ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോടെയാവും ഇത്തവണത്തെ ഐപിഎല്‍ ആരംഭിക്കുക. എംഎസ് ധോണിയുടെ അവസാന സീസണാണ് വരാനിരിക്കുന്നതെന്ന അഭ്യൂഹം ശക്തമാണ്. ഇത്തവണ തനിക്ക് പുതിയ റോളാണെന്ന് ധോണി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്.
നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരാണ് സിഎസ്‌കെ. ഇത്തവണയും ശക്തമായ ടീം കരുത്തുള്ള സിഎസ്‌കെ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ ആറാം കിരീട മോഹത്തോടെ ഇറങ്ങുന്ന സിഎസ്‌കെയ്ക്ക് ടൂര്‍ണമെന്റില്‍ ചില അപൂര്‍വ്വ റെക്കോഡുകളുണ്ട്. മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്തതും പെട്ടെന്ന് തകര്‍ക്കാന്‍ സാധിക്കാത്തതുമായ സിഎസ്‌കെയുടെ നാല് വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ റെക്കോഡ് ഏറ്റവും ചെറിയ ടോട്ടല്‍ പ്രതിരോധിച്ചതാണ്. 2009 സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേയാണ് സിഎസ്‌കെയുടെ ഈ നേട്ടം. ആദ്യം ബാറ്റുചെയ്ത സിഎസ്‌കെ 9 വിക്കറ്റിന് 116 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിനെ 8 വിക്കറ്റിന് 92 എന്ന നിലയില്‍ തളക്കാന്‍ സിഎസ്‌കെയ്ക്കായി. 24 റണ്‍സിന് സിഎസ്‌കെ ജയിക്കുകയും ചെയ്തു. ധോണിയുടെ മാസ്മരിക ക്യാപ്റ്റന്‍സിയാണ് ഈ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത്.
മുത്തയ്യ മുരളീധരന്റേയും ആര്‍ അശ്വിന്റേയും തകര്‍പ്പന്‍ ബൗളിങ്ങാണ് സിഎസ്‌കെയ്ക്ക് കരുത്തായത്. രണ്ട് പേരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 20 ഓവറുകള്‍ കളിക്കുന്ന ഐപിഎല്ലില്‍ ഇത്രയും ചെറിയ റണ്‍സ് പ്രതിരോധിക്കുകയെന്നത് വളരെ കടുപ്പമാണ്. ഇനി ആര്‍ക്കെങ്കിലും അതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രണ്ടാമത്തെ കാര്യം തുടര്‍ച്ചയായി കൂടുതല്‍ പ്ലേ ഓഫ് കളിച്ചുവെന്നതാണ്. 10 സീസണുകളില്‍ തുടര്‍ച്ചയായി പ്ലേ ഓഫ് കളിക്കാന്‍ ധോണിക്കും സംഘത്തിനുമായി.

മറ്റ് പല ടീമുകള്‍ക്കും സ്വപ്‌നം കാണാനാവാത്ത നേട്ടമാണിത്. ഈ കാലയളവില്‍ 2010, 2011, 2018 സീസണുകളില്‍ കപ്പടിക്കുകയും അഞ്ച് തവണ റണ്ണറപ്പുകളാവുകയും ചെയ്യാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. 2016ലും 2017ലും വിലക്ക് നേരിട്ട് ടീമിന് പുറത്തുനില്‍ക്കേണ്ടിയും വന്നിട്ടുണ്ട്. അഞ്ച് തവണ കിരീടം ചൂടിയ ടീമാണ് സിഎസ്‌കെ. അവസാന സീസണിലേയും ചാമ്പ്യന്മാര്‍ സിഎസ്‌കെയാണ്. വരുന്ന സീസണില്‍ ആറാം കിരീടത്തിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.
ഏറ്റവും സ്ഥിരതയുള്ള ടീമാണ് സിഎസ്‌കെയെന്ന് പറയാം. 14 സീസണില്‍ 12ലും പ്ലേ ഓഫ് കളിക്കാന്‍ സിഎസ്‌കെയ്ക്കായി. എന്നാല്‍ ഇതുവരെ ഒരു സീസണിന്റെ അവസാന സ്ഥാനക്കാരായി സിഎസ്‌കെ മാറിയിട്ടില്ല. 2022ല്‍ മുംബൈ ഇന്ത്യന്‍സായിരുന്നു പോയിന്റ് പട്ടികയിലെ അവസാനക്കാര്‍. മറ്റ് പല പ്രമുഖ ടീമുകളും ഈ നാണക്കേട് നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അവസാന സ്ഥാനക്കാരായി സിഎസ്‌കെ മാറിയിട്ടില്ല. 2022 സീസണില്‍ ഒമ്പതാം സ്ഥാനക്കാരയതാണ് സിഎസ്‌കെയുടെ ഏറ്റവും മോശം പ്രകടനം.
ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച ടീമെന്ന റെക്കോഡും സിഎസ്‌കെയ്ക്ക് സ്വന്തം. 14 സീസണ്‍ കളിച്ച സിഎസ്‌കെ 10 തവണ ഫൈനല്‍ കളിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഡല്‍ഹി, പഞ്ചാബ്, ആര്‍സിബി, രാജസ്ഥാന്‍, കൊല്‍ക്കത്ത എന്നീ ടീമുകളെയെല്ലാം ചേര്‍ത്താല്‍ 10 ഫൈനലേ കാണാനാവൂ. എന്നാല്‍ സിഎസ്‌കെ ഒറ്റക്ക് 10 ഫൈനല്‍ കളിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സാണ് സിഎസ്‌കെയ്ക്ക് പിന്നാലെയുള്ളവര്‍. നിലവില്‍ മുംബൈയും സിഎസ്‌കെയും 5 കിരീടങ്ങള്‍ വീതമാണ് നേടിയത്.
17ാം സീസണില്‍ ജയിച്ച് ഈ റെക്കോഡില്‍ മുന്നിലെത്താന്‍ സിഎസ്‌കെയും മുംബൈയും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. ആരാവും ഈ നേട്ടത്തിലെത്തുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.