ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. പല കാരണങ്ങളാല്‍ ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ എടുത്തു പറയേണ്ടത് ടി20 ലോകകപ്പ് വരാനിരിക്കുന്നു എന്നതാണ്. കൂടാതെ എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന അഭ്യൂഹം നിലനില്‍ക്കുന്നതും ഇത്തവണത്തെ സീസണെ വളരെ പ്രധാനപ്പെട്ടതാക്കുന്നു. നീളന്‍ മുടിയുള്ള ലുക്കിലാവും ധോണി ഇത്തവണ ഐപിഎല്ലിനിറങ്ങാന്‍ സാധ്യത.
ഇതിനോടകം പരിശീലനം ആരംഭിച്ച ധോണി ഇത്തവണ സിഎസ്‌കെയില്‍ പുതിയ റോളിലാവും ഉണ്ടാവുകയെന്ന് വെളിപ്പെടുത്തി എല്ലാവരേയും ആവേശത്തിലാക്കുകയും ചെയ്തു. ഇപ്പോഴിതാ ഐപിഎല്ലിലൂടെ ലഭിച്ച വലിയ അറിവ് എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി. അത് വിദേശ താരങ്ങളുടെ കരുത്തും ദൗര്‍ബല്യവും കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചുവെന്നതാണെന്നാണ് ധോണി പറയുന്നത്. ' ഐപിഎല്‍ നല്‍കുന്ന വലിയ അവസരം വിദേശ താരങ്ങളെ മനസിലാക്കാന്‍ സഹായിക്കുന്നുവെന്നതാണ്.
എതിര്‍ താരങ്ങളോട് വലിയ സൗഹൃദം കാട്ടുകയും സംസാരിക്കുകയും ചെയ്യുന്ന താരമല്ല ഞാന്‍. എന്നാല്‍ ഐപിഎല്ലിലൂടെ ഈ വിദേശ താരങ്ങളോടെല്ലാം സംസാരിക്കാനുള്ള അവസരം ലഭിക്കുന്നു. ക്രിക്കറ്റിനെക്കുറിച്ചുള്ള അവരുടെ ചിന്ത, അവരുടെ സംസ്‌കാരം ഇതെല്ലാം മനസിലാക്കാന്‍ സാധിക്കുന്നു. ഇതൊക്കെയാണ് ഐപിഎല്ലിനെ കൂടുതല്‍ ആവേശകരമാക്കുന്നത്. 2008ലെ സിഎസ്‌കെ ടീം വളരെ സംതുലിതമായിരുന്നു. നിരവധി ഓള്‍റൗണ്ടര്‍മാര്‍ ഒപ്പമുണ്ടായിരുന്നു.
മാത്യു ഹെയ്ഡന്‍, മുത്തയ്യ മുരളീധരന്‍, ജേക്കബ് ഓറം, മഖായ എന്‍ഡിനി, മൈക്ക് ഹസി തുടങ്ങി അനുഭവസമ്പത്തുള്ള താരങ്ങളുടെ കലവറയായിരുന്നു ടീം. ഇവരെയെല്ലാം ഒരു ഡ്രസിങ് റൂമില്‍ ലഭിക്കുമ്പോള്‍ എല്ലാവരെക്കുറിച്ചും മനസിലാക്കുകയെന്നതാണ് വെല്ലുവിളി' ധോണി പറഞ്ഞു. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ധോണിക്ക് സാധിക്കാറുണ്ട്. ക്രിക്കറ്റില്‍ മറ്റാരും ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ പോലും സൂക്ഷ്മതയോടെ നിരീക്ഷിക്കാന്‍ ധോണിക്ക് അസാമാന്യ കഴിവുണ്ട്.

ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച് ടീമിനെ കപ്പിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിക്കാറുണ്ട്. ഇപ്പോഴിതാ നായകനെന്ന നിലയില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചും ധോണി വെളിപ്പെടുത്തി. 'നായകനെന്ന നിലയില്‍ ഒരു ടീമിനെ നയിക്കുമ്പോള്‍ എല്ലാ താരങ്ങളേയും വ്യക്തിപരമായി അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായാണ് കരുതുന്നത്. ഒരു താരത്തെ വ്യക്തിപരമായി മനസിലാക്കിയാല്‍ അവന്റെ കരുത്തും ദൗര്‍ബല്യവും മനസിലാക്കാന്‍ സാധിക്കും.
ഇത് ആ താരങ്ങളെ ഉപയോഗിച്ച് ടീമിനെ നന്നായി നയിക്കാന്‍ സഹായിക്കും' ധോണി പറഞ്ഞു. അവസാന സീസണില്‍ സിഎസ്‌കെയെ കപ്പിലേക്കെത്തിക്കാന്‍ ധോണിക്കായിരുന്നു. ഇത്തവണ ധോണി കളിനിര്‍ത്തുമെന്ന അഭ്യൂഹമാണ് ശക്തമായുള്ളത്. അതുകൊണ്ടുതന്നെ ധോണി കപ്പ് നേടി വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തവണ കൂടുതല്‍. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയ്ക്ക് ആര്‍സിബിയെ തകര്‍ത്ത് തുടങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഓപ്പണറായി ഇത്തവണ ഡെവോണ്‍ കോണ്‍വേ ഉണ്ടാകില്ല. പരിക്കേറ്റ കിവീസ് താരം ഇത്തവണത്തെ ഐപിഎല്‍ കളിക്കില്ലെന്നാണ് വിവരം. ഇത് സിഎസ്‌കെയെ പിന്നോട്ടടിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം രചിന്‍ രവീന്ദ്ര സിഎസ്‌കെയുടെ ഓപ്പണറായി എത്താനാണ് സാധ്യത. ഇത്തവണ കപ്പിലേക്കെത്തിയാല്‍ സിഎസ്‌കെയ്ക്ക് മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീടങ്ങളുടെ റെക്കോഡ് മറികടന്ന് തലപ്പത്തേക്കെത്താനാവും.
ഇത്തവണ സിഎസ്‌കെയുടെ ടീം കരുത്ത് ശക്തമാണ്. എന്നാല്‍ ഭാവി നായകനെക്കുറിച്ചടക്കം ടീമിന് ചിന്തിക്കേണ്ടതായുണ്ട്. ധോണിക്ക് ശേഷം ആരെന്നത് സിഎസ്‌കെയ്ക്ക് മുന്നിലെ വലിയ ചോദ്യമാണ്. ഇതിന് പരിഹാരം കാണേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെയുടെ അടുത്ത നായകനായി എത്തുമെന്നാണ് അഭ്യൂഹം. എന്തായാലും ഈ സീസണിലൂടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.