎസ്‌കെയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. നിലവില്‍ അഞ്ച് കിരീടവുമായി സിഎസ്‌കെ മുംബൈ ഇന്ത്യന്‍സിനൊപ്പമാണുള്ളത്. ഇത്തവണ കപ്പടിച്ചാല്‍ മുംബൈയെ മറികടക്കാന്‍ സിഎസ്‌കെയ്ക്കാവും. ഈ സീസണോടെ ധോണി കളി നിര്‍ത്തിയാല്‍ വരുന്ന സീസണ്‍ മുതല്‍ ഉപദേഷ്ടവായി സിഎസ്‌കെ ടീമിനൊപ്പം പ്രതീക്ഷിക്കാം.
ഇക്കാര്യം നേരത്തെ തന്നെ ധോണി വ്യക്തമാക്കിയതാണ്. സിഎസ്‌കെയ്ക്ക് സംതുലിതമായ താരനിരയുണ്ട്. അമ്പാട്ടി റായിഡുവിന്റെ അഭാവം നികത്താന്‍ രണ്ട് സൂപ്പര്‍ താരങ്ങളെ മിനി താരലേലത്തിലൂടെ സിഎസ്‌കെ ഒപ്പം കൂട്ടിയിട്ടുണ്ട്. ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവരാണ് സിഎസ്‌കെയ്ക്ക് ഇത്തവണ കരുത്ത് പകരാനെത്തുന്നത്. രണ്ട് പേരും ക്ലാസിക് താരങ്ങളാണ്. ഇവരുടെ വരവ് സിഎസ്‌കെയ്ക്ക് വളരെയധികം ഗുണം ചെയ്യും.
സിഎസ്‌കെ ബൗളിങ് കരുത്തും ഉയര്‍ത്തിയിട്ടുണ്ട്. മതീഷ പതിരാനയ്‌ക്കൊപ്പം മുസ്തഫിസുര്‍ റഹ്‌മാനെ സിഎസ്‌കെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടെ ടീമിന്റെ ഡെത്തോവര്‍ ശക്തമാവും. ന്യൂബോളില്‍ ദീപക് ചഹാറും തുഷാര്‍ ദെശപാണ്ഡെയുമുണ്ട്. യുവതാരങ്ങളെ നന്നായി ഉപയോഗിക്കാന്‍ ധോണിക്കറിയാം. അതുകൊണ്ടുതന്നെ ഇത്തവണയും സിഎസ്‌കെയ്ക്ക് വലിയ കിരീട സാധ്യതയാണുള്ളത്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കും.
അതുകൊണ്ടുതന്നെ സിഎസ്‌കെ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നിലവിലെ ടീമിനൊപ്പം കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് എല്ലാ ടീമുകള്‍ക്കുമുള്ളത്. ധോണിയുടെ തകര്‍പ്പന്‍ ബാറ്റിങ് ഇത്തവണ കാണാനാവുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ഫിനിഷര്‍ റോളില്‍ സിഎസ്‌കെ പുതിയ താരങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു. ധോണിക്ക് ശേഷം ആര് ടീമിനെ നയിക്കണമെന്നതിന്റെ ഉത്തരവും ഈ സീസണോടെ ടീമിന് കണ്ടത്തേണ്ടതായുണ്ട്. റുതുരാജ് ഗെയ്ക് വാദിന് നായകസ്ഥാനം ലഭിക്കാനാണ് കൂടുതല്‍ സാധ്യത.