ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 6 വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 4 വിക്കറ്റിന് 210 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 3 പന്തും 6 വിക്കറ്റും ബാക്കിയാക്കി ജയം നേടുകയായിരുന്നു.
മാര്‍ക്കസ് സ്റ്റോയിണിസിന്റെ (124*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലഖ്‌നൗവിന് ജയം സമ്മാനിച്ചത്. 63 പന്തില്‍ 13 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് സ്റ്റോയിണിസ് പുറത്താവാതെ നിന്നത്. ദീപക് ഹൂഡയും (6 പന്തില്‍ 17*) നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയുടെ തുടക്കം പാളി. സ്‌കോര്‍ബോര്‍ഡില്‍ 4 റണ്‍സുള്ളപ്പോള്‍ അജിന്‍ക്യ രഹാനെയെ (3 പന്തില്‍ 1) സിഎസ്‌കെയ്ക്ക് നഷ്ടമായി. മാറ്റ് ഹെന്‍ റിയുടെ പന്തില്‍ കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് രഹാനെ മടങ്ങിയത്. മൂന്നാം നമ്പറില്‍ ഡാരില്‍ മിച്ചലിനെയാണ് സിഎസ്‌കെ ഇറക്കിയത്. എന്നാല്‍ താരത്തിന് അവസരത്തിനൊത്ത് ഉയരാനായില്ല. 10 പന്തില്‍ 1 ഫോറടക്കം 11 റണ്‍സാണ് മിച്ചലിന് നേടാനായത്.
എന്നാല്‍ ഒരുവശത്ത് നായകന്‍ റുതുരാജ് ഗെയ്ക് വാദ് റണ്‍സുയര്‍ത്തി. നാലാം നമ്പറിലെത്തിയ രവീന്ദ്ര ജഡേജയും മെല്ലെപ്പോക്ക് ബാറ്റിങ് നടത്തി നിരാശപ്പെടുത്തി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാവാതെ താരം പ്രയാസപ്പെട്ടു. 19 പന്തില്‍ 2 ഫോറടക്കം 16 റണ്‍സാണ് ജഡേജക്ക് നേടാനായത്. മൊഹ്‌സിന്‍ ഖാന്റെ പന്തില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ജഡേജ പുറത്തായത്. പിന്നീടൊത്തുകൂടി റുതുരാജും ശിവം ദുബെയും ചേര്‍ന്ന് സിഎസ്‌കെയ്ക്ക് അടിത്തറ പാകി.
ദുബെ അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയപ്പോള്‍ നായകന്റെ ഉത്തരവാദിത്തത്തോടെ പിടിച്ചുനിന്നാണ് റുതുരാജ് കളിച്ചത്. ശിവം ദുബെ 27 പന്തില്‍ 3 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 66 റണ്‍സ് നേടിയാണ് പുറത്തായത്. 244.44 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരം റണ്ണൗട്ടായാണ് പുറത്തായത്. നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ദുബെയുടെ മടക്കം. ഇതിനിടെ റുതുരാജ് സെഞ്ച്വറിയിലേക്കെത്തി. 56 പന്ത് നേരിട്ടാണ് താരം സെഞ്ച്വറി നേടിയത്.
60 പന്ത് നേരിട്ട് 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 108 റണ്‍സോടെ റുതുരാജ് പുറത്താവാതെ നിന്നു. ഒരുവശത്ത് വിക്കറ്റ് വീണപ്പോഴും റണ്‍റേറ്റ് താഴാതെ റുതുരാജ് നടത്തിയ പോരാട്ടമാണ് സിഎസ്‌കെയെ ഗംഭീര ടോട്ടലിലേക്ക് എത്തിച്ചത്. എംഎസ് ധോണി അവസാന പന്തിലാണ് സ്‌ട്രൈക്ക് ചെയ്യുന്നത്. ഈ പന്ത് ബൗണ്ടറി കടത്തിയതോടെ 20 ഓവറില്‍ 4 വിക്കറ്റിന് 210 എന്ന സ്‌കോറിലേക്ക് സിഎസ്‌കെയെത്തി. ലഖ്‌നൗവിനായി മാറ്റ് ഹെന്‍ റി, മൊഹ്‌സിന്‍ ഖാന്‍, യഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് ആദ്യ ഓവറില്‍ത്തന്നെ പ്രഹരമേറ്റു. ക്വിന്റന്‍ ഡീകോക്ക് ഡെക്കിന് പുറത്തായി. ദീപക് ചഹാര്‍ ഡീകോക്കിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. നായകന്‍ കെ എല്‍ രാഹുല്‍ 14 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. ഓരോ സിക്‌സും ഫോറും പറത്തിയ രാഹുലിനെ മുസ്തഫിസുര്‍ റഹ്‌മാനാണ് മടക്കിയത്. ഇംപാക്ട് പ്ലയറായെത്തിയ ദേവ്ദത്ത് പടിക്കല്‍ തീര്‍ത്തും നിരാശപ്പെടുത്തി. 19 പന്തില്‍ 13 റണ്‍സാണ് ദേവ്ദത്തിന് നേടാനായത്.
മതീഷ പതിരാന ദേവ്ദത്തിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ മാര്‍ക്കസ് സ്‌റ്റോയിണസും നിക്കോളാസ് പുരാനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. തല്ലിത്തകര്‍ത്ത പുരാന്‍ 15 പന്തില്‍ 34 റണ്‍സില്‍ നില്‍ക്കവെ പതിരാന പുറത്താക്കി. 3 ഫോറും 2 സിക്‌സുമാണ് പുരാന്‍ നേടിയത്. ദീപക് ഹൂഡ സ്റ്റോയിണസിനൊപ്പം പൊരുതിയതോടെ അവസാന ഓവറില്‍ ലഖ്‌നൗവിന് ജയിക്കാന്‍ 17 റണ്‍സ് എന്ന നിലയിലേക്കെത്തി. അവസാന ഓവറില്‍ തല്ലിത്തകര്‍ത്ത സ്‌റ്റോയിണിസ് ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിച്ചു.
പ്ലേയിങ് 11: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍ (c,wc), മാര്‍ക്കസ് സ്‌റ്റോയിണിസ്, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്‍ റി, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, യഷ് താക്കൂര്‍
സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ദീപക് ചഹാര്‍, തുഷാര്‍ ദെശപാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീഷ പതിരാന