മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണെന്ന് ഐപിഎല്‍ വൃത്തങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണ്‍ എല്ലാ ടീമുകള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്.
10 ടീമുകള്‍ ഇത്തവണയും ശക്തമായ താരനിരയുമായി മത്സരിക്കാനിറങ്ങുകയാണ്. ഇത്തവണ കപ്പ് ആര്‍ക്കാണ്? കിരീട സാധ്യത വിലയിരുത്തി ടീമുകളുടെ റേറ്റിങ് അറിയാം. ഇത്തവണ കിരീട സാധ്യത കൂടുതല്‍ മുംബൈ ഇന്ത്യന്‍സിനാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് ടീമിന് ഇത്തവണ ശക്തമായ താരനിരയാണുള്ളത്. സമീപകാലത്തായി മുംബൈയെ പിന്നോട്ടടിച്ചിരുന്ന കാര്യം മികച്ച ഓള്‍റൗണ്ടറുടേയും പേസര്‍മാരുടേയും അഭാവമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതിന് പരിഹാരമായിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ വരവോടെ മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം മുംബൈ നികത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ മികച്ച ഫോമില്‍ പന്തെറിയുന്നു. ബുംറയോടൊപ്പം ദില്‍ഷന്‍ മധുശന്‍ക, നുവാന്‍ തുഷാര എന്നിവരെല്ലാം വരുമ്പോള്‍ ഇത്തവണ മുംബൈയുടെ ബൗളിങ് കരുത്തും ഉയരും. അതുകൊണ്ടുതന്നെ ഇത്തവണ മുംബൈ കിരീട സാധ്യതയില്‍ മുന്നിലാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികവും മുംബൈക്ക് അത്യാവശ്യമാണ്.
രണ്ടാമത്തെ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരാണ് സിഎസ്‌കെ. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ഇത്തവണയും വലിയ കിരീട പ്രതീക്ഷ നല്‍കുന്നവരാണ്. ഡെവോണ്‍ കോണ്‍വേയുടെ അഭാവം സിഎസ്‌കെയെ പിന്നോട്ടടിക്കില്ല. പകരം രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും സിഎസ്‌കെ നിരയിലുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും വലിയ കിരീട സാധ്യതയാണ് ചെന്നൈക്കുള്ളത്. ഡെത്തോവറിലാണ് സിഎസ്‌കെയ്ക്ക് പ്രശ്‌നമുണ്ടായിരുന്നത്.

ദീപക് ചഹാറിനൊപ്പം മുസ്തഫിസുര്‍ റഹ്‌മാന്റെ വരവ് സിഎസ്‌കെയുടെ ഡെത്തോവര്‍ കരുത്തുയര്‍ത്തും. മതീഷ പതിരാന യോര്‍ക്കറുകളിലൂടെ മത്സരം തിരിച്ചുകൊണ്ടുവരാന്‍ കരുത്തുള്ളനാണ്. ഇതും സിഎസ്‌കെയുടെ കരുത്തുയര്‍ത്തുന്നു. മൂന്നാമത്തെ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ഗൗതം ഗംഭീര്‍ ഉപദേഷ്ടാവായി തിരിച്ചെത്തിയത് കെകെആറിന് വലിയ ഗുണം ചെയ്യും. ശ്രേയസ് അയ്യര്‍ നയിക്കുന്ന കെകെആര്‍ മാച്ച് വിന്നര്‍മാരുടെ നിരയാണ്.
കൊല്‍ക്കത്തയുടെ ബൗളിങ് നിരയായിരുന്നു അല്‍പ്പം പിന്നിട്ട് നിന്നിരുന്നത്. ദുഷ്മന്ത ചമീര, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ സാന്നിധ്യം കെകെആറിന്റെ ശക്തി ഉയര്‍ത്തും. സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, ജേസന്‍ റോയ്, റിങ്കു സിങ്, നിധീഷ് റാണ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരാണ്. അതുകൊണ്ടുതന്നെ കൊല്‍ക്കത്ത ഇത്തവണ കപ്പിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്. നാലാം സ്ഥാനത്തുള്ളത് രാജസ്ഥാന്‍ റോയല്‍സാണ്.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സംതുലിതമായ താരനിരയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് കരുത്തുറ്റ നിരയുണ്ട്. ആവേശ് ഖാന്‍, നവദീപ് സൈനി, സന്ദീപ് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര ശക്തം. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ആദം സാംബ എന്നിവരെല്ലാം സ്പിന്‍ നിരയില്‍ കസറുന്നു.
സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍, ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന രാജസ്ഥാന്‍ നിര കരുത്തുറ്റതാണ്. ഇത്തവണ കപ്പിലേക്കെത്താനുള്ള എല്ലാ സാധ്യതയും രാജസ്ഥാനുണ്ട്. ഈ നാല് ടീമുകള്‍ പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യതയാണ് കൂടുതല്‍.
അഞ്ചാം സ്ഥാനത്ത് ആര്‍സിബിയും ആറാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റന്‍സും ഏഴാം സ്ഥാനത്ത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും സാധ്യത കല്‍പ്പിക്കുന്നു. എട്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒമ്പതാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സും 10ാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റന്‍സുമെത്താനാണ് സാധ്യത.